ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ തട്ടിപ്പെന്ന് വീണാ ജോര്‍ജ്ജ്. താന്‍ മൂന്നാമതാകുമെന്ന് പ്രവചിച്ചു: സര്‍വ്വേ ഉഡായിപ്പ് സര്‍വ്വേയെന്ന് മുന്‍ മാധ്യമ പ്രവര്‍ത്തകയായ പത്തനംതിട്ടയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ;നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ആവുന്ന പണിയെല്ലാം അവര്‍ ചെയ്തു.ഇത് കേരളമാണെങ്കില്‍ താന്‍ 75000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റില്‍ എത്തുമെന്നും വീണാ ജോര്‍ജ്ജ് ;സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ച് ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം

17 second read

പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയ പാടേ തന്നെ വിവിധ ചാനലുകള്‍ ജനഹിതം അറിയാന്‍ അഭിപ്രായ സര്‍വേകളുമായി രംഗത്തിറങ്ങിയിരുന്നു. വ്യത്യസ്ത ചാനലുകള്‍ വ്യത്യസ്തമായ രീതിയിലാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത്. ശബരിമല യുവതീപ്രവേശന വിഷയം ഏറ്റവുമധികം സ്വാധീനിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. രാഷ്ട്രീയ നിരീക്ഷകരുടെയാകെ ശ്രദ്ധ ഈ മണ്ഡലത്തില്‍ പതിഞ്ഞിരിക്കുകയാണ്. മണ്ഡലത്തിലെ മത്സരം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണെന്ന് ചില സര്‍വേകളില്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് -എഇസഡ് റിസര്‍ച്ച് പാര്‍ട്‌സണര്‍ സര്‍വേ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി 37 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 35 ശതമാനവും എല്‍ഡിഎഫിന്റെ വീണാ ജോര്‍ജ്ജ് 20 ശതമാനവും വോട്ടുകള്‍ നേടുമെന്നാണ് പ്രവചനം. ഇത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിനെ പ്രകോപിപ്പിച്ചു. ഏഷ്യാനെറ്റ് ചാനലിനെതിരെ പ്രചാരണ യോഗത്തില്‍ വീണ ആഞ്ഞടിച്ചു. പ്രസംഗത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

വീണ ജോര്‍ജിന്റെ പ്രസംഗം ഇങ്ങനെ:

‘ആറന്മുള നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെ ഇറങ്ങിത്തോല്‍പ്പിക്കുമെന്ന് പറഞ്ഞ ചാനലാണ് ഏഷ്യാനെറ്റ്, പക്ഷേ ആറന്മുളയിലെ ജനങ്ങള്‍ അവരെ ഉള്‍പ്പെടെ തോല്‍പ്പിച്ചു. ഏഴായിരത്തി അഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ചരിത്രഭൂരിപക്ഷത്തിന്. ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ ഏഷ്യാനെറ്റിന്റെ ആളുകളോട്, പത്രാധിപരോട് അവരുടെ പത്രാധിപസമിതിയോട് ചോദിക്കുന്നത്, നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായമാണെന്ന് പറയൂ. നിങ്ങള്‍ ഇത് ചെങ്ങന്നൂരില്‍ പറഞ്ഞു, ആറന്മുളയില്‍ പറഞ്ഞു. 2016ല്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരില്ലായെന്നും യുഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നും നിങ്ങള്‍ പറഞ്ഞു. നിങ്ങളെ ജനങ്ങള്‍ തോല്‍പ്പിച്ചു. എഴുപത്തി അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ഇവിടെ വിജയിച്ചിരിക്കും. നിങ്ങളുടെ ഉഡായിപ്പ് ഇവിടെ വിലപ്പോകില്ല. യുപിയില്‍ ആജ്തക്കിനെ കൂട്ടുപിടിച്ച് ബിജെപി ഇത് ചെയ്തതാണ്. ഉത്തര്‍പ്രദേശിലെ അതേ തന്ത്രം കേരളത്തില്‍ അവര്‍ പ്രയോഗിക്കുകയാണ്. നിങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായം പറയൂ. നമ്മള്‍ കമ്യൂണിസ്റ്റുകാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നിങ്ങള്‍ക്ക് അറിഞ്ഞുകൂടായെന്ന് ഏഷ്യാനെറ്റിനോട് ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

യുപിയില്‍ ഇത് പ്രയോഗിച്ചതാണ് ബിജെപി. 2017 ല്‍ മൂന്നാമത് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി ഒന്നാമതാകുമെന്നും ഒന്നാമത് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി മൂന്നാമതാകുമെന്നും പറഞ്ഞുകൊണ്ട് ബിജെപിക്ക് അവിടെ വോട്ടുകൂട്ടുവാന്‍, അവിടെ ആജ്തക് എന്ന് ചാനലുമായി കൂട്ടുപിടിച്ചുകൊണ്ട്, യുപിയില്‍ നടത്തിയ അതേ തന്ത്രം അവര്‍ കേരളത്തില്‍ പ്രയോഗിക്കാന്‍ പോകുകയാണ്. ഇനി ഒരുരസം കൂടിയുണ്ട്. ആറുദിവസം മുമ്ബ ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍ എന്റെ കൂടെ ഓപ്പണ്‍ ജീപ്പില്‍ കയറി. എന്റെ കൂടെ പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ഏഷ്യാനെറ്റിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എന്നോട് പറഞ്ഞു: ഇവിടെ രണ്ടു സ്ഥാനാര്‍ത്ഥികളേയുള്ളു. ഒന്നാമത് നിങ്ങളാണ്..നിങ്ങളാണ് ഒന്നാമത് നില്‍ക്കുന്നത്. രണ്ടാമത് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി…അതാരാണെന്ന ഞാന്‍ പറയുന്നില്ല..മൂന്നാമതൊരു സ്ഥാനാര്‍ത്ഥി പാര്‍ലമെന്റ് മണ്ഡലത്തിലില്ല. അവര്‍ക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ ആളില്ല. അറിയാമല്ലോ. അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആളില്ല.എന്ന് ഏഷ്യാനെറ്റിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആറുദിവസം മുമ്ബ് പറഞ്ഞെങ്കില്‍, കൃത്യം ആറുദിവസത്തിന് ശേഷം അവര്‍ സര്‍വേ റിപ്പോര്‍ട്ട് വിടുകയാണ്. ആലോചിച്ച് നോക്കണം. നിങ്ങള്‍ക്കാര്‍ജ്ജവമുണ്ടെങ്കില്‍ ഏഷ്യാനെറ്റിനോട് ഞാന്‍ പറയുകയാണ്..ജനാധിപത്യവിശ്വാസികള് ഇടതുമുന്നണിക്കൊപ്പമാണ്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍,

പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും. യുപിയില്‍ നിങ്ങള്‍ പയറ്റിയ തന്ത്രം ഇവിടെ വിലപ്പോവില്ല..ഇത് കേരളമാണ്. കഴിഞ്ഞ ദിവസം ഒരമ്മ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്: മോളേ എന്റെ വോട്ട് നിനക്കാണ്..ഞാന്‍ നേരത്തെ കോണ്‍ഗ്രസിന് വോട്ടുചെയ്തുകൊണ്ടിരുന്നതാണ്. പക്ഷേ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടിട്ട് ഞാന്‍ എന്റെ മോളേ കൂടി വിളിച്ചു പറഞ്ഞു..നീയും ഇത്തവണ വോട്ട് എല്‍ഡിഎഫിന് ചെയ്യണമെന്ന്..അതുകൊണ്ട് അവരുടെ തന്ത്രം നമ്മള്‍ക്ക് ഗുണകരമായിട്ടാണ് വരാന്‍ പോകുന്നത്. നമ്മള്‍ കമ്യൂണിസിറ്റുകാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ എന്ന് ഏഷ്യാനെറ്റിനോട് ഞാന് പറയുകയാണ്. അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് ഇത്തവണ വോടട്ടുറപ്പിക്കാന്‍ നമ്മള്‍ കൂടുതല്‍ കരുത്തുറ്റ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്,’

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…