അടൂരില്‍ വാഹന പരിശോധനയില്‍ 7.7 ലക്ഷം രൂപ പിടിച്ചെടുത്തു

16 second read

അടൂര്‍: നിയോജക മണ്ഡലത്തില്‍ ഫ്ളയിംഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 10ന് രാത്രി നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 7.7 ലക്ഷം രൂപ പിടിച്ചെടുത്തു. അടൂര്‍ മുനിസിപ്പല്‍ സെക്രട്ടറി ആര്‍.കെ.ദീപേഷ്, സിപിഒമാരായ സി.എസ്.അനൂപ്, സുധേഷ് എന്നിവരടങ്ങിയ സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. അടൂര്‍ ബൈപാസ് റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് പണം പിടിച്ചെടുത്തത്. കെ എല്‍ 68 – 8975 മാരുതി ഡിസയര്‍ വാഹനത്തില്‍ നിന്നു പിടിച്ചെടുത്ത പണം അടൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കൈമാറി. ട്രഷറിയിലേക്ക് കൈമാറുന്ന പണം ട്രഷറി ചെസ്റ്റില്‍ സൂക്ഷിക്കും. പിന്നീട് ജില്ലാ ഫിനാന്‍സ് ഓഫീസര്‍, ജില്ലാ ട്രഷറി ഓഫീസര്‍, പിഎയു പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ സീഷര്‍ റിലീസ് കമ്മിറ്റി ചേര്‍ന്ന് ഹിയറിംഗ് നടത്തി തീരുമാനമെടുക്കും.
അനധികൃത മദ്യക്കടത്ത്, പണവിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഫ്‌ളയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുള്ളത്. കളക്ടറേറ്റില്‍ ഇതിനോട് അനുബന്ധിച്ച് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ നിയോജകമണ്ഡലങ്ങളിലും ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ് (ഒന്ന് വീതം), ഫ്ളൈയിംഗ് സ്‌ക്വാഡ് (മൂന്ന് വീതം), സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡ് (മൂന്ന് വീതം), വീഡിയോ സര്‍വൈലന്‍സ് സ്‌ക്വാഡ് (ഒന്ന് വീതം), വീഡിയോ വ്യൂവിംഗ് സ്‌ക്വാഡ് (ഒന്ന് വീതം) എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. രേഖകളില്ലാതെ കൈവശം വച്ചിരുന്ന പണം പിടിച്ചെടുത്ത സ്‌ക്വാഡ് പ്രവര്‍ത്തകരെ ജില്ലാകളക്ടര്‍ അഭിനന്ദിച്ചു. കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം വയ്ക്കണമെന്നും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…