10വയസുകാരിക്കൊപ്പം സാഹസിക യാത്ര; 5 വയസുകാരനു ഗുരുതര പരുക്ക്

16 second read

ഷാര്‍ജ: ക്വാഡ് ബൈക്കുകളിലെ സാഹസികയാത്രയില്‍ അതീവജാഗ്രത വേണമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലും അശ്രദ്ധകള്‍ അപകടക്കെണിയൊരുക്കുന്നു. റാസല്‍ഖൈമയില്‍ വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ അഞ്ചുവയസ്സുകാരന് ഗുരുതരമായി പരുക്കേറ്റതാണ് ഒടുവിലത്തെ സംഭവം. പത്തുവയസ്സുകാരിയായ സഹോദരിക്കൊപ്പം യാത്രചെയ്യുമ്പോള്‍ ക്വാഡ് ബൈക്ക് മറിഞ്ഞ് തലയ്ക്കു ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു.

കുട്ടികള്‍ ഹെല്‍മറ്റോ സുരക്ഷാബെല്‍റ്റോ ധരിച്ചിരുന്നില്ല. ഇതിനു മുന്‍പ് ഒരു 15കാരനും ക്വാഡ് ബൈക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. തണുപ്പുകാലത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രിയവിനോദമാണിത്. ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും മരുഭൂമിയില്‍ ക്വാഡ് ബൈക്ക് യാത്രയ്ക്കു പ്രത്യേക പാക്കേജുകളുണ്ട്. ഷാര്‍ജയിലെ അല്‍ ബദയാര്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ ക്വാഡ് ബൈക്കുകളുടെ പ്രധാന കേന്ദ്രമാണ്. രാവിലെ മുതല്‍ രാത്രിവൈകുവോളം ബൈക്കുകള്‍ കുതിച്ചുപായും. വിവിധ പ്രായക്കാര്‍ക്കുള്ള നൂറുകണക്കിനു ക്വാഡ് ബൈക്കുകള്‍ ഇവിടെ ലഭിക്കും.

കുട്ടികള്‍ക്കായി സാധാരണ 50 സിസിയുള്ള ബൈക്കുകളാണ് ഉള്ളത്.90 സിസി മുതല്‍ 330 സിസി വരെയുള്ള കരുത്തന്മാര്‍ മുതിര്‍ന്നവര്‍ക്കായി കാത്തിരിക്കുന്നു. 800 സിസിയുടെ റേസര്‍ ക്വാഡ് ബഗിയാണ് മറ്റൊരു വമ്പന്‍. ആയിരം സിസിക്കു മുകളിലുള്ളവയുമുണ്ട്. കുത്തനെയുള്ള മണല്‍ക്കൂനകള്‍ കീഴടക്കി അതിവേഗം കുതിക്കാന്‍ കഴിയുന്ന ക്വാഡ് ബൈക്കുകള്‍ക്ക് ആരാധകരേറെയാണ്. ആവേശം കൂടുമ്പോള്‍ അനുവദനീയ മേഖലകള്‍ വിട്ട് പലരും പോകുന്നു. അതിവേഗവും അപകട കാരണമാകുന്നു.

നിരീക്ഷണം ശക്തം

ക്വാഡ് യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഡിസംബറില്‍ ഷാര്‍ജ പൊലീസ്പ്രത്യേക നിരീക്ഷണ കേന്ദ്രം ആരംഭിച്ചിരുന്നു. പൊലീസിന്റെ പ്രത്യേക സംഘങ്ങള്‍ മരുഭൂമിയിലെ ഓരോ മേഖലയിലും നിരീക്ഷണം നടത്തുന്നുണ്ട്. വാഹനമോടിക്കാനുള്ള ലൈസന്‍സില്ലാത്തവരെ പിടികൂടൂം.അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളോടെയാണു പൊലീസ് നിരീക്ഷണകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.ജിപിഎസ് സംവിധാനമുള്ള വാഹനങ്ങളിലാകും പട്രോളിങ് സംഘങ്ങള്‍. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരീക്ഷണത്തിനും പൊലീസ് പൂര്‍ണസജ്ജമാണ്. പാതകള്‍, സ്ഥാപനങ്ങള്‍, പ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ക്യാമറയെയും നേരിട്ട് പൊലീസ് ആസ്ഥാനവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. നിയമലംഘനങ്ങള്‍ യഥാസമയം കണ്ടെത്താന്‍ സംവിധാനമുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…