വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ ‘ഡീബ്രീഫിങ്’ തുടങ്ങി

16 second read

ന്യൂഡല്‍ഹി:പാക് പിടിയില്‍നിന്നു മോചിതനായി ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ ‘ഡീബ്രീഫിങ്’ തുടങ്ങി. തനിക്ക് എത്രയുംവേഗം യുദ്ധവിമാനങ്ങള്‍ പറത്തണമെന്ന് വ്യോമസേനയുടെ ഉന്നതരോട് ഞായറാഴ്ച അഭിനന്ദന്‍ പറഞ്ഞതായാണു സൂചന. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശത്രുരാജ്യങ്ങളുടെ പിടിയിലകപ്പെട്ടവര്‍ തിരിച്ചെത്തുമ്പോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമമാണ് ‘ഡീബ്രീഫിങ്’. വ്യോമസേനയുടെ ഇന്റലിജന്‍സ് വിഭാഗമാണ് അഭിനന്ദനുമായി സംസാരിച്ചത്. ഇതോടൊപ്പം വ്യോമസേനയുടെ ഉന്നതരും ഡോക്ടര്‍മാരും ഞായറാഴ്ച അദ്ദേഹത്തെ കണ്ടിരുന്നു. ഇവരോടാണ് കോക്പിറ്റിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്.
അഭിനന്ദന്‍ കോക്പിറ്റിലേക്ക് ഉടന്‍ മടങ്ങിവരുമെന്ന് ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. പാകിസ്താനില്‍ പീഡനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അഭിനന്ദന്‍ വളരെ ആവേശത്തിലാണെന്ന് അവര്‍ വ്യക്തമാക്കി.

മര്‍ദനത്തില്‍ വാരിയെല്ലിനു പരിക്ക്

വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ വാരിയെല്ലുകള്‍ക്ക് ചെറിയ ക്ഷതമുണ്ടെന്ന് എം.ആര്‍.ഐ. സ്‌കാന്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ. റിപ്പോര്‍ട്ടു ചെയ്തു. തകര്‍ന്ന വിമാനത്തില്‍നിന്ന് പാരച്യൂട്ടില്‍ പാക് അധീന കശ്മീരില്‍ ഇറങ്ങിയ അദ്ദേഹത്തെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നു. ഇതാവാം ക്ഷതത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. പാക് സൈന്യം മാനസികമായി പീഡിപ്പിച്ചതല്ലാതെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് അഭിനന്ദന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
രഹസ്യം ചോര്‍ത്താന്‍ പാകിസ്താന്‍ എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും എം.ആര്‍.ഐ. സ്‌കാന്‍ വഴി പരിശോധിച്ചു. എന്നാല്‍, ഒന്നും കണ്ടെത്തിയില്ല. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധന.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…