8:54 am - Saturday May 25, 2019

മലബാര്‍ ഗോള്‍ഡിന്റെ കേരളത്തിലേയും തമിഴ്നാട്ടിലേയും തെലുങ്കാനയിലേയും ഷോ റൂമുകളില്‍ നടന്ന റെയ്ഡില്‍ ശതകോടികളുടെ നികുതി വെട്ടിപ്പ് ആദായ നികുതി വകുപ്പ് കണ്ടെത്തി

Editor

കൊച്ചി: മലബാര്‍ ഗോള്‍ഡിന്റെ കേരളത്തിലേയും തമിഴ്നാട്ടിലേയും തെലുങ്കാനയിലേയും ഷോ റൂമുകളില്‍ നടന്ന റെയ്ഡില്‍ ശതകോടികളുടെ നികുതി വെട്ടിപ്പ് ആദായ നികുതി വകുപ്പ് കണ്ടെത്തിയതായി സൂചന. മൂന്ന് ദിവസമായാണ് വിവിധ ഷോറൂമുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പിലൂടെയാണ് മലബാര്‍ ഗോള്‍ഡ് സാമ്രാജ്യം വളരുന്നതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കോഴിക്കോട്ടെ പ്രധാന ഷോറൂമിലും പരിശോധന നടന്നു. ആദായ നികുതി വകുപ്പിന്റെ കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥരാണ് രാജ്യ വ്യാപക റെയ്ഡിന് നേതൃത്വം കൊടുത്തത്. രേഖകള്‍ വിലയിരുത്തി മാത്രമേ നികുതി വെട്ടിപ്പിന്റെ തോത് തിരിച്ചറിയാന്‍ കഴിയൂവെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
ഹൈദരാബാദിലും റെയ്ഡ് നടന്നു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കോയമ്പത്തൂരില്‍ പുതുതായി തുടങ്ങിയ ഷോ റൂമിലും റെയ്ഡ് നടന്നു. നാല്‍പതിലേറെ ഓഫീസര്‍മാരാണ് ഇവിടേയും പരിശോധനയ്ക്ക് എത്തിയത്. ടാക്സ് വെട്ടിപ്പില്‍ നിര്‍ണ്ണായക വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നവംബറിലാണ് കോയമ്പത്തൂരിലെ ഷോ റൂം ഉദ്ഘാനം ചെയ്തത്. 1993ല്‍ കോഴിക്കോടാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ട് ആരംഭിക്കുന്നത്. പതിയെ ലോകത്തെ ഏറ്റവും പ്രധാന ബ്രാന്‍ഡായി മാറി. 250 ഓളം കടകളും 13,000ത്തോളം ജീവനക്കാരും മലബാര്‍ ഗോള്‍ഡിനുണ്ട്. സ്വര്‍ണ്ണാഭരണങ്ങളുടെ ഡിസൈനും നിര്‍മ്മാണവുമെല്ലാം ഏറ്റെടുത്തു. ഹെഡ് ഓഫീസ് കോഴിക്കോടാണെങ്കിലും ദുബായിലാണ് കോര്‍പ്പറേറ്റ് ഓഫീസ്. കരീന കപ്പൂറും ദുല്‍ഖര്‍ സല്‍മാനും തമ്മനയും അടക്കമുള്ള സൂപ്പര്‍താരങ്ങളാണ് മലബാറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. രണ്ട് ദിവസമായി കോഴിക്കോട് അടക്കം റെയ്ഡ് നടന്നിട്ടും മുഖ്യധാരാ മാധ്യമങ്ങളൊന്നും കേരളത്തിലെ പ്രമുഖ ബ്രാന്‍ഡിനെതിരായ റെയ്ഡ് വാര്‍ത്ത നല്‍കിയിരുന്നില്ല. വന്‍ തോതില്‍ പരസ്യം നല്‍കുന്ന സ്വര്‍ണ്ണവ്യാപാരിയെ പിണക്കാതിക്കാനായിരുന്നു ഇത്.

അശാസ്ത്രീയ നികുതിവ്യവസ്ഥകളും സ്വര്‍ണകള്ളക്കടത്തുമൂലമുള്ള അനാരോഗ്യകരമായ വിലനിര്‍ണയരീതികളും സംസ്ഥാനത്തെ സ്വര്‍ണവ്യാപാരമേഖലയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് പറയുന്നവരാണ് മലബാര്‍ ഗോള്‍ഡ്. മിതമായ നികുതിയാണെങ്കിലേ വെട്ടിപ്പ് തടയാനാകു. ഇതിന് സര്‍ക്കാരുകളും റിസര്‍വ് ബാങ്കും മറ്റ് ബാങ്കുകളുമൊക്കെ ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ച് അഖിലേന്ത്യാതലത്തില്‍തന്നെ സ്വര്‍ണത്തിന് ഏകീകൃത വിലയാക്കണമെന്നും ആവശ്യപ്പെടുന്ന സ്ഥാപനം. സാങ്കേതികവദ്യ വളരുന്നതിനനുസരിച്ചുള്ള കാലോചിത മാറ്റം കൊണ്ടുവരണം. ബില്‍ ചോദിച്ചുവാങ്ങാന്‍ ആളുകള്‍ക്ക് ബോധവല്‍കരണം നടത്തുന്ന സ്ഥാപനമാണ് മലബാര്‍ ഗോള്‍ഡ്. ഇത്തരത്തില്‍ പരസ്യ പ്രചരണം നടത്തുന്ന സ്ഥാപനത്തിലാണ് ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയത്.

25 വര്‍ഷം മുന്‍പു കോഴിക്കോട് പാളയത്ത് 300 ചതുരശ്രയടിയില്‍ തുടക്കമിട്ട മലബാര്‍ ഗോള്‍ഡ് ജൂവലറി, സ്വര്‍ണ വില്‍പനയില്‍ ഇന്നു ലോകത്തിലെ ആദ്യ 5 സ്ഥാനക്കാരിലൊരാളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 85,000 കിലോ സ്വര്‍ണം. ചെയര്‍മാന്‍ എംപി. അഹമ്മദ്, അദ്ദേഹത്തിന്റെ മകനും ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായ ഷംലാല്‍ അഹമ്മദ്, മരുമകനും ഇന്ത്യന്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായ ഒ. അഷര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജൂവലറി, ഭവനനിര്‍മ്മാണം തുടങ്ങിയ വിവിധ മേഖലകളിലായി രജത ജൂബിലി വര്‍ഷത്തില്‍ കുതിപ്പിനൊരുങ്ങുകയാണു മലബാര്‍ ഗ്രൂപ്പ്. ഇതിനിടെയാണ് റെയ്ഡ് വെല്ലുവിളിയായി എത്തുന്നത്.

മലഞ്ചരക്ക് വ്യാപാരം നടത്തിക്കൊണ്ടിരുന്ന അഹമ്മദ് 1990കളുടെ തുടക്കത്തിലാണുസ്വര്‍ണത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി അതിലേക്കു തിരിഞ്ഞത്. മലബാറിന്റെ വാണിജ്യ പാരമ്പര്യവും വിശ്വാസ്യതയും കണക്കിലെടുത്തു ജൂവലറിക്കു ‘മലബാര്‍’ എന്നു പേരു നല്‍കി. 30,000 കോടി വിറ്റുവരവുള്ള സ്ഥാപനമായി മലബാര്‍ ഗ്രൂപ്പ് മാറി. 25,000 കോടിയും സ്വര്‍ണത്തിലൂടെയാണ്. 10 രാജ്യങ്ങളിലായി 250 സ്വര്‍ണക്കടകള്‍. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 500 കടകളാണു ലക്ഷ്യം. 7 പേരുമായി തുടങ്ങിയ സ്ഥാപനത്തില്‍ നിലവില്‍ 2,752 നിക്ഷേപകരുണ്ട്. ജീവനക്കാരില്‍ 20% പേരും നിക്ഷേപകരാണ്.

നേരത്തെ കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ മലബാര്‍ ഗോള്‍ഡിനും ബന്ധമെന്ന് ആരോപണമുയര്‍ന്നിരുന്നു. അന്ന് കോഴിക്കോട് റാം മോഹന്‍ റോഡിലുള്ള ജൂവലറിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്)റെയ്ഡ് നടത്തുകയും സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ഡി.ആര്‍. ഐ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ജെ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലബാര്‍ ഗോള്‍ഡിന്റെ ഓഫീസില്‍ അന്ന് റെയ്ഡ് നടത്തിയത്. മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അഷറഫും കമ്പനി ചാര്‍ട്ടേഡ് അക്കൗണ്ട് ജോജിന്‍ ജോര്‍ജ്ജിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു ഡി.ആര്‍. ഐ സംഘത്തിന്റെ ആ പരിശോധന. സ്വര്‍ണക്കടത്തില്‍ പിടിയിലായ ഷഹബാസ് നേരത്തേ തന്നെ ജൂവലറി ഗ്രൂപ്പിന് സ്വര്‍ണം നല്‍കിയതായി മൊഴി നല്‍കിയിരുന്നു. ഷഹബാസില്‍ നിന്നും പ്രസ്തുത ജൂവലറി ഗ്രൂപ്പ് 10 കിലോയിലധികം സ്വര്‍ണം വാങ്ങിയതായി ജൂവലറി ഗ്രൂപ്പ് ഡയറക്ടര്‍ അഷ്‌റഫ് ഡി.ആര്‍.ഐയോട് സമ്മതിച്ചു.

ഡയറക്ടറുടെ മൊഴി ഡി.ആര്‍.ഐ രേഖപ്പെടുത്തി. കള്ളക്കടത്ത് സ്വര്‍ണമാണെന്ന് അറിയാതെയാണ് വാങ്ങിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. അതുകൊണ്ട് തന്നെ ഈ കേസില്‍ നിന്നും മലബാര്‍ ഗോള്‍ഡ് തലയൂരി. അന്ന് മോഹന്‍ലാല്‍ ജൂവലറിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തേ അമ്മ ഭാരവാഹി ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. അന്ന് ഒരു ഗ്രാം സ്വര്‍ണം പോലും കള്ളക്കടത്തുകാരില്‍ നിന്ന് വാങ്ങിയിട്ടില്ലെന്ന് മലബാര്‍ ഗോള്‍ഡ് അധികൃതര്‍ പ്രതികരിച്ചിരുന്നു. ഷഹബാസ് രക്ഷപ്പെടാനായി തങ്ങളുടെ പേര് പറഞ്ഞതാവുമെന്നും നിയമവിരുദ്ധമായി ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നുമായിരുന്നു മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ അഷറഫിന്റെ പ്രതികരണം. ഇത് മുഖവിലയ്ക്കെടുത്താണ് അന്ന് മലബാര്‍ ഗോള്‍ഡിനെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയത്.

2016ല്‍ ദൃശ്യ മാധ്യമങ്ങളില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നല്‍കിയിരിക്കുന്ന ഒരു പരസ്യം ഏറെ ചര്‍ച്ചയായിരുന്നു. തങ്ങള്‍ ബില്ലില്ലാതെ സ്വര്‍ണം നല്‍കില്ല. ബില്ല് വേണ്ടാ എന്നു പറയുന്നവരോട് ഒരു കാരണവശാലും അങ്ങനെ സ്വര്‍ണം തരാന്‍ പറ്റില്ലെന്ന് പറയുന്നു. തങ്ങള്‍ വെറും 1.25 ശതമാനം മാത്രമേ മൂല്യവര്‍ധിത നികുതി ഈടാക്കുന്നുള്ളൂവത്രേ. മറ്റുള്ളവരൊക്കെ അഞ്ച് മേടിക്കുന്നുണ്ടുപോലും. പരസ്യം കാണുന്നവര്‍ നേരെ മലബാര്‍ ഗോള്‍ഡിലേക്ക് ഓടും. നികുതി വെറും 1.25 ശതമാനം മാത്രം, പോരെങ്കില്‍ കൃത്യമായ ബില്ലും. മലബാറിന്റെ ഈ പരസ്യത്തിലെ പൊള്ളത്തരം പൊളിച്ച് അടുക്കി ഓള്‍ കേരളാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അന്ന് രംഗത്ത് വന്നിരുന്നു.

മലബാറിന്റെ 1.25 ശതമാനം നികുതി പരസ്യത്തിന് പിന്നിലെ യാഥാര്‍ഥ്യം അവര്‍ തന്നെ പറയുന്നു. മലബാര്‍ മാത്രമല്ല, കേരളത്തില്‍ 6000 വരുന്ന സ്വര്‍ണവ്യാപാരികളില്‍ 2800 ഓളം പേര്‍ കോമ്പൗണ്ടിങ് നികുതി അടയ്ക്കുന്നവരാണ്. ഇവര്‍ക്ക് 1.25 ശതമാനം നികുതിയിട്ട് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും. ശേഷിച്ചവരാകട്ടെ അഞ്ചുശതമാനം നികുതിയും നല്‍കുന്നു. ഒരു കടയുടമ അവസാന മൂന്നുവര്‍ഷം അടച്ച മൂല്യവര്‍ധിതനികുതിയില്‍ ഏറ്റവും കൂടിയ തുക എത്രയാണെന്ന് വച്ചാല്‍ അതിന്റെ 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ച് നടപ്പുവര്‍ഷത്തില്‍ അടയ്ക്കുന്നതാണ് കോമ്പൗണ്ടിങ് നികുതി. വാര്‍ഷിക വിറ്റുവരവ് ഇയാള്‍ക്ക് ഒരു പക്ഷേ, മുന്‍വര്‍ഷത്തേക്കാള്‍ കുറവായിരിക്കും. എന്നിരുന്നാലും കോമ്പൗണ്ട് ചെയ്ത നികുതി അടയ്ക്കാന്‍ ഇദ്ദേഹം ബാധ്യസ്ഥനാണ്. ഇതുകൊണ്ട് തലവേദന ഒഴിയുന്നത് വില്‍പന നികുതി ഉദ്യോഗസ്ഥര്‍ക്കാണ്. അവര്‍ക്ക് കൂടെക്കൂടെ കടയില്‍ കയറി നിരങ്ങണ്ട. അടയ്‌ക്കേണ്ട നികുതി കൃത്യമായി ഉടമകള്‍ അടച്ചു കൊള്ളും. ഇങ്ങനെ കോമ്പൗണ്ട് ചെയ്ത് നികുതി അടയ്ക്കുന്ന കൂട്ടത്തിലുള്ളവരാണ് മലബാര്‍ ഗോള്‍ഡ്.
അവര്‍ അതുകൊട്ടിഘോഷിച്ച് പരസ്യമാക്കി ജനത്തെ പറ്റിക്കുകയാണ് ചെയ്തതെന്ന് മലബാര്‍ ഗോള്‍ഡിനെതിരെ ഓള്‍ കേരളാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചിരുന്നു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സി.പി.ഐ ആദ്യപട്ടികയില്‍ മാവേലിക്കരയിലേക്ക് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ: രണ്ട് പ്രാവശ്യം അടൂര്‍ എം. എല്‍. എ. ആയിട്ട് നടക്കാത്ത ‘വികസനം’ മാവേലിക്കരയില്‍ ഉണ്ടാകുമോ?

പത്തനംതിട്ടയില്‍ ചതുഷ്‌കോണ മത്സരത്തിനും സാധ്യത: യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണ: ജനപക്ഷം നേതാവ് പി.സി.ജോര്‍ജും മത്സരിക്കുമെന്ന്:ബിജെപിപി.എസ്. ശ്രീധരന്‍പിള്ളയുടെയും കെ.സുരേന്ദ്രന്റെയും പേര്

Related posts
Your comment?
Leave a Reply

%d bloggers like this: