ഭീകരാക്രമണം: ഐ.എസ്.ഐ.യുടെ പങ്ക് സംശയിച്ച് അമേരിക്കന്‍ വിദഗ്ധര്‍

16 second read

കാബൂള്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനുപിന്നില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ പങ്ക് സംശയിച്ച് അമേരിക്കന്‍ വിദഗ്ധര്‍. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെ.ഇ.എം.) ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഐ.എസ്.ഐ.യുടെ അറിവോടെയാകും ഭീകരാക്രമണമെന്ന വിലയിരുത്തലില്‍ വിദഗ്ധരെത്തിയത്.
ഐ.എസ്.ഐ.യുടെ ആശീര്‍വാദത്തോടെ രൂപംകൊണ്ട സംഘടനയാണ് പാകിസ്താന്‍ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന ജെ.ഇ.എം. ജമ്മുകശ്മീരില്‍ ലഷ്‌കറെ തൊയ്ബയുടെ കാലിടറിയതോടെ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെ.ഇ.എമ്മിനെയാണ് ഭീകരാക്രമണങ്ങള്‍ക്ക് ഐ.എസ്.ഐ. ആശ്രയിക്കുന്നതെന്നാണ് രഹസ്യാന്വേഷണകേന്ദ്രങ്ങള്‍ പറയുന്നത്. അതിനാല്‍ത്തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്വം അവര്‍ സ്വയം ഏറ്റത് ഐ.എസ്.ഐ.ക്കുനേരെയാണ് വിരല്‍ചൂണ്ടുന്നത്.
പാകിസ്താന്‍ പ്രധാനമന്ത്രിപദത്തില്‍ ആറുമാസം തികച്ച ഇമ്രാന്‍ഖാന്‍ നേരിടുന്ന ഗൗരവമേറിയ ആദ്യ വെല്ലുവിളിയാണ് പുല്‍വാമയിലെ ആക്രമണം. ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടും സേനയെ ഉപയോഗിച്ച് ശക്തമായി തിരിച്ചടിച്ചിട്ടും പാകിസ്താന്‍കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ കശ്മീരില്‍ ഇപ്പോഴും സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് പുല്‍വാമയിലെ നരഹത്യയെന്ന് യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ദേശീയ സുരക്ഷാസമിതിയംഗമായിരുന്ന അനീഷ് ഗോയല്‍ പറയുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം തിടുക്കത്തിലേറ്റതോടെ കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് തുടരുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ജെ.ഇ.എം. നല്‍കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ആളിക്കത്തിക്കാനും ഇതിടയാക്കും. കശ്മീരില്‍ ഇപ്പോഴും സജീവമായിരിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ അത് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദമേറ്റുമെന്നും അദ്ദേഹം പറയുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…