സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള രൂക്ഷ വിമര്‍ശനം പോരാഞ്ഞിട്ട് എസ്എഫ്ഐക്കാര്‍ പിള്ളേരുടെ ട്രോള്‍ കോണ്ടസ്റ്റും: സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചെങ്കിലും പത്മവ്യൂഹത്തില്‍ അകപ്പെട്ട് പത്തനംതിട്ടയില്‍ ആന്റോ ആന്റണി: എംപിക്കെതിരേ ട്രോളുകളുടെ പ്രവാഹം: വീണ്ടും സീറ്റ് നല്‍കിയാല്‍ കാലുവാരി തറയില്‍ അടിക്കുമെന്ന് സൂചന നല്‍കി ഡിസിസി നേതൃയോഗവും

21 second read

പത്തനംതിട്ട: സിറ്റിങ് എംപി എന്ന നിലയില്‍ യുഡിഎഫിന്റെ ലോക്സഭാ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരിക്കുകയാണ് ആന്റോ ആന്റണി. പക്ഷേ, ഇദ്ദേഹം നേരിടേണ്ടി വരിക പ്രതിപക്ഷത്തെ മാത്രമല്ല, സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പു കൂടിയാണ്. കെട്ടിയിറക്ക് സ്ഥാനാര്‍ഥി ഇനി ഇവിടെ വേണ്ടെന്ന് പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക്കിന് മൂന്നു നേതാക്കള്‍ കത്തു കൊടുത്തതിന് പിന്നാലെ ഇന്നലെ ചേര്‍ന്ന ഡിസിസി നേതൃയോഗത്തിലും ആന്റോയ്ക്കെതിരേ വിമര്‍ശനം ഉയര്‍ന്നു. ഇതിനിടെയാണ് എംപിക്കെതിരേ ട്രോള്‍ കോണ്ടസ്റ്റുമായി എസ്എഫ്ഐ ജില്ലാ ഘടകം രംഗത്തു വന്നിരിക്കുന്നത്. പത്തനംതിട്ട എംപി മണ്ഡലത്തോട് കാട്ടുന്ന നിഷേധാത്മക-വികസന വിരുദ്ധ സമീപനം എന്നതാണ് ട്രോളിന്റെ വിഷയം. ്എസ്എഫ്ഐ ജില്ലാ കമ്മറ്റിയുടെ ഫേസ് ബുക്ക് പേജില്‍ വേണം ട്രോളുകള്‍ പോസ്റ്റ് ചെയ്യാന്‍. ഫെബ്രുവരി 12 നാരംഭിച്ച് മത്സരം മാര്‍ച്ച് 12 വരെ തുടരും. ആകര്‍ഷമായ ട്രോളുകള്‍ക്ക് സമ്മാനവും നല്‍കും. മത്സരം ആരംഭിച്ചതിന് പിന്നാലെ നൂറു കണക്കിന് ട്രോളുകളാണ് എംപിയെ പരിഹസിച്ചു കൊണ്ടു വന്നിരിക്കുന്നത്. മാര്‍ച്ച് 12 ന് ശേഷം ഏറ്റവും മികച്ചതും ആകര്‍ഷകവുമായ മൂന്നു ട്രോളുകള്‍ക്കാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ട്രോളുകള്‍ എല്ലാം വൈറലാണ്. ഓരോ ട്രോളും കൂരമ്പ് പോലെ എംപിക്കിട്ട് കൊള്ളുമ്പോഴാണ് സ്വന്തം പാര്‍ട്ടിക്കാര്‍ കലാപക്കൊടി ഉയര്‍ത്തി രംഗത്തു വന്നിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ഡിസിസി നേതൃയോഗത്തില്‍ ആന്റോയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ മാസം മുകുള്‍വാസ്നിക്ക് ജില്ലയില്‍ വന്നപ്പോള്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മുന്‍ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഡോ സജി ചാക്കോ എന്നിവര്‍ ആന്റോയെ ഇനി ഇവിടെ മല്‍സരിപ്പിക്കാന്‍ പാടില്ലെന്ന് കാണിച്ച് കത്തു നല്‍കിയിരുന്നു. എന്നാല്‍, അതൊന്ന് മറിച്ചു പോലും നോക്കാതെ സിറ്റിങ് എംപിക്ക് സീറ്റ് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. മണ്ഡലത്തില്‍ തിരിഞ്ഞു നോക്കാത്ത വ്യക്തിയാണ് ആന്റോ എന്നാണ് ഒരു ആക്ഷേപം. ഇത് ഏറെക്കുറെ ശരിയാണ് താനും. തെരഞ്ഞെടുപ്പ് അടുത്തതോടെ നാടിന്റെ മുക്കിനും മൂലയിലുമെല്ലാം ഹൈമാസ്റ്റ്-മിനി ഹൈമാസ്റ്റ് വിളക്കുകള്‍ വാരിക്കോരി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഇതിന് അനുമതി നല്‍കാതെ വന്നതോടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉരസലും ഉണ്ട്. ഇതിനിടെയാണ് എംപിക്കെതിരേ ഒറ്റക്കെട്ടായി ഡിസിസി നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.

https://www.facebook.com/sfipathanamthittadc/

2009 ല്‍ പത്തനംതിട്ട മണ്ഡലം നിലവില്‍ വന്ന കാലം മുതല്‍ കെട്ടിയിറക്ക് സ്ഥാനാര്‍ഥിയായ ആന്റോയാണ് മല്‍സരിക്കുന്നത്. രണ്ടു വട്ടം ജയിച്ചു കഴിഞ്ഞ ആന്റോ മൂന്നാം അങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ്. കെട്ടിയിറക്ക് സ്ഥാനാര്‍ഥിയെ ഇവിടെ മല്‍സരിപ്പിക്കാന്‍ പാടില്ല എന്നായിരുന്നു മൂന്നു നേതാക്കളും നല്‍കിയ കത്തിന്റെയും ഉള്ളടക്കം. ആന്റോ ആന്റണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെകെ ഷാജു തുടങ്ങിയ കെട്ടിയിറക്ക് സ്ഥാനാര്‍ഥികള്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സാധ്യതകള്‍ അപഹരിക്കുന്നുവെന്ന സൂചനയാണ് മൂന്നു പേരുടെയും കത്തുകളിലുണ്ടായിരുന്നത്. അടൂരില്‍ നിന്ന് മൂന്നു തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയിലേക്ക് മല്‍സരിച്ചു വിജയിച്ചു. അവസാനം അടൂര്‍ സംവരണ മണ്ഡലമായപ്പോള്‍ ഇട്ടേച്ച് കോട്ടയത്തിന് പോയി. അതു പോലെയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ കാര്യം.

ജില്ലയ്ക്ക് സ്വന്തമായി ഒരു മണ്ഡലം രൂപീകൃതമായപ്പോള്‍ നിരവധി നേതാക്കള്‍ ഈ സീറ്റില്‍ കണ്ണു വച്ചു. പരമ്പരാഗത യുഡിഎഫ് മണ്ഡലമായ ഇവിടെ ആരു നിന്നാലും വിജയിക്കുമെന്ന അവസ്ഥയായിരുന്നു. 2009 ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ ആദ്യം മല്‍സരിക്കാനുള്ളവരുടെ കൂട്ടത്തില്‍ പീലിപ്പോസ് തോമസ്, പി. മോഹന്‍രാജ് എന്നിവരുടെ പേരാണ് ഉയര്‍ന്നു കേട്ടത്. പക്ഷേ, അവസാന നിമിഷം ആന്റണിയുടെ ഒത്താശയോടെ ആന്റോ സ്ഥാനാര്‍ഥിയായി. ഒരു ടേമില്‍ മാത്രമേ ആന്റോ മല്‍സരിക്കൂവെന്നായിരുന്നു കെപിസിസി ഉറപ്പു കൊടുത്തത്. 2014 ല്‍ വീണ്ടും കളം മാറി. ആന്റോ തന്നെ മല്‍സരിക്കാന്‍ വന്നു. ഇതില്‍ പ്രതിഷേധിച്ച് എഐസിസി അംഗം പീലിപ്പോസ് തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. ആന്റോയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തില്‍ നിന്ന് അരലക്ഷമായി കുറയുകയും ചെയ്തു. ഇതൊരു സൂചനയാണെന്ന് നേതാക്കള്‍ പറയുന്നു. ഇക്കുറി ആന്റോയ്ക്ക് വീണ്ടും സീറ്റു നല്‍കിയാല്‍ പരാജയപ്പെടുത്താനുള്ള നീക്കവും അണിയറയില്‍ സജീവമാണ്. 40,000 ആന്റോ വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകളാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ളയാളാണ് മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്. മുന്‍പ് പത്തനംതിട്ട നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ തയാറെടുത്ത് പോസ്റ്റര്‍ വരെ ഒട്ടിച്ചു. അവസാന നിമിഷം കെകെ നായര്‍ക്ക് വേണ്ടി മാറിക്കൊടുത്തു. അടുത്ത തവണ സീറ്റ് ലഭിക്കുമെന്ന ഉറപ്പിലായിരുന്നു അത്. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ ഡിഐസിയുമായുള്ള നീക്കു പോക്കിന്റെ പേരില്‍ ശിവദാസന്‍ നായര്‍ക്ക് പത്തനംതിട്ട കൊടുത്തപ്പോള്‍ മോഹന്‍രാജ് വീണ്ടും കളത്തിന് പുറത്തായി. പിന്നെയാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം രൂപീകൃതമായത്. അന്ന് സീറ്റ് മോഹന്‍രാജ് ഉറപ്പിച്ചപ്പോഴാണ് ആന്റോ എത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…