കെ.എസ്.സി.എ മന്നം ജയന്തി ആഘോഷം ‘ഹരിഹരലയം’ നടന്നു

19 second read

മനാമ: കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ ‘ഹരിഹരലയം’ എന്ന പേരില്‍ മന്നം ജയന്തി ആഘോഷങ്ങളും അവാര്‍ഡ് വിതരണവും നടത്തി. രാജ്യസഭാംഗവും പ്രശസ്ത സിനിമാനടനുമായ സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. ആയിരത്തില്‍ പരം ആളുകള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രസിഡന്റ് പമ്പാവാസന്‍ നായര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സന്തോഷ് സ്വാഗതം പറഞ്ഞു.

ഈ വര്‍ഷത്തെ മന്നം അവാര്‍ഡ് പ്രശസ്ത കവിയും പണ്ഡിതനും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ക്ക് സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എസ്. രമേശന്‍ നായര്‍ 160-ല്‍ പരം സിനിമകള്‍ക്കായി 700-ല്‍ പരം ഗാനങ്ങളും 2000ലധികം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. നിരവധി പദ്യങ്ങള്‍, കവിതാസമാഹാരങ്ങള്‍, നാടകങ്ങള്‍, ബാലസാഹിത്യങ്ങള്‍, ആമുഖങ്ങള്‍, ഉപന്യാസങ്ങള്‍, സീരിയലുകള്‍ എന്നിവ മലയാള സാഹിത്യ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും വിവരിക്കുന്ന ‘ഗുരുപൗര്‍ണമി’ എന്ന പുസ്തകത്തിന് 2018ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ വ്യക്തിയാണ്. 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരംനേടിയിട്ടുണ്ട്.

ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, വെണ്ണിക്കുളംഅവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, നാടകഗാനരചനയ്ക്കുള്ളസംസ്ഥാന അവാര്‍ഡ് എന്നിങ്ങനെ അന്‍പതോളം ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. തിരുക്കുറല്‍, ചിലപ്പതികാരം എന്നീ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തതിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ആദരവ് നേടിയ വ്യക്തിയാണ്. സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍ തമിഴില്‍ നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ അതായത് ശാസ്ത്രം, സാങ്കേതികം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികം, സാമ്പത്തികം, കല, സാഹിത്യം, മാനുഷിക സേവനം തുടങ്ങി വിവിധ മേഖലകളില്‍ നിസ്വാര്‍ഥ സേവനം നടത്തുന്ന പ്രഗത്ഭരായ വ്യക്തികളേയും സ്ഥാപനങ്ങളേയും അവരുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആദരിക്കുവാന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയതാണ് മന്നം അവാര്‍ഡ്. തുടര്‍ച്ചയായി ആറാം തവണയാണ് ഈ അവാര്‍ഡ് നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഡോ. ഗോപാലകൃഷ്ണന്‍,പ്രൊഫ. വി.എന്‍ രാജശേഖരന്‍ പിള്ള, സുരേഷ് ഗോപി, ബാലകൃഷ്ണപിള്ള, മന്മഥന്‍ നായര്‍ എന്നിവര്‍ക്കാണ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. അനില്‍ കുമാര്‍ ചെയര്‍മാനും ദേവദാസ് നമ്പ്യാര്‍, പ്രവീണ്‍ നായര്‍, ശിവകുമാര്‍, അജയ് പി നായര്‍ എന്നിവരടങ്ങുന്ന അഞ്ചംഗകമ്മിറ്റിയാണ് ഈ വര്‍ഷത്തെ മന്നം അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള സ്റ്റാര്‍ ഐക്കണ്‍ പുരസ്‌കാരം പ്രശസ്ത സിനിമാനടന്‍ ജഗദീഷിന് സമ്മാനിച്ചു. 1984ല്‍ ”മൈ ഡിയര്‍ കുട്ടിച്ചാത്തന്‍” എന്ന മലയാളത്തിലെ ആദ്യ 3D സിനിമയിലൂടെ സിനിമാരംഗത്ത് പ്രവേശിച്ച അദ്ദേഹം നാനൂറോളം സിനിമകളില്‍ ഹാസ്യനടനായും സഹനടനായും നായകനായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിലുപരി ഛയാഗ്രാഹകനും, എഴുത്തുകാരനും ഗായകനും പ്രാസംഗികനുമാണ് ഈ ബഹുമുഖ പ്രതിഭ. അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം എന്നീ രംഗങ്ങളിലും കഴിവു തെളിയിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണ് അദ്ദേഹം. നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. സിനിമക്ക് പുറമെ ടെലിവിഷന്‍ രംഗത്തും അനായാസമായ അവതരണ ശൈലി കൊണ്ട് അവിഭാജ്യ ഘടകമായ അദ്ദേഹം നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായും വിധികര്‍ത്താവായും തിളങ്ങിയിട്ടുണ്ട്.

വ്യവസായ പ്രമുഖര്‍ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രവാസി രത്‌ന പുരസ്‌കാരം മിഡില്‍ ഈസ്റ്റിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും പ്രമുഖ നിര്‍മാണ വിദഗ്ധനും ബി.കെ.ജി ഹോള്‍ഡിംഗ് ചെയര്‍മാനുമായ കെ.ജി ബാബുരാജന് സമ്മാനിച്ചു. ബഹ്‌റൈനിലെ ഏറ്റവും പ്രഗല്ഭരായ എന്‍ജിനീയര്‍മാരിലൊരാണ് ബാബുരാജന്‍. ബഹ്‌റൈനില്‍ ഇന്ന് കാണുന്ന ഒട്ടുമിക്ക പ്രധാന കെട്ടിടങ്ങള്‍ക്കും പിറകില്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണ വൈദഗ്ധ്യം കാണാന്‍ കഴിയുമെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. ബഹ്റൈനു പുറമെ ഖത്തറിലും അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നു.

ചടങ്ങില്‍ സംഘടനയുടെ മെമ്പര്‍ഷിപ്പ് ഡയറക്ടറി ജഗദീഷ്, രമേശന്‍ നായര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. സംഘടന രൂപം കൊണ്ട് 36 വര്‍ഷത്തിനു ശേഷം ആദ്യമായി ഇത്തരം ഒരു ഡയറക്ടറി പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് പമ്പാവാസന്‍ നായര്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ ഉതകുന്ന രീതിയില്‍ നവീന സംവിധാനങ്ങളോടു കൂടിയ ഒരു ഇ-ഡയറക്ടറി കൂടി ഇതിന്റെ ഭാഗമായി പ്രകാശനം ചെയ്തു. ചടങ്ങില്‍ മലയാളം പാഠശാലയുടെയും സംസ്‌കൃതം ക്ലാസ്സിന്റെയും അധ്യാപകരെ ഉപഹാരം നല്‍കി ആദരിച്ചു. പ്രശസ്ത പിന്നണി ഗായകരായ ശ്രീനാഥ്, ജാനകിനായര്‍ എന്നിവര്‍ അവതരിപ്പിച്ച സംഗീത നിശയും കോമഡി ആര്‍ട്ടിസ്റ്റ് സുനീഷ് വാരനാട് അവതരിപ്പിച്ച കോമഡി ഷോയും നൃത്യനൃത്തങ്ങളും ചടങ്ങിനു മാറ്റേകി.

ജനറല്‍ കണ്‍വീനര്‍പ്രവീണ്‍ നായര്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, മെമ്പര്‍ഷിപ്പ് ഡയറക്ടറി കണ്‍വീനര്‍ ഹരിദാസ് ബി നായര്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ജയകുമാര്‍ നന്ദി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…