ശബരിമലയിലെ യുവതീപ്രവേശനം: കനകദുര്‍ഗയും ബിന്ദുവും ഇപ്പോള്‍ എവിടെ?

17 second read

ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബിന്ദുവും കനകദുര്‍ഗയും തങ്ങിയത് അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപമുള്ള വീട്ടില്‍. ബിന്ദുവിന്റെ സുഹൃത്തായ ജോണ്‍സന്റെ വീട്ടില്‍ രാവിലെ 10 മണിയോടെയാണ് സ്വകാര്യവാഹനത്തില്‍ ഇരുവരും എത്തിയത്.

കാലടിയില്‍ നിന്ന് ഉള്‍വഴികളിലൂടെ സഞ്ചരിച്ചാണ് അവിടെയെത്തിയത്. യുവതികളെ വീട്ടിലാക്കിയ ശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹായികള്‍ മടങ്ങി. യുവതികള്‍ എത്തുന്നതിനു മുന്‍പ് 9 മണിയോടെ പൊലീസ് വീടിന്റെ പരിസരത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

മൃഗസംരക്ഷണ വകുപ്പില്‍ നിന്നു വിരമിച്ച ജോണ്‍സണ്‍ പരിസ്ഥിതി പ്രവര്‍ത്തകനും ഇടതു സഹയാത്രികനുമാണ്.ജോണ്‍സന്റെ വീട്ടില്‍ യുവതികളെത്തിയ വിവരം ചോര്‍ന്നതോടെ 12.15 ന് പൊലീസ് അകമ്പടിയോടെ യുവതികളെ പുറത്തേക്കു കൊണ്ടുപോയി. ഇതിനു പിന്നാലെ ജോണ്‍സണും വീട്ടുകാരും ഇവിടെനിന്നു മാറി. വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി വീടിനു മുന്നില്‍ തമ്പടിച്ചത് സംഘര്‍ഷസ്ഥിതിയുണ്ടാക്കി. വീടിനു മുന്നില്‍ പ്രതിഷേധിച്ച സമരക്കാര്‍ 10 മിനിറ്റോളം മൂക്കന്നൂര്‍- ഏഴാറ്റുമുഖം റോഡ് ഉപരോധിച്ചു.

ജോണ്‍സന്റെ വീട്ടില്‍ നിന്ന് ഇരുവരും പൊലീസ് ഏര്‍പ്പെടുത്തിയ കാറില്‍ ദേശീയപാതയിലൂടെ ചാലക്കുടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിച്ചതായി സ്ഥിരീകരണമുണ്ടെങ്കിലും തൃശൂര്‍ ഭാഗത്തെത്തിയിട്ടില്ല. പാലിയേക്കര ടോള്‍ പ്ലാസയില്‍ ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം കാവല്‍ നില്‍ക്കുകയും വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്‌തെങ്കിലും യുവതികളെ കണ്ടെത്തിയില്ല.

ഇതിനിടെ, ഇരുവരും കൊരട്ടിയിലെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നു വാര്‍ത്ത പരന്നു. എന്നാല്‍ ഇതു വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് വാഹനത്തില്‍ കൊണ്ടു പോയ ഇരുവരെയും ഇടയ്ക്കുവച്ച് സ്വകാര്യ കാറിലേക്കു മാറ്റി. പൊലീസ് അകമ്പടി അവസാനിപ്പിക്കുകയും െചയ്തു. ചാലക്കുടി പിന്നിട്ടതു സ്‌പെഷല്‍ ബ്രാഞ്ചിന്റെ അറിവോടെയാണെങ്കിലും പിന്നീടു വിവരമില്ല.

താല്‍ക്കാലിക സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയ ശേഷം പുലര്‍ച്ചെ യാത്ര പുനരാരംഭിക്കാനാകും പൊലീസ് പദ്ധതിയെന്നറിയുന്നു. മലപ്പുറത്തേക്കോ കണ്ണൂരിലേക്കോ മാറ്റാനായിരുന്നു ആദ്യം പൊലീസ് പദ്ധതിയിട്ടത്.

എന്നാല്‍, റോഡ് മാര്‍ഗം ഇത്രയും ദൂരം പൊലീസ് അകമ്പടിയില്ലാതെ സഞ്ചരിക്കുന്നത് അപകടകരമാകുമെന്നു വിലയിരുത്തപ്പെട്ടു. കുന്നംകുളത്തും പുഴയ്ക്കലിലും ഷൊര്‍ണൂര്‍ റോഡിലും ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ പരിശോധിച്ചിരുന്നു.

കൊയിലാണ്ടി: എ. ബിന്ദുവിന്റെ പൊയില്‍ക്കാവിലെ വീടിനുനേരെ ആകമണം ഭയന്ന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരിയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അധ്യാപികയായ പത്തനംതിട്ട ളാക്കൂര്‍ സ്വദേശിനിയായ ബിന്ദു ഭര്‍ത്താവ് ഹരിഹരനൊപ്പം പൊയില്‍ക്കാവിലാണു താമസം. വീട്ടില്‍ ഇപ്പോള്‍ ആരുമില്ല. ഹരിഹരന്‍ സിപിഐ എംഎല്ലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

കനകദുര്‍ഗയുടെ ഭര്‍ത്താവിനെ മാറ്റിപ്പാര്‍പ്പിച്ചു

മലപ്പുറം: കനകദുര്‍ഗയുടെ ഭര്‍തൃവീട്ടിലും കുടുംബ വീട്ടിലും പൊലീസ് കാവല്‍. അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയ പൊലീസ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇവിടേക്ക് നടത്തിയ പ്രതിഷേധ പ്രകടനം വീടിനു സമീപം പൊലീസ് തടഞ്ഞു.

കനകദുര്‍ഗയുടെ അരീക്കോട്ടെ കുടുംബവീട്ടിലും പൊലീസ് സുരക്ഷ ഒരുക്കി. അമ്മയും സഹോദരനുമാണ് ഇവിടെ താമസം. ശബരിമല ദര്‍ശനത്തിനായി കഴിഞ്ഞമാസം 21ന് അങ്ങാടിപ്പുറത്തു നിന്നു പുറപ്പെട്ട കനകദുര്‍ഗ പിന്നീട് ഇവിടേക്കു തിരിച്ചെത്തിയിരുന്നില്ല. മക്കളെ ഇതിനു മുന്‍പ് മഞ്ചേരിയിലെ സഹോദരിയുടെ വീട്ടിലേക്കു മാറ്റിയിരുന്നു. ആനമങ്ങാട് മാവേലി സ്റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയാണ് കനകദുര്‍ഗ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…