മലപ്പുറം ജില്ലാ കലക്ടറേറ്റില്‍ ജോലി ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെതിരേ ഗുരുതരമായ ആരോപണം ഉയരുന്നു

16 second read

മലപ്പുറം: ജില്ലാ കലക്ടറേറ്റില്‍ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനെതിരേ ഗുരുതരമായ ആരോപണം ഉയരുന്നു. ക്വാറി മാഫിയയുടെ ഏജന്റായി പ്രവര്‍ത്തിച്ച് വന്‍തുക അനധികൃതമായി സമ്പാദിക്കുന്നുവെന്നും ഒത്താശ ചെയ്യാത്ത ജീവനക്കാരെ സ്ഥലം മാറ്റിയും പ്രതികാര നടപടി എടുത്തും ദ്രോഹിക്കുന്നുവെന്നാണ് പരാതി. ഭരിക്കുന്നത് എല്‍ഡിഎഫോ യുഡിഎഫോ ആകട്ടെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇയാള്‍ ഉണ്ടാകും. എല്‍ഡിഎഫാണ് ഭരണത്തിലെങ്കില്‍ സിപിഐയുടെ സര്‍വീസ് സംഘടനയിലാകും ഇയാളെ കാണുക. ഇനി ഭരണം മാറി യുഡിഎഫ് വന്നാലോ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത് മുസ്ലിംലീഗിന്റെ സര്‍വീസ് സംഘടനയിലാണ്. ഇതു കാരണം എപ്പോഴും ഭരണത്തിന്റെ സംരക്ഷണം ഇയാള്‍ക്ക് ലഭിക്കും. ഈ ആനുകൂല്യം മറയാക്കിയാണ് കലക്ടറേറ്റ് ഭരണത്തില്‍ സ്വേച്ഛാധിപത്യപരമായ ഇടപെടല്‍ നടത്തുന്നത്.

ക്വാറി മാഫിയയുടെ സ്വന്തക്കാരന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പെരിന്തല്‍മണ്ണ താലൂക്കിലെ പല അനധികൃത ക്വാറിക്കും അനുമതി നല്‍കുന്നതിന് വേണ്ടി നേരിട്ട് ജില്ലാ കലക്ടറെ വിളിച്ചു വിരട്ടുകയാണെന്നാണ് പരാതി. മിച്ചഭൂമി സര്‍വേ നമ്പരിലുള്ള സ്ഥലമാണെന്നും അവിടെ ക്വാറിക്ക് അനുമതി നല്‍കാന്‍ പറ്റില്ലെന്നും റിപ്പോര്‍ട്ട് എഴുതിയ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി. ഇവിടെ ക്വാറിക്ക് അനുമതി നല്‍കാന്‍ അവിഹിതമായ ഇടപെടല്‍ നടത്തുകയും ചെയ്തുവെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. അനധികൃതമായി അനുവദിച്ച ക്വാറിയില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടി. ഈ സംഭവം മൂടിവയ്ക്കാനുള്ള ശ്രമവും ഉന്നതന്റെ ഭാഗത്തു നിന്നുമുണ്ടായി. കാലങ്ങളായുള്ള അനധികൃത സ്വത്തു സമ്പാദനത്തിന്റെ കഥകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. പെരിന്തല്‍മണ്ണ ടൗണിലെ പല കെട്ടിടങ്ങളുടെയും ഉടമസ്ഥവകാശം ഇയാള്‍ക്കാണ്. പക്ഷേ, ബിനാമികളെയാണ് ഉടമകളാക്കി അവതരിപ്പിക്കുന്നത്. വാടക ഇയാള്‍ നേരിട്ട് പിരിക്കുകയും ചെയ്യും. വയല്‍ നികത്തി കരഭൂമിയാക്കി അത് വില്‍ക്കുന്നതിനുള്ള നടപടിയും ഇദ്ദേഹം നേരിട്ട് നടത്തും. ഇദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് യാതൊരു മറയുമില്ലെന്നാണ് കലക്ടറേറ്റിലെ ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. വയല്‍ നികത്തലിന് മണ്ണുമാഫിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. പാടം നികത്തിയ വാഹനം പിടിച്ചെടുത്ത വില്ലേജ് ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തുകയും സ്ഥലം മാറ്റുകയും ചെയ്തുവെന്നും ആക്ഷേപം ഉണ്ട്.

കുഴല്‍പ്പണ ഇടപാടിലും ഇയാളുടെ പേര് ഉയര്‍ന്നു വന്നിട്ടുണ്ട്. കേരളത്തിന് പുറത്ത് ഭൂമി വാങ്ങുന്നവര്‍ക്ക് കര്‍ഷകനാണ് എന്ന സര്‍ട്ടിഫിക്കറ്റ് താലൂക്ക് ഓഫീസ് രജിസ്റ്ററില്‍ നമ്പറിടാതെ സീലും വച്ച് നല്‍കിയതിന്റെ വിവരങ്ങളും പുറത്തു വരുന്നുണ്ട്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്ന് ആഘോഷങ്ങളുടെ ചെലവിനെന്ന് പറഞ്ഞ് ഓരോ വില്ലേജ് ഓഫീസര്‍മാര്‍ക്കും 5000 രൂപ വീതം പിരിച്ചു നല്‍കാന്‍ നിര്‍ദേശം കൊടുക്കാറുണ്ട്. ഇങ്ങനെ പിരിച്ചെടുക്കുന്ന ലക്ഷങ്ങളില്‍ വെറും 10,000 രൂപ കലക്ടറേറ്റിലേക്ക് നല്‍കിയതായും ജി സെക്ഷനില്‍ ഫയല്‍ രേഖകളുണ്ട്. പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസിലെ ഒരു ജീപ്പ് ലേലം നടത്താതെ സുഹൃത്തും കൂട്ടാളിയുമായ ഒരു പ്രമുഖന് മറിച്ച് വിറ്റത് ഓഫീസിലെ ജീവനക്കാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലേലം നടന്നുവെന്ന കൃത്രിമമായി ഫയല്‍ ഉണ്ടാക്കി. പെരിന്തല്‍മണ്ണ ആര്‍ഡി ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായിരുന്ന സമയത്ത് 20 സെന്റില്‍ താഴെ വരുന്ന ഓഫീസ് കോമ്പൗണ്ട് കാടുവെട്ടാനെന്ന് പറഞ്ഞ് സര്‍ക്കാരില്‍ നിന്ന് ഒന്നര ലക്ഷം രൂപ വൗച്ചര്‍ എഴുതി പണം തട്ടിയെടുത്തു.

ഓഫീസിന് മുന്‍വശത്തെ റവന്യുഭൂമിയില്‍ പാട്ട നിയമം പ്രകാരം ചെയ്യാതെ, തുണിക്കടയുടെ ബോര്‍ഡ് അനധികൃതമായി സ്ഥാപിക്കാന്‍ മൗനാനുവാദം നല്‍കി ഒരു ലക്ഷം പ്രതിഫലം പറ്റി. വില്ലേജ് ഓഫീസര്‍ ബോര്‍ഡ് മാറ്റാന്‍ വന്നപ്പോള്‍ ഭീഷണിപ്പെടുത്തിയത് അന്ന് വിവാദമായിരുന്നു. ഇദ്ദേഹത്തിന് സഹായിയായി ഒരു മുന്‍ എസ്പിയും പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയുന്നു. ഇയാളുടെ അഴിമതിക്കെതിരേ തെളിവു സഹിതം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. വകുപ്പ് ഭരിക്കുന്ന സിപിഐയാണ് ഇയാളെ രക്ഷിക്കുന്നത് എന്നാണ് ആക്ഷേപം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…