നൂറുകണക്കിന് നിക്ഷേപകര്‍ക്ക് മടക്കി നല്‍കാനുള്ളത് 80 കോടിയോളം രൂപ :ഓമല്ലൂര്‍ ആസ്ഥാനമായ തറയില്‍ ഫിനാന്‍സ് പ്രതിസന്ധിയില്‍:കുടുംബാംഗങ്ങളും അടക്കം ഒളിവില്‍പ്പോയെന്ന് നിക്ഷേപകരുടെ പരാതി

17 second read

പത്തനംതിട്ട: വസ്തു വിറ്റു കിട്ടിയ 35 ലക്ഷം നിക്ഷേപിച്ച നന്നുവക്കാട് സ്വദേശി, 60 ലക്ഷം ഇട്ട പത്തനംതിട്ടയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ, 10 ലക്ഷം കിട്ടാനുള്ള അടൂര്‍ സ്വദേശി, 30 ലക്ഷം കിട്ടാനുള്ള പത്തനംതിട്ട സ്വദേശി…പോപ്പുലര്‍ ഫിനാന്‍സിന് പിന്നാലെ മറ്റൊരു ധനകാര്യ സ്ഥാപനം കൂടി പ്രതിസന്ധിയിലാകുമ്പോള്‍ മുകളില്‍ പറഞ്ഞവരെപ്പോലെ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് തിരിച്ചു കിട്ടാനുള്ളത് 80 കോടിയോളം രൂപ. ഉടമയും കുടുംബാംഗങ്ങളും അടക്കം ഒളിവില്‍പ്പോയെന്ന് നിക്ഷേപകരുടെ പരാതി. ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫിനാന്‍സാണ് തകര്‍ച്ച അഭിമുഖീകരിക്കുന്നത്.

പത്തനംതിട്ട, അടൂര്‍, പത്തനാപുരം, ഓമല്ലൂര്‍ എന്നിവിടങ്ങളില്‍ ബാങ്കിന് ശാഖകളുണ്ട്. നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നായി 80 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, അടൂര്‍ സ്റ്റേഷനില്‍ 10 ലക്ഷം രൂപയുടെ പരാതി മാത്രമാണ് ഇതു വരെ വന്നിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.

ഓമല്ലൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം തകര്‍ച്ചയിലേക്ക് നീങ്ങിയത് കോന്നി വകയാര്‍ കേന്ദ്രീകരിച്ചുള്ള പോപ്പുലര്‍ ഫിനാന്‍സ് പൊട്ടിയതോടെയാണ്. പോപ്പുലര്‍ ഉടമകള്‍ 600 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയതിന് പിന്നാലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ തുടങ്ങിയിരുന്നു. നിക്ഷേപകരുടെ പണം ബാങ്ക് ഉടമകള്‍ മറ്റ് കാര്യങ്ങള്‍ക്ക് മൂലധന നിക്ഷേപമായി നല്‍കിയിരിക്കുകയാണ്. കോവിഡ് മഹാമാരിയും ലോക്ഡൗണും കാരണം ഈ പണം തിരികെ നല്‍കാന്‍ ഇവര്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 12 മുതല്‍ 15 ശതമാനം വരെ പലിശയാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. ഇതു കാരണം നിരവധി പേര്‍ ഇവിടെ വലിയ തുക നിക്ഷേപം നടത്തുകയും ചെയ്തിരുന്നു.

പോപ്പുലറിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ പണം ആവശ്യപ്പെട്ട് ചെന്ന നിക്ഷേപകരോട് ഉടമകള്‍ തങ്ങളുടെ നിസഹായാവസ്ഥ വ്യക്തമാക്കിയിരുന്നു. വസ്തു വകകള്‍ വിറ്റ് കടം വീട്ടാമെന്നാണ് ഇവര്‍ നല്‍കിയ ഉറപ്പ്. ഇതു കാരണം നിക്ഷേപകര്‍ പരാതി നല്‍കാതെ മടങ്ങി. എങ്കിലും ഇടയ്ക്കിടെ ഉടമകളെ കണ്ട് പണം മടക്കി ചോദിച്ചിരുന്നു.

അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ തനിക്ക് 10 ലക്ഷം കിട്ടാനുണ്ടെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നു. പണം ഉടന്‍ തന്നെ കൊടുത്തു തീര്‍ക്കാമെന്ന് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് പരാതിക്കാരനും പൊലീസും തുടര്‍ നടപടിക്ക് മുതിര്‍ന്നിട്ടില്ല. ഇപ്പോഴത്തെ ലോക്ഡൗണ്‍ വരെ ബാങ്കിന്റെ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഉടമയും കുടുംബവും മുങ്ങിയത് എന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. ബാങ്ക് തുറക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഉടമയുടെ വീട്ടിലെത്തിയെങ്കിലും അടച്ചിട്ടിരിക്കുകയായിരുന്നു. ബാങ്കിലെയും ഉടമയുടെ പഴ്സണലായിട്ടുള്ള ഫോണുകളിലും വിളിച്ചെങ്കിലും എടുത്തില്ല. നാലു ദിവസമായി ഉടമയും കുടുംബവും വീടു പൂട്ടി പോയിരിക്കുകയാണെന്നാണ് അയല്‍വാസികള്‍ നിക്ഷേപകരോട് പറഞ്ഞത്. ഉടമയുടെ ഭാര്യയുടെ പേരില്‍ ഓമല്ലൂരില്‍ ഒരു പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇടയ്ക്ക് ഇതും പൂട്ടിപ്പോയിരുന്നു. ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്ന് പറയുന്നു.

പത്തനംതിട്ട സ്വദേശി തന്റെ നിക്ഷേപം തിരികെ കിട്ടാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബാങ്ക് ഉടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഏപ്രിലില്‍ പണം മുഴുവന്‍ കൊടുത്തു തീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്തു. രേഖാമൂലം നല്‍കിയ ഉറപ്പും പാഴായിരിക്കുകയാണ്.

നന്നുവക്കാട് സ്വദേശി തന്റെ വസ്തു വിറ്റ 35 ലക്ഷം രൂപ ഈ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. പത്തനംതിട്ടയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്നയാള്‍ 60 ലക്ഷം നിക്ഷേപിച്ചു. ഉടമ മുങ്ങിയെന്ന സംശയത്തില്‍ ഇവരെല്ലാവരും ജില്ലാ പൊലീസ് മേധാവിക്ക് ഓണ്‍ലൈനില്‍ പരാതി അയച്ചു.

റോട്ടറി ക്ലബിന്റെ ഭാരവാഹിയായിരുന്നു ബാങ്ക് ഉടമ. ഈ പരിചയം മൂലം ക്ലബ് മെമ്പര്‍മാരില്‍ പലരും ലക്ഷങ്ങള്‍ നിക്ഷേപമായി നല്‍കിയിരുന്നു. ഉടമയുടെ ഇടവകയില്‍ പെട്ടവരും നിക്ഷേപം നടത്തിയിട്ടുണ്ട്. ഉടമ മുങ്ങിയത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…