റാന്നിയില്‍ യുഡിഎഫില്‍ റിങ്കുവിനും എല്‍ഡിഎഫില്‍ പ്രമോദിനും കാലുവാരല്‍ ഭീഷണി: സ്വതന്ത്രന്‍ ബെന്നിക്കും പിന്നില്‍ ഇടതും വലതും നേതാക്കളെന്ന് സൂചന

18 second read

റാന്നി: നിയോജക മണ്ഡലത്തില്‍ ഇടതു-വലതു മുന്നണികള്‍ക്ക് കാലുവാരല്‍ ഭീഷണി. കോണ്‍ഗ്രസ് നേതാവായിരുന്ന ബെന്നി പുത്തന്‍പറമ്പില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നതും ഇരു മുന്നണികള്‍ക്കും തിരിച്ചടിയാകും.

കോണ്‍ഗ്രസില്‍ റിങ്കു ചെറിയാന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാത്ത ഒരു വിഭാഗമുണ്ട്. റിങ്കുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ പരസ്യമായി രംഗത്തു വന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം പ്രചാരണത്തിനുണ്ടെങ്കിലും അണിയറയില്‍ അണ്ടര്‍ ഗ്രൗണ്ട് വര്‍ക്കും നടത്തുന്നുണ്ട്. റാന്നി സീറ്റ് നോക്കി നടന്നിരുന്ന ഭൈമീ കാമുകന്മാര്‍ ഇക്കുറിയും പാലം വലിക്കാനുള്ള സാധ്യത ഏറെയാണ്. സേവാദള്‍ ജില്ലാ ചെയര്‍മാനും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ബെന്നി പുത്തന്‍പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ബെന്നി കോണ്‍ഗ്രസ് വിട്ടത്. ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനില്‍ സ്വതന്രതനായി മത്സരിച്ച ബെന്നി 2500ല്‍പ്പരം വോട്ട് നേടുകയും ചെയ്തു.

ഇടതുസീറ്റ് മാണി കോണ്‍ഗ്രസിന് നല്‍കിയതില്‍ റാന്നിയില്‍ അസംതൃപ്തി പുകയുകയാണ്. തുടര്‍ച്ചയായി 25 വര്‍ഷം ചുവപ്പുകോട്ടയായിരുന്ന റാന്നി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കൈമാറിയതിനെതിരെയാണ് ഇടതുപാര്‍ട്ടികളില്‍ പ്രതിഷേധം കനക്കുന്നത്. കോണ്‍ഗ്രസ് വിമതനെ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പിന്നിലും സിപിഎം പ്രാദേശിക നേതൃത്വം എന്നും സൂചനയുണ്ട്. പ്രതീക്ഷകളെ അട്ടിമറിച്ചു റാന്നിയിലെ സീറ്റു കൈമാറിയെങ്കിലും സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുത്തു തദ്ദേശിയന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു ഇടതു പാളയത്തിലെ കണക്കുകൂട്ടല്‍. എന്നാല്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ മുതല്‍ താഴെത്തട്ടില്‍ വരെയുള്ള പ്രവര്‍ത്തകരെ വരെ നിരാശപ്പെടുത്തിക്കൊണ്ട് ആലപ്പുഴ ജില്ലക്കാരനായ കേട്ടുകേഴ്‌വി പോലും ഇല്ലാത്ത സ്ഥാനാര്‍ത്ഥിയെ ഇറക്കുമതി ചെയ്തതാണ് പാര്‍ട്ടിക്കുള്ളിലെ പ്രാദേശിക കമ്മറ്റികളില്‍ വരെ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും വരെ കാരണമായത്.

ഒരുതവണ ഒഴികെ നാളിതുവരെ ഇടതു വലതു മുന്നണികള്‍ ക്രിസ്ത്യന്‍ സാമുദായിക പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കുകയും മത്സരം മുറുകുമ്പോള്‍ അരമനകളിലെ നീക്കുപോക്കനുസരിച്ചു വോട്ട് മറിയുന്നതുമായിരുന്നു റാന്നിയിലെ പതിവ്. വിജയസാധ്യതയുള്ള .ഇടതു സ്ഥാനാര്‍ഥി ഏതു ഘടക കക്ഷിയുടെ ആളായാലും തങ്ങളുടെ സഭക്കാരനായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന സാമുദായിക നേതാക്കന്മാരും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയുടെ സാനിധ്യം ചൊടിപ്പിച്ചീട്ടുണ്ട്. അഞ്ചു തവണ തുടര്‍ച്ചയായി എം എല്‍ എ ആയിരുന്ന രാജു എബ്രഹാമിന് പകരം വിദ്യാര്‍ത്ഥി യുവജന നേതാവും ഇപ്പോള്‍ പി എസ് സി മെമ്പറും കൂടിയായ റോഷന്‍ റോയ് മാത്യുവിനു സ്ഥാനാര്‍ത്ഥിത്വം ലഭ്യമാകും എന്ന് പ്രതീക്ഷിച്ചിരുന്ന വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും മാണി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ വിമുഖരാണ്.

ബ്ലോക്ക് ,ജില്ലാ പഞ്ചായത്തു രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച നിരവധി പാര്‍ട്ടി നേതാക്കന്‍മാര്‍ രാജു എബ്രഹാം ഒഴിയുന്ന സീറ്റില്‍ കണ്ണുംനട്ടിരിക്കുമ്പോഴാണ് താരതമ്യേന റാന്നിയില്‍ ആള്‍ബലം ഇല്ലാത്ത മാണി ഗ്രൂപ്പിന് സീറ്റു കൈമാറുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു സജീവമായി നിന്നുകൊണ്ടുതന്നെ പിന്‍വാതില്‍ നീക്കുപോക്കിലൂടെ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ തറപറ്റിക്കാനാണ് പാര്‍ട്ടിയിലെ ചില നേതാക്കന്മാരുടെയും,പ്രവര്‍ത്തകരുടെയും രഹസ്യനീക്കം.തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന് എല്ലാക്കാലവും പരിഗണന ലഭിക്കുന്ന റാന്നി മണ്ഡലത്തില്‍ എന്‍ഡിഎ യെ പ്രതിനിധാനം ചെയ്തു മത്സരിക്കുവാന്‍ പി സി തോമസ് വഴി നീക്കം നടത്തികൊണ്ടിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് അവസാന നിമിഷം വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടനയുടെ സ്ഥാനാര്‍ത്ഥിയായി മാറിയത് സി പി എം ജില്ല കമ്മിറ്റി അംഗത്തിന്റെ ഇടപെടല്‍ മൂലമാണെന്ന് പറയപ്പെടുന്നു.

ജില്ലാ കമ്മിറ്റിയംഗം ഇദ്ദേഹത്തിന്റെ വടശേരിക്കരയിലുള്ള ഓഫീസില്‍ എത്തി ചര്‍ച്ച ചെയ്ത തിനു ശേഷമാണ് ബിജെപി സ്ഥാനാര്‍ഥിയോ ,അല്ലങ്കില്‍ കോണ്‍ഗ്രസ് വിമതനോ ആയി മത്സരിക്കാനിരുന്ന ബെന്നി പുത്തന്‍പറമ്പില്‍ ഒ ഐ ഒ പി സ്ഥാനാര്‍ത്ഥിയായി മാറിയത് എന്നുള്ളതാണ് സൂചന.റാന്നി മണ്ഡലത്തില്‍ ഈ സംഘടനയില്‍ ചേര്‍ന്നവര്‍ എല്ലാം കേരളാ കോണ്‍ഗ്രസ് പശ്ചാത്തലം ഉള്ളവരോ നിഷ്പക്ഷ ഇടതു വോട്ട് ബാങ്കുകളോ ആണ്.കുത്തക സീറ്റില്‍ ദൂരദേശത്തുള്ള മാണികോണ്‍ഗ്രസുകാരന്‍ ജയിച്ചുപോയാല്‍ സംഘടനാപരമായി യാതൊരു ഗുണവും ലഭിക്കില്ല എന്നാണ് സി.പി.ഐ യിലെയും സി.പി.എമ്മിലെയും നേതാക്കളുടെയും ,പ്രവത്തകരുടെയും വിലയിരുത്തല്‍. മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകനും എസ് എഫ് ഐ നേതാവും കോളേജ് യൂണിയന്‍ നേതാവും ഒക്കെയായിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്നും മറുകണ്ടം ചാടിയ പ്രമോദ് നാരായണന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതാന് അരിവാള്‍ ചുറ്റിക നക്ഷത്രത്തിനു മാത്രം വോട്ട് കുത്തി ശീലിച്ച റാന്നിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാട്.

പല തവണ വലതുപാളയത്തിലേക്ക് മാറിമറിഞ്ഞ രാഷ്ട്രീയ പാരമ്പര്യം റാന്നിയ്ക്കുണ്ടെങ്കിലും സമീപകാലത്തായി ഇടതുപക്ഷ രാഷ്ട്രീയത്തിന് കൂടുതല്‍ വേരോട്ടമുണ്ടാകുകയും ക്രിസ്ത്യന്‍ പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് പാര്‍ട്ടിക്കനുകൂലമായി ഏകീകരിക്കുവാനും യുവ ജനങ്ങള്‍ കൂടുതലായി ഇടതുപാളയത്തിലേക്ക് ആകൃഷ്ടരാകുകയും സാഹചര്യമാണ് റാന്നിയിലുള്ളതെന്ന് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിത്വം വലിയതോതിലുള്ള വലതുപക്ഷ വ്യതിയാനത്തിന് സാധ്യത ഉണ്ടാക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…