മ്യാന്‍മറിലെ വിവിധ നഗരങ്ങളില്‍ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു

18 second read

യാങ്കൂണ്‍: പട്ടാള ഭരണത്തിനെതിരെ മ്യാന്‍മറിലെ വിവിധ നഗരങ്ങളില്‍ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിതമായ ദിവസമായിരുന്നു ഇന്നലെ. കണ്ടാലുടന്‍ വെടിവയ്ക്കാനാണ് ഉത്തരവ്. യാങ്കൂണിലും മന്‍ഡാലെയിലും അടക്കം വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവില്‍ പ്രതിഷേധം തുടരുകയാണ്. ഒന്നര മാസം പിന്നിട്ട പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു.

മാന്‍ഡലെയില്‍ 5 വയസ്സുള്ള ബാലന്‍ അടക്കം 29 പേരാണു കൊല്ലപ്പെട്ടത്. യാങ്കൂണില്‍ 24 പേരും. ഒരു വയസ്സുള്ള കുഞ്ഞിന്റെ കണ്ണില്‍ റബര്‍ ബുള്ളറ്റേറ്റതായും റിപ്പോര്‍ട്ടുണ്ട്. ‘തലയിലും പുറത്തും’ വെടിയേല്‍ക്കുന്ന സാഹചര്യം സമരക്കാരുണ്ടാക്കിയെന്നാണു സര്‍ക്കാര്‍ ടിവി റിപ്പോര്‍ട്ട്.

വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി. ജനാധിപത്യത്തെ സംരക്ഷിക്കാനാണു കര്‍ശനനടപടികളെന്നും തിരഞ്ഞെടുപ്പു നടത്തുമെന്നും തലസ്ഥാനനഗരമായ നയ്പിഡോയില്‍ നടന്ന സൈനിക പരേഡില്‍ പട്ടാളഭരണത്തലവനായ ജനറല്‍ മിന്‍ ഓങ് ലെയ്ങ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയനും യുഎസും ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെയും ചൈനയുടെയും പിന്തുണ മ്യാന്‍മറിനുണ്ട്. റഷ്യയുടെ ഡപ്യൂട്ടി പ്രതിരോധ മന്ത്രി സൈനിക ദിനാഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനുമടക്കം 8 രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തതായാണു റിപ്പോര്‍ട്ട്. ചൈനയും റഷ്യയും ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങളായതിനാല്‍, ഉപരോധനീക്കം ഉണ്ടായാല്‍ തടയാനും കഴിയും.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂ ചിയുടെ കക്ഷി വന്‍ഭൂരിപക്ഷം നേടിയതു കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ച് ഫെബ്രുവരി ഒന്നിനാണു പട്ടാളം അധികാരം പിടിച്ചത്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…