ആറു മാസം കൊണ്ട് പണി തീര്‍ന്ന കുടിവെള്ളപദ്ധതിയിലൂടെ ആറു വര്‍ഷം കഴിഞ്ഞിട്ടും കുടിവെള്ളമില്ല: ഇതാണ് വികസന നായകന്റെ അടൂര്‍ മോഡല്‍

19 second read

അടൂര്‍: കേവലം ആറു മാസം കൊണ്ട് പൂര്‍ത്തിയായ ഒരു കുടിവെള്ള പദ്ധതി ആറു വര്‍ഷം കഴിഞ്ഞിട്ടും കമ്മിഷന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. വിവിധ വകുപ്പുകള്‍ പരസ്പരം പഴി ചാരുമ്പോള്‍ ആറായിരം കോടിയുടെ വികസനം കൊട്ടിഘോഷിക്കുന്ന എംഎല്‍എയ്ക്കും അനക്കമില്ല. പട്ടികജാതി കോളനികളിലടക്കം കുടിവെള്ളം കിട്ടാതെ നാട്ടുകാര്‍ നെട്ടോട്ടമോടുന്നു.

പള്ളിക്കല്‍ പഞ്ചായത്തിലെ ആറാട്ടുചിറ കുടിവെള്ള പദ്ധതിയുടെ കമ്മിഷനിങാണ് വൈകുന്നത്. 2015 ല്‍ കേന്ദ്രസര്‍ക്കാരിന്റെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം നിര്‍മാണം തുടങ്ങി. നാട്ടുകാര്‍ പിരിവെടുത്ത് നിര്‍മിച്ച സ്ഥലത്ത് ടാങ്ക് നിര്‍മിച്ചു. ആറു മാസം കൊണ്ട് നിര്‍മാണവും പൂര്‍ത്തിയായി. ആറു വര്‍ഷമായിട്ടും കമ്മിഷനിങ് മാത്രം നടന്നില്ല.

വേനല്‍ക്കാലത്ത് ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പള്ളിക്കല്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 23 വാര്‍ഡുകള്‍ക്ക് പ്രയോജനകരമാകുന്നതായിരുന്നു പദ്ധതി.
പ്രദേശത്തെ പട്ടികജാതി കോളനികള്‍ക്ക് ഏറ്റവും ആവശ്യം വേണ്ട പദ്ധതിയാണ് ഇഴയുന്നത്. എസ്റ്റിമേറ്റ് പ്രകാരം എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി എന്ന് വാട്ടര്‍ അതോറിറ്റി പറയുന്നു. പഞ്ചായത്ത് ഏറ്റെടുത്ത് പദ്ധതി പ്രവര്‍ത്തിപ്പിക്കുന്ന മുറക്ക് ഗുണഭോക്താക്കള്‍ക്കു പ്രയോജനം കിട്ടിത്തുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലുണ്ട്.

രണ്ടാം വാര്‍ഡിലെ പൈപ്പ് ലൈന്‍ ഇടാന്‍ ഫണ്ട് ആവശ്യമായതു കൊണ്ടു പദ്ധതി നീണ്ടു പോകുന്നുവെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ശേഷിക്കുന്ന പൈപ്പ് ലൈനിടാന്‍ ജില്ലാ പഞ്ചായത്തംഗം 10 ലക്ഷം രൂപ അനുവദിച്ചതായി പറയുന്നുണ്ട്. നാട്ടുകാര്‍ കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടിയിട്ടും ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് അനക്കമില്ല. വിഷയം ചൂണ്ടിക്കാട്ടി ബിജെപി പള്ളിക്കല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാമാനുജന്‍ കര്‍ത്താ പ്രധാനമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തന ക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് എം.എല്‍.എ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ ധര്‍ണ നടത്തിയിരുന്നു.

ജനപ്രതിനികളുടെ കുറ്റകരമായ അവസ്ഥയാണ് കമ്മിഷനിങ് വൈകാന്‍ കാരണം. കുടിവെള്ള പദ്ധതിയുടെ ഗുണഭോക്തൃ സമിതി കണ്‍വീനറാണ് ഇപ്പോഴത്തെ ഒന്നാം വാര്‍ഡ് അംഗം. വിവിധ വാര്‍ഡ് അംഗങ്ങള്‍, പഞ്ചായത്ത്, എംഎല്‍എ, എംപി എന്നിവരുടെ വീഴ്ച വളരെ വലുതാണ്. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പ്രാണിയുടെ വില പോലും ഇവര്‍ നല്‍കുന്നില്ല. വോട്ട് അടുക്കുമ്പോള്‍ എല്ലാവരും ഓടി വരും. രൂക്ഷമായ മണ്ണെടുപ്പാണ് പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ഒരു പ്രധാന കാരണം.

ആനയടി-കൂടല്‍ റോഡ് പണി നടക്കുന്നതിന്റെ പേരില്‍ വാട്ടര്‍ അതോറിട്ടി പൈപ്പ് ലൈനില്‍ നിന്നുള്ള വെള്ളം പഴകുളം മുതല്‍ പടിഞ്ഞാറോട്ട് ലഭിക്കാതായിട്ട് നാളുകളായി. റോഡ് പണിയോട് അനുബന്ധിച്ച് പൈപ്പ് ലൈന്‍ മാറ്റിയിടുന്നുവെന്ന പേരിലാണ് ഇത് നിര്‍ത്തി വച്ചിരിക്കുന്നത്. റോഡു പണി വല്ലപ്പോഴുമാണ് നടക്കുന്നത്. ഇതു കാരണം വാട്ടര്‍ അതോറിട്ടിയുടെ കുടിവെളള വിതരണം പുനഃസ്ഥാപിക്കാനും കഴിയുന്നില്ല. പത്തനംതിട്ട ജില്ലയില്‍ തന്നെ ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്താണ് പള്ളിക്കല്‍. നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ അലയുന്നത് കണ്ടിട്ടും കാണാത്തതു പോലെ ജനപ്രതിനിധികള്‍ നടക്കുന്നു. ഇതിനെതിരേ സമരവുമായി ബിജെപിയാണ് ആദ്യം രംഗത്തു വന്നത്. ജീവജലം കിട്ടുന്നതിന് വേണ്ടിയുള്ള സമരത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങള്‍ പങ്കെടുത്തതോടെ മറ്റു പാര്‍ട്ടിക്കാരും സമരവുമായി വന്നിട്ടുണ്ട്. അതിലേറെ രസകരമായ വസ്തുത ഇവര്‍ വിചാരിച്ചാല്‍ ഈ പ്രശ്‌നം നിസാരമായി പരിഹരിക്കാമെന്നതാണ്. ഇക്കുറി പള്ളിക്കല്‍ പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിന് വേണ്ടിയാകും വോട്ട് ചെയ്യുക.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…