കേരളാ കോണ്‍ഗ്രസ്(എം) പത്തനംതിട്ടയില്‍ ഐപിസിയുടെ പോഷക സംഘടനയാക്കുന്നു: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെ മാറ്റി സ്വന്തം സഭക്കാരനെ നിയമിച്ചു: പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്‍എം രാജുവിനെതിരേ രൂക്ഷമായ ആരോപണം: ജോസ് കെ മാണി ഇടപെടുന്നു: ആറന്മുള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് രഹസ്യ നിര്‍ദേശം

17 second read

കോട്ടയം: പത്തനംതിട്ട ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തമ്മിലടി രൂക്ഷം. ജില്ലാ പ്രസിഡന്റ് എന്‍എം രാജുവിനെതിരേ ഒരു വിഭാഗം ശക്തമായി രംഗത്തു വന്നു. തമ്മിലടി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍ ജോസ് കെ. മാണി വിഷയത്തില്‍ ഇടപെട്ടു. പത്തനംതിട്ടയില്‍ പാര്‍ട്ടിയെ ഐപിസിയുടെ പോഷക സംഘടനയാക്കി മാറ്റുന്നുവെന്നാണ് ആരോപണം. ഐപിസിക്കാരനാണ് ജില്ലാ പ്രസിഡന്റ് എന്‍എം രാജു. പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ തലപ്പത്ത് നിലവിലുള്ളവരെ മാറ്റി ഐപിസിക്കാരെ കുത്തിത്തിരുകുന്നുവെന്നാണ് ആക്ഷേപം. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് മാമന്‍ വട്ടശേരിയെ മാറ്റി പകരം നൈനാന്‍ മാത്യുവിനെ നിയമിച്ചതാണ് വിവാദത്തിന് ഇട നല്‍കിയിരിക്കുന്നത്. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ട ജേക്കബ് മാമനെ മാറ്റി പകരം പെന്തക്കോസ്തുകാരനെ നിയമിച്ചതാണ് പ്രതിഷേധത്തിന് ഇട നല്‍കിയിരിക്കുന്നത്.

മാണി ഗ്രൂപ്പില്‍ ഓര്‍ത്തഡോക്സ് പക്ഷക്കാര്‍ കുറവാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജോസ് കെ മാണിക്കൊപ്പം നിന്ന ജോസഫ് എം പുതുശേരി പിന്നീട് ജോസഫ് പക്ഷത്തേക്ക് പോകാന്‍ കാരണം ജില്ലാ പ്രസിഡന്റിന്റെ പെന്തക്കോസ്ത് വല്‍ക്കരണമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇപ്പോള്‍ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാത്യു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജോസഫ് പക്ഷത്തായിരുന്നു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസിനോട് വിയോജിച്ച് അടുത്ത കാലത്താണ് മാണി ഗ്രൂപ്പില്‍ ചേക്കേറിയത്. ഇങ്ങോട്ടു വന്നതിന് പിന്നാലെ ഇയാള്‍ക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനം നല്‍കിയത് എന്‍എം രാജുവിന് സഭ വളര്‍ത്താന്‍ വേണ്ടിയാണ് എന്നാണ് ആരോപണം. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുകയെ സ്വാധീനിച്ചാണ് ഇപ്പോള്‍ ജേക്കബ് മാമന്‍ വട്ടശേരിയെ മാറ്റിയത്. എന്‍എം രാജുവിന്റെ സഭാ പ്രീണനം പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ജോസ് കെ മാണിയ്ക്ക് പരാതി ചെന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 26 ന് ജില്ലാ കമ്മറ്റി യോഗം വിളിക്കാന്‍ ജോസ് കെ. മാണി നിര്‍ദേശിച്ചിട്ടുണ്ട്.

അതേ സമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറന്മുള മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് രഹസ്യ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ എല്‍ഡിഎഫില്‍ റാന്നി മാണി ഗ്രൂപ്പിന് കൊടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. വീണയെ റാന്നിയിലേക്ക് മാറ്റി ആറന്മുള മാണി ഗ്രൂപ്പിന് നല്‍കാന്‍ പോകുന്നുവെന്ന തരത്തില്‍ പ്രചാരണം കൊടുമ്പിരിക്കൊള്ളുകയാണ്. ജില്ലയില്‍ ലഭിക്കുന്ന ഏക സീറ്റില്‍ മത്സരിക്കാന്‍ എന്‍എം രാജു തയാറെടുത്തു വരികയാണ്. എന്നാല്‍, ഇത് സിപിഎം അംഗീകരിക്കാന്‍ സാധ്യതയില്ല. ജോസ് കെ. മാണി രാജി വച്ച സീറ്റില്‍ എന്‍എം രാജുവിനെ രാജ്യസഭയില്‍ എത്തിക്കാന്‍ നീക്കം നടന്നിരുന്നു. സിപിഎം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ആ ആശയം മുളയിലേ നുള്ളി. ഇതോടെയാണ് അദ്ദേഹം നിയമസഭയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ പ്രതിഛായയെ ബാധിച്ചാല്‍ അത് രാജുവിന് തിരിച്ചടിയാകും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…