“ഒരു സൈക്കിള്‍ വാങ്ങി പഴമയിലേക്ക് ചവിട്ടി വരുന്ന മനു വക്കീല്‍ വ്യത്യസ്തന്‍”

18 second read

പത്തനംതിട്ട: കാലം പിന്നോട്ടുരുളുകയാണ്, ഒരു സൈക്കിളിന്റെ ചക്രങ്ങള്‍ പോലെ. കാളവണ്ടിയില്‍ തുടങ്ങി സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍, കാര്‍ വഴി ആഡംബര സൗകര്യങ്ങളിലെത്തി നില്‍ക്കുകയാണ് ആധുനിക കാലത്തെ യാത്രാ മാര്‍ഗങ്ങള്‍. പല തരത്തിലുള്ള യാത്രാ വാഹനങ്ങള്‍ ചുറ്റിനുമായി. കയറി ഇരുന്ന ഗോ എന്ന് പറഞ്ഞാല്‍, പാഞ്ഞു പോകുന്ന ആര്‍ജിത ബുദ്ധിയുള്ള വാഹനങ്ങള്‍ വരെ നിരത്തില്‍ നിറയുന്നു. ഇവയിലെല്ലാം അഭിരമിച്ച് ശരിക്കും മനുഷ്യന് ബോറടിച്ചു തുടങ്ങി. അങ്ങനെ ബോറടിച്ചു തുടങ്ങിയ ഒരു വക്കീല്‍ സൈക്കിള്‍ വാങ്ങി പഴമയിലേക്ക് ഉരുട്ടിക്കൊണ്ടു പോകുന്ന കഥയാണിത്.

സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന വി-കോട്ടയം സ്വദേശിയായ അഡ്വ. കെ.ജെ. മനുവാണ് ഒരു സൈക്കിള്‍ വാങ്ങി അതില്‍ കോടതിയിലേക്ക് പോകുന്നത്. ഓര്‍ക്കണം, അഡ്വക്കറ്റ് ക്ലാര്‍ക്കുമാര്‍ വരെ കാറിലെത്തുമ്പോഴാണ് വക്കീലിന്റെ സൈക്കിള്‍ ചവിട്ട്.
എല്ലാ കാര്യത്തിലും വ്യത്യസ്തതയാണ് മനുവിന്റെ മുഖമുദ്ര. മനസില്‍ തോന്നുന്നത് എന്തായാലും (അതില്‍ ചിലതൊന്നും പുറത്തു പറയാന്‍ പോലും കൊള്ളില്ല) അത് സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ആക്കി വിടുന്ന രസികനാണ് മനു വക്കീല്‍. വയസ് 53 ഉണ്ട്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യം നിലനിര്‍ത്തുന്നു. ഇദ്ദേഹത്തിന്റെ ചില ശീലങ്ങള്‍ അല്ലെങ്കില്‍ ശൈലികള്‍ കണ്ടാല്‍ ചിലരൊക്കെ ആദ്യം നെറ്റി ചുളിക്കും. ഒന്നു കൂടി ശ്രദ്ധിക്കുമ്പോള്‍ കൗതുകകരമായി തോന്നും. പിന്നെ ഇദ്ദേഹത്തിന്റെ ആരാധകര്‍ ആകും.

മനുവിന് വീട്ടില്‍ സ്വന്തമായി രണ്ടു കാറും ബുള്ളറ്റ് ബൈക്കും സ്‌കൂട്ടറുമുണ്ട്. എന്നിട്ടും 7000 രൂപ കൊടുത്ത് ബിഎസ്എയുടെ ഒരു പുത്തന്‍ സൈക്കിള്‍ വാങ്ങി. പത്തനംതിട്ടയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്ന് വക്കീല്‍ കോട്ടും ധരിച്ച് കേസു കെട്ട് കാരിയറില്‍ വച്ച് രാവിലെ സൈക്കിളില്‍ കയറും. തൂവല്‍ കൊട്ടാരം സിനിമയില്‍ ജയറാമിന്റെ വക്കീല്‍ വേഷം സൈക്കിളില്‍ വരുന്നതു കണ്ട് മഞ്ജു വാരിയര്‍ പറയുന്നുണ്ട്-എ ബിഗ് ബാറ്റ്.
അങ്ങനെ ബാറ്റ്മാനായി ആദ്യം കോളജ് റോഡിലുള്ള വക്കീല്‍ ഓഫീസില്‍ പറന്നിറങ്ങും. പിന്നീട് 11 മണിയാകുമ്പോള്‍ സൈക്കിള്‍ മണിമുഴക്കി മിനി സിവില്‍ സ്റ്റേഷനിലെ കോടതി വളപ്പിലേക്ക്. തിരക്കേറിയ സെന്‍ട്രല്‍ ജങ്ഷനിലൂടെ വരുന്ന ബാറ്റ്മാനെ നാട്ടുകാര്‍ അന്തം വിട്ട് നോക്കി നില്‍ക്കുന്നു. കോടതി വളപ്പില്‍ സൈക്കിള്‍ ചെല്ലുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും അത്ഭുതം. അവരും ചുറ്റിനും കൂടി സെല്‍ഫി എടുക്കാന്‍.

കേസിന്റെ എണ്ണം കുറയുകയും പെട്രോള്‍ വില കൂടുകയും ചെയ്തതു കൊണ്ടാണോ സൈക്കിള്‍? എന്ന ചോദ്യത്തിന് മനുവിന്റെ മറുപടി ഇങ്ങനെ: ഒരിക്കലുമല്ല. കാറിലും ബൈക്കിലും കയറി മടുത്തപ്പോള്‍ സൈക്കിള്‍ ചവിട്ടാനൊരു മോഹം. പരിസ്ഥിതിക്കും അതാണല്ലോ നല്ലത്.
വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കാനാണ് തനിക്കിഷ്ടമെന്ന് മനു പറയുന്നു. 52 കിലോമീറ്റര്‍ വനത്തിലൂടെ നടന്ന് അച്ചന്‍ കോവില്‍ ക്ഷേത്രത്തിലേക്ക് പോകും. പെരുനാട്ടിലേക്ക് മാരത്തണ്‍ ഓട്ടം നടത്തും. എവിടൊക്കെ വന്മലയുണ്ടോ നാറാണത്ത് ഭ്രാന്തനെപ്പോലെ നട്ടുച്ച നേരത്ത് അതിന്റെ മുകളിലേക്ക് പര്‍വതാരോഹണം നടത്തും. ഇതൊക്കെ കണ്ട് ആരെങ്കിലും ആര്‍ യു മാഡ് എന്ന് ചോദിച്ചുവെന്ന് ഇരിക്കട്ടെ:
ഈഫ് യു ആര്‍ മാഡ്, ഐ ആം യുവര്‍ ഡാഡ് എന്ന മറുപടി എത്തും. നൈസായി തന്തയ്ക്ക് വിളിച്ചതാണെന്ന് ചോദിച്ചവന് മനസിലാവുകയേ ഇല്ല. ഇതാണ് മനു. സൈക്കിള്‍ യജ്ഞം തുടരാന്‍ തന്നെയാണ് പരിപാടി എന്നും അദ്ദേഹം പറയുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …