വെള്ളാപ്പളളി തെറിക്കുമോ.? പിണറായി ജനറല്‍ സെക്രട്ടറി ആകുമോ.? എസ്എന്‍ഡിപി യോഗത്തിന്റെ ഭരണം കൈക്കലാക്കാന്‍ സിപിഎമ്മിന്റെ രഹസ്യ നീക്കം

18 second read

ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ ഭരണം കൈക്കലാക്കാന്‍ സിപിഎമ്മിന്റെ രഹസ്യ നീക്കം. പരമാവധി യുവാക്കളെ സ്ഥിരാംഗമാക്കി മാറ്റി, ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിലൂടെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുകയും അതു വഴി തങ്ങളുടെ ആളുകളെ യോഗത്തിന്റെ തലപ്പത്ത് കൊണ്ടുവരികയുമാണ് ലക്ഷ്യം. പുതുതായി ചേരുന്ന അംഗങ്ങള്‍ തന്നെ പിന്തുണയ്ക്കുമെന്ന് കരുതിയിരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ യഥാര്‍ഥ അപകടം തിരിച്ചറിഞ്ഞിട്ടില്ല.

18 വയസ് തികഞ്ഞ ആര്‍ക്കും 17 രൂപ അടച്ചാല്‍ സ്ഥിരാംഗമാകാമെന്നതാണ് എസ്എന്‍ഡിപിയുടെ ഭരണ ഘടന പറയുന്നത്. നേരത്തേ സാമുദായിക പ്രവര്‍ത്തനത്തിന് സിപിഎം വിലക്കേര്‍പ്പെടുത്തിയിരുന്നു. മാറിയ സാഹചര്യത്തില്‍ കഴിവതും പ്രവര്‍ത്തകരെ സമുദായങ്ങളില്‍ തിരുകി ശാഖകളുടെയും യൂണിയന്റെയും ഭരണം കൈക്കലാക്കുക എന്നതാണ് നിര്‍ദേശം.

ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിലാണ് എസ്എന്‍ഡിപി യോഗത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലാണ് വോട്ട്. നേരത്തേ എസ്എന്‍ഡിപിയില്‍ സ്ഥിരാംഗത്വം വേണ്ടി വന്നിരുന്നത് വിവാഹത്തിന് പത്രിക എടുക്കുമ്പോഴായിരുന്നു. വരന്റെയും വധുവിന്റെയും പേരില്‍ സ്ഥിരാംഗത്വം വേണം. ഇതിനായി 17 രൂപയും യോഗനാദം വാര്‍ഷിക വരിസംഖ്യയും അടയ്ക്കണം. ഇങ്ങനെ വല്ലപ്പോഴും മാത്രം സ്ഥിരാംഗത്വം നല്‍കിയിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ യൂണിയനുകളിലേക്ക് അപേക്ഷാ പ്രവാഹം ഉണ്ടായിരിക്കുന്നത്. വെള്ളാപ്പളളിക്ക് പിന്തുണ വര്‍ധിപ്പിക്കാനാണ് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നത് എന്നാണ് പുറമേ പറയുന്നത്. ഇങ്ങനെ പുതുതായി സ്ഥിരാംഗത്വം എടുക്കുന്നവരില്‍ ഏറെയും സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും സജീവ പ്രവര്‍ത്തകരാണ്. എസ്എന്‍ഡിപിയെ സ്വന്തം നിലയില്‍ വളരാന്‍ വിട്ടാല്‍ സിപിഎമ്മിന് തട്ടുകേടാണെന്ന് മനസിലാക്കി കഴിഞ്ഞു.

എസ്എന്‍ഡിപി പ്രാതിനിധ്യമുള്ളവരില്‍ മിക്കവരും ബിജെപി-കോണ്‍ഗ്രസ് ചിന്താഗതിയുള്ളവരാണ്. ഇവരുള്ളതു കാരണം സമുദായത്തില്‍ സ്വാധീനം ചെലുത്താന്‍ സിപിഎമ്മിന് കഴിയാതെ പോകുന്നു. സിപിഎമ്മുകാരായ സമുദായാംഗങ്ങളെ ഇവര്‍ യൂണിയന്റെയും ശാഖയുടെയും സമുദായത്തിന്റെയും ഏഴയലത്ത് അടുപ്പിക്കാറുമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അടക്കം ഇത് പാര്‍ട്ടിക്ക് ദോഷകരമായി മാറി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വെള്ളാപ്പള്ളി നടത്താറുള്ള ചാടിക്കളിക്കും ഒരന്ത്യം കുറിക്കണമെന്ന രഹസ്യ പദ്ധതിയും സിപിഎമ്മിനുണ്ട്. കൂടല്‍ ശാഖാ സെക്രട്ടറിയായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട ഉന്മേഷ് സിപിഎം ലോക്കല്‍ സെക്രട്ടറിയാണ്. സിപിഎം മാറിചിന്തിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.

കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ ഒരു മിനുട്ട് കൊണ്ട് എസ്എന്‍ഡിപി യോഗത്തിന്റെ തെരഞ്ഞെടുപ്പ് രീതി മാറ്റി മറിക്കാം. 1964 ലാണ് ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ എസ്എന്‍ഡിപിയില്‍ തെരഞ്ഞെടുപ്പിന് കൊണ്ടു വന്നത്. ഈ ചട്ടം കേന്ദ്രമാനവവിഭവ ശേഷി മന്ത്രാലയത്തിന് എടുത്തു കളയാന്‍ സാധിക്കും. അങ്ങനെ കളഞ്ഞാല്‍ അതോടെ വെള്ളാപ്പള്ളി കുടുംബം അധികാരത്തില്‍ നിന്ന് നിഷ്‌കാസിതരാകും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ബിഡിജെഎസും രൂപീകരിച്ച് വെള്ളാപ്പള്ളിയും മകനും കേന്ദ്രസര്‍ക്കാരുമായി ഒട്ടി നില്‍ക്കുന്നത്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…