ആദ്യം പൊലീസ് മാല മോഷ്ടാക്കളെ സാഹസികമായി പിടിച്ചു: ഇപ്പോള്‍ പൊലീസ് മോഷ്ടാക്കളുടെ കാലു പിടിക്കുന്നു: ആളുമാറിയുള്ള പിടുത്തം പുലിവാലായത് ചടയമംഗലം പൊലീസിന്

17 second read

ചടയമംഗലം: 10 മണിക്കൂര്‍ ഓടി, 40 കിലോമീറ്റര്‍ താണ്ടി കഷ്ടപ്പെട്ട് പിടിച്ചത് ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന രണ്ടു യുവാക്കളെ. തങ്ങളുടെ കഷ്ടപ്പാടിന് ഫലമുണ്ടാകട്ടെ എന്ന് കരുതി മോഷ്ടാക്കളെ പിടിച്ച സാഹസിക ദൗത്യം പത്രങ്ങളില്‍ വാര്‍ത്തയുമാക്കി. മോഷ്ടാക്കളുമായി അയല്‍ ജില്ലയിലെ സ്‌റ്റേഷനിലെത്തിയപ്പോള്‍ പരാതിക്കാരി പറയുന്നു തന്റെ മാല പൊട്ടിച്ചത് ഇവരല്ല. പെട്ടു പോയ പൊലീസുകാര്‍ ഒടുവില്‍ യുവാക്കളെ നല്ല വാക്ക് പറഞ്ഞ് തിരികെ വീട്ടില്‍ കൊണ്ടു വിട്ടു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഓട്ടത്തിന് പരിസമാപ്തി ആന്റി ക്ലൈമാക്‌സിലെത്തിയത് ചൊവ്വാഴ്ച വൈകിട്ടോടെയാണ്. സംഭവത്തില്‍ പെട്ടു പോയത് ചടയമംഗലം എസ്‌ഐയും സംഘവുമാണ്. കഥയിങ്ങനെ:

പത്തനംതിട്ട ജില്ലയിലെ കൂടല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു മാല കവര്‍ച്ചയാണ് എല്ലാത്തിന്റെയും തുടക്കം.
തിങ്കളാഴ്ച രാവിലെ 11 നാണ് കൂടല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ നെല്ലിമുരുപ്പില്‍ വച്ച് മാങ്കുഴിയില്‍ ഉണ്ണിയുടെ മകള്‍ പ്രീതയുടെ മാല ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പൊട്ടിച്ചു കടന്നത്. ഇവര്‍ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. പരാതി ലഭിച്ചയുടന്‍ കൂടല്‍ പൊലീസ് വിവരം സമീപ ജില്ലകളിലെ സ്‌റ്റേഷനുകളിലേക്കും കൈമാറി. യുവതിയുടെ മൊഴിയില്‍ പ്രതികളുടെ വേഷം, ബൈക്ക് എന്നിവയെ കുറിച്ച് സൂചനയുണ്ടായിരുന്നു. അലെര്‍ട്ട് സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പൊലീസ് കര്‍ശന വാഹന പരിശോധന തുടങ്ങി. ഇതിനിടെ എംസി റോഡില്‍ ആയൂരില്‍ വച്ച് മോഷ്ടാക്കളെന്ന് കരുതുന്നവരെ ഹൈവേ പൊലീസ് കണ്ടു. അവര്‍ പിന്തുടര്‍ന്നു. ഇതിനിടെ വിവരം ചടയമംഗലം പൊലീസിനും കൈമാറി. എസ്‌ഐ ശരലാലിന്റെ നേതൃത്വത്തില്‍ എംസി റോഡില്‍ ജീപ്പ് റോഡിന് കുറുകേയിട്ട് ബൈക്ക് തടയാന്‍ നോക്കി. മോഷ്ടാക്കള്‍ അതിനേക്കാള്‍ മിടുക്കന്മാരായിരുന്നു. അവര്‍ സമീപത്തെ പഴയ എംസി റോഡിലേക്ക് ബൈക്ക് തിരിച്ച് രക്ഷപ്പെട്ടു. നെട്ടേത്തറ ഭാഗത്തെ ക്വാറിക്കു സമീപത്തേക്ക് ഇവര്‍ പോയത്. പൊലീസും വിട്ടില്ല. സിനിമാ സ്‌റ്റൈല്‍ ചേസ്. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ പ്രതികള്‍ ബൈക്കും കളഞ്ഞിട്ട് ഓടി.

പ്രതികള്‍ പാറമടയിലെ വെള്ളക്കെട്ടില്‍ വീണെന്ന അഭ്യൂഹം പ്രചരിച്ചു. പൊലീസ് ഫയര്‍ ഫോഴ്‌സിനെ വിളിച്ചു വരുത്തി പാറമടയില്‍ തെരച്ചില്‍ തുടങ്ങി. ഇതിനിടെ അഞ്ചല്‍, കടയ്ക്കല്‍ സ്‌റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ എത്തി. നാട്ടുകാരുടെ സഹായത്തോടെ ക്വാറിക്ക് സമീപത്തെ കാടുമൂടിയ ഭാഗങ്ങളിലും മറ്റും പരിശോധന നടത്തി. തുമ്പൊന്നും ലഭിക്കാതെ വന്നപ്പോള്‍ പൊലീസ് മടങ്ങി. രാത്രിയില്‍ പ്രതികള്‍ പുറത്തു വരുമെന്നും പരിചയമില്ലാത്തവരെ കണ്ടാല്‍ അറിയിക്കണമെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയാണ് പൊലീസ് പോയത്.

രാത്രി എട്ടരയോടെ, പരിചയമില്ലാത്ത രണ്ടുപേര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറിപ്പോയെന്ന വിവരം പൊലീസിന് ലഭിച്ചു. ബസ് തിരിച്ചറിഞ്ഞ പൊലീസും നാട്ടുകാരും പിന്തുടര്‍ന്ന് ആയൂരിലെത്തി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലായതോടെ രണ്ടു യുവാക്കള്‍ ബസില്‍ നിന്ന് ചാടി ഓടിയെന്നും ഇവരെ ഓടിച്ചിട്ട് കസ്റ്റഡിയില്‍ എടുത്തുവെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. ആലങ്കോട് സ്വദേശി കാശിനാട്, കടയ്ക്കാവൂര്‍ സ്വദേശി അജിത്ത് എന്നിവരാണ് പ്രതികള്‍ എന്ന് വിവരവും നല്‍കി. ചൊവ്വാഴ്ച രാവിലെ പുറത്തിറങ്ങിയ പത്രങ്ങളില്‍ പൊലീസിന്റെ സാഹസിക പ്രവര്‍ത്തി വാര്‍ത്തയാവുകയും ചെയ്തു. പിന്നീടാണ് ട്വിസ്റ്റ്. തങ്ങള്‍ പിടികൂടിയ പ്രതികളെ കൂടല്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നു. ഇതല്ല യഥാര്‍ഥ പ്രതികള്‍ എന്ന് പരാതിക്കാരിയും സാക്ഷ്യപ്പെടുത്തി. അപ്പോഴാണ് പൊലീസിന് അമളി മനസിലാകുന്നത്. തിരുവനന്തപുരത്ത് കല്യാണത്തിന് പോയി മടങ്ങിയതായിരുന്നു കാശിനാഥനും അജിത്തും. ഇവരെ പിന്നീട് ചടയമംഗലം പോലീസ് വീട്ടില്‍ കൊണ്ടു ചെന്നാക്കിയെന്ന് പറയുന്നു. യഥാര്‍ഥ മോഷ്ടാക്കള്‍ ഇതിനോടകം രക്ഷപ്പെട്ടിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…