വനിതാ പ്രിന്‍സിപ്പല്‍ എസ്ഐ താരപ്പകിട്ടിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ ശബരിമലയില്‍ തീര്‍ഥാടകരെ ഒളിപ്പിച്ച് താമസിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവ് പ്രതി.: പ്രിന്‍സിപ്പല്‍ എസ്ഐ മഞ്ജു സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയായത് പന്തളം സ്റ്റേഷനിലെ ആദ്യ വനിതാ പ്രിന്‍സിപ്പല്‍ എസ്ഐ എന്ന പേരില്‍

17 second read

പത്തനംതിട്ട: മകരവിളക്ക് ദിവസം ജ്യോതി ദര്‍ശനം വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തീര്‍ഥാടകരെ കക്കൂസിലും ഹോട്ടലിലുമായി താമസിപ്പിച്ച കേസില്‍ പ്രതിയായ നൂറനാട് പണയില്‍ ശ്രീശൈലത്തില്‍ ജയകുമാറിന്റെ ഭാര്യയും പന്തളം എസ്ഐയുമായ മഞ്ജു വി. നായര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ ആളാണ്. പന്തളം പൊലീസ് സ്റ്റേഷനിലെ ആദ്യ വനിതാ പ്രിന്‍സിപ്പല്‍ എസ്ഐ എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയ മഞ്ജുവിനെ താരമാക്കിയത്. താരപ്പകിട്ടിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് ശബരിമലയില്‍ തീര്‍ഥാടകരെ ഒളിപ്പിച്ചു താമസിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവ് ജയകുമാര്‍ പ്രതിയായത്. ഈ വിവരം കൂടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ട് ആയ അവസ്ഥയിലായി വനിതാ എസ്ഐ.

പലവിധ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ മഞ്ജു വൈറലായത് പൊലീസ് സേനയില്‍ തന്നെ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്ത് ചെയ്തിട്ടാണ് വനിതാ എസ്ഐക്ക് ഇത്ര പബ്ലിസിറ്റ് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. ഒന്നുകില്‍ ഒരു കേസ് തെളിയിക്കുക അല്ലെങ്കില്‍ ജനോപകാര പ്രദമായ എന്തെങ്കിലും ചെയ്യുക. ഇതൊന്നുമില്ലാതെ ഒരു വനിതാ എസ്ഐ ഒരു സ്റ്റേഷനില്‍ ചുമതല ഏറ്റത് ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല എന്നാണ് അവരുടെ നിലപാട്. എസ്ഐയാകുന്നതിന് മുന്‍പ് മഞ്ജു പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്നു. ആ പരിചയമാണ് ഇത്തരമൊരു വാര്‍ത്തയുടെ സൃഷ്ടിക്ക് പിന്നില്‍. പന്തളം എസ്എച്ച്ഓയാണ് മാധ്യമങ്ങളെ നിര്‍ബന്ധിച്ച് ഇത്തരമൊരു വാര്‍ത്ത നല്‍കിയത്. ഏതാനും പത്രങ്ങളുടെ ലോക്കല്‍ പേജുകളില്‍ വലിയ പ്രാധാന്യമൊന്നുമില്ലാതെയാണ് വാര്‍ത്ത ആദ്യ ദിവസം വന്നത്. ഇതിന്റെ കട്ടിങുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മറ്റു പ്രമുഖ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കി.

തൊട്ടുപിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുത്തു. ഒന്നിന് പിറകെ മറ്റൊന്നായി വാര്‍ത്തകള്‍ ഓണ്‍ലൈനുകളില്‍ നിറയുമ്പോഴാണ് ശബരിമലയില്‍ ഭര്‍ത്താവിന്റെ പേരില്‍ വിവാദം ഉണ്ടാകുന്നത്. തീര്‍ഥാടകരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്, പണം വാങ്ങി കക്കൂസിലും ഹോട്ടലിലുമായി താമസിപ്പിച്ചതിന് ജയകുമാറിനെതിരേ കേസെടുക്കാന്‍ സന്നിധാനം എസ്ഐ വിമുഖത കാണിച്ചിരുന്നു. വനിതാ എസ്ഐയുടെ ഭര്‍ത്താവെന്ന നിലയിലായിരുന്നു ഈ വൈമനസ്യം.

തിരുവല്ലയിലും കൊച്ചി സിറ്റിയിലും ജോലി നോക്കിയ ശേഷമാണ് മഞ്ജു വി നായര്‍ പന്തളത്ത് വന്നത്. പ്രബേഷന്‍ എസ്ഐയായി മാവേലിക്കരയിലും ജൂനിയര്‍ എസ്ഐയായി ചെങ്ങന്നൂരിലും ജോലി ചെയ്തു. രണ്ട് വര്‍ഷം മുന്‍പാണ് പോലിസ് സേനയില്‍ ചേര്‍ന്നത്. അതിന് മുന്‍പ് നഗരസഭയിലും റെയില്‍വേയിലും പബ്ലിക് റിലേഷന്‍സ് വകുപ്പിലും ജോലി ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…