ബ്രിട്ടനില്‍ ഇന്നലെ പുതിയതായി 36,804 പേര്‍ക്ക് കൂടി രോഗബാധ

18 second read

ബ്രിട്ടനില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തി യിരിക്കുകയാണ്. ഇന്നലെ പുതിയതായി 36,804 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ പുതുവര്‍ഷത്തിന്റെ ആരംഭം തന്നെ ലോക്ക്ഡൗണോടുകൂടി ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
അതീവ വ്യാപനശേഷിയുള്ള പുതിയ വൈറസ് സജീവമായതോടെ കഴിഞ്ഞ ഒരാഴ്ച്ചയില്‍ രോഗവ്യാപന തോത് ഇരട്ടിയായതായി ആരോഗ്യ വകുപ്പിന്റെ രേഖകള്‍ കാണിക്കുന്നു. ലണ്ടന്‍ നഗരത്തിലും, തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും കിഴക്കന്‍ ഇംഗ്ലണ്ടിലുമാണ് ഈ പുതിയ വൈറസ് കൂടുതല്‍ ദുരിതം വിതയ്ക്കുന്നത്. സാധാരണ കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം അധിക വ്യാപനശേഷി ഈ പുതിയ ഇനത്തിനുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

അതേസമയത്ത് രോഗവ്യാപനത്തോടൊപ്പം മരണനിരക്കും വര്‍ദ്ധിക്കുവാന്‍ തുടങ്ങിയത് ആശങ്കയുളവാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 691 കോവിഡ് മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. നവംബര്‍ 25 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ സംഖ്യയാണിത്. കഴിഞ്ഞ ചൊവ്വാഴ്ച്ച 506 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയത് എന്നതുമോര്‍ക്കുക. രോഗബാധിതര്‍ക്ക് മരണം സംഭവിക്കുവാന്‍ ആഴ്ച്ചകള്‍ തന്നെ എടുത്തേക്കാം എന്നതിനാല്‍ വരും നാളുകളില്‍ മരണനിരക്ക് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ കടുത്ത നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ലെങ്കില്‍, ബ്രിട്ടനിലെ മനുഷ്യകുലത്തിന്റെ സര്‍വ്വനാശമായിരിക്കും ഇനി സംഭവിക്കുക എന്ന ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് ആശങ്ക ഏറെ ഉയര്‍ത്തിയിട്ടുണ്ട്. ഒരുപക്ഷെ അടുത്ത വര്‍ഷം ആരംഭിക്കുന്നത് ഒരു ലോക്ക്ഡൗണിലൂടെ ആയിരിക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നു. അതേസമയം, ടയര്‍-4 നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് പുതിയ ഇനം വൈറസ് ഏല്‍പ്പിക്കുമായിരുന്ന ആഘാതത്തിന്റെ ആഴം അല്പമെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞതെന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം വൈറസ് രണ്ടാഴ്ച്ചക്കാലം കൊണ്ടാണ് ഇംഗ്ലണ്ടില്‍ വ്യാപനം ശക്തമാക്കിയത്. ചില പ്രദേശങ്ങളില്‍ ഇപ്പോഴുള്ള കോവിഡ് രോഗികളില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ പുതിയ ഇനം വൈറസാണ് ഉള്ളത്. ലണ്ടനില്‍ നിലവിലുള്ള രോഗികളില്‍ 62 ശതമാനം പേര്‍ ഈ പുതിയ വൈറസ് ബാധിച്ചവരാണെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നത്. കെന്റിലെ ഒരു രോഗിയിലാണ് ഈ പുതിയ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്. അവിടെനിന്നും അത് ലണ്ടനില്‍ എത്തുകയായിരുന്നു.

കിഴക്കന്‍ ഇംഗ്ലണ്ടില്‍ ഡിസംബര്‍ 9 ന് അവസാനിച്ച ആഴ്ച്ചയിലെ പുതിയ കേസുകളില്‍ 59 ശതമാനവും ഈ പുതിയ ഇനം വൈറസ് കൊണ്ടാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച്ചയില്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തിയ കേസുകളില്‍ 43 ശതമനവുംഈ വൈറസ് മൂലമാണ്. ഈ വൈറസ് മറ്റിടങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയതോടെ രോഗവ്യാപനതോതില്‍ കാര്യമായ വര്‍ദ്ധനവ് അനുഭവപ്പെടാന്‍ തുടങ്ങി. മിഡ്‌ലാന്‍ഡ്‌സില്‍ 19 ശതമാനം ഉണ്ടായിരുന്ന രോഗ വ്യാപനം 27 ശതമാനമായി. അതുപോലെ വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ 12 ശതമാനം ഉണ്ടായിരുന്നത് 17 ശതമാനമായി ഉയര്‍ന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …