പൊലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായി മുഖ്യമന്ത്രി: ഇരട്ടച്ചങ്കനെന്നും പറഞ്ഞത് അണികള്‍ തള്ളുന്ന പിണറായിയുടെ നിലപാട് മാറ്റം ചര്‍ച്ചയാവുമ്പോള്‍

തിരുവനന്തപുരം: പറഞ്ഞവാക്കുകള്‍ വിഴുങ്ങുകയും പിന്നീട് അത് തിരുത്തുകയും ഒക്കെ ചെയ്യുന്ന നേതാക്കളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനായിരുന്നു ഒരു കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നികൃഷ്ടജീവി, പരനാറി, കുലം കുത്തി തുടങ്ങിയ അദ്ദേഹത്തിന് പേറ്റന്റുള്ള പ്രയോഗങ്ങള്‍പോലും തിരുത്താനോ നിഷേധിക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും താന്‍ തീരുമാനിച്ച് ഉറപ്പിച്ചത് നടപ്പാക്കാനുള്ള ഇഛാശക്തിതന്നെയാണ് അദ്ദേഹത്തിന് ഇരട്ടച്ചങ്കന്‍ എന്ന പേര് നേടിക്കൊടുത്തതും. എന്നാല്‍ മുഖ്യമന്ത്രിയായപ്പോള്‍ നിലപാടുകളില്‍ മലക്കം മറിയുന്ന പിണറായി വിജയനെയാണ് കേരളം കണ്ടത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരിനിയമമെന്ന് ഏവരും വിമര്‍ശിച്ച പൊലീസ് ആ്ക്റ്റ് ഭേദഗതി നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. ഏറ്റവും വിചിത്രം തൊട്ടു തലേന്ന് രാത്രിവരെ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ നിയമത്തെ ന്യായീകരിക്കയായിരുന്നു എന്നാണ്. തന്റെ വാര്‍ത്താസമ്മേളനത്തിലും പിണറായി പുതിയ നിയമത്തെ ന്യായീകരിക്കുകയും, ദുരുപയോഗം തടയുന്നത് ഉറപ്പുവരുത്തുമെന്നുമാണ് പറഞ്ഞിരുന്നത്.
എന്നാല്‍ ഇടതുപക്ഷത്തെ ഏക്കാലവും പിന്തണച്ചിരുന്ന സാംസ്‌കാരിക – സാമൂഹിക പ്രവര്‍ത്തകര്‍ അടക്കമുള്ള വലിയൊരു വിഭാഗം ശക്തമായി പ്രതിഷേധം ഉയര്‍ത്തുകയും സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന്റെ അടുത്തുവരെ പ്രശ്‌നം എത്തുകയും ചെയ്തതോടെയാണ് പിണറായി ഈ നീക്കത്തില്‍നിന്ന് പിന്‍വലിയുന്നത്. ഇത് തെളിയിക്കുന്നത് പാര്‍ട്ടിയിലെയും സര്‍ക്കാറിലെയും ഏകാധിപത്യ പ്രവണത കൂടിയാണ്. ഇത്രയും നിര്‍ണ്ണായകമായ ഒരു തീരുമാനം എടുക്കുന്ന ഘട്ടത്തില്‍ പോലും അദ്ദേഹം മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ച ചെയ്തില്ല എന്നത് വിചിത്രമാണ്. അതുപോലെ തന്നെ ശബരിമല, ബ്രൂവറി, സ്പ്രിംങ്കളര്‍ വിഷയത്തിലും സമാനമായ മലക്കം മറിച്ചിലാണ് മുഖ്യമന്ത്രിയില്‍നിന്നും ഉണ്ടായത്. എന്നിട്ടും ഇരട്ടച്ചങ്കന്‍ എന്ന പേരാണ് താങ്ങാന്‍ പറ്റാത്തത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പലരും പരിഹസിക്കുന്നത്.
Your comment?