തിരുവല്ല നോട്ടിരട്ടിപ്പ് കേസ്: ‘കോവിഡിനെ തുരത്താന്‍ നാടുനയിച്ച’ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ആരോപണ വിധേയനായ അനില്‍കുമാറും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന്

16 second read

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയില്‍ ഹോം സ്റ്റേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കള്ളനോട്ട് സംഘവുമായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയ്ക്ക് എന്തു ബന്ധമാണുള്ളതെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ രംഗത്ത്. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയ എസ്ഡിപിഐ പിന്നീട് അതില്‍ നിന്ന് പിന്മാറിയത് വിമര്‍ശനത്തിന് കാരണമായതോടെയാണ് മുഖം രക്ഷിക്കുന്നതിന് പുതിയ ആരോപണവുമായി രംഗത്ത് വന്നതെന്നും ആക്ഷേപം ഉയരുന്നു. നോട്ടിരട്ടിപ്പ് കേസില്‍ പിടിയിലായ മുഖ്യപ്രതി ഷിബു, ചിറ്റയം ഗോപകുമാറിന്റെ പിഎയായ അനില്‍കുമാര്‍ എന്നയാള്‍ ആറു ലക്ഷം രൂപ ഇരട്ടിപ്പിക്കാന്‍ നല്‍കിയിരുന്നുവെന്ന് പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

ഇത് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയാണെന്ന് ആരോപിച്ച് എസ്ഡിപിഐ സമരം തുടങ്ങി. അടൂരിലെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പിറ്റേന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനും പദ്ധതി തയാറാക്കി. തിരുവല്ല ഡിവൈഎസ്പി രാജപ്പന്‍ റാവുത്തര്‍ എസ്ഡിപിഐ നേതാക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഒഴിവായി. അതിന് ശേഷം പിന്നീട് ഒരു അനക്കവും എസ്ഡിപിഐയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇത് വലിയ വിമര്‍ശനത്തിന് ഇടനല്‍കി.

കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിറ്റയം ഗോപകുമാറിനെയും എംഎല്‍എയുടെ പിഎ ചമഞ്ഞ് തട്ടിപ്പിന് നേതൃത്വം നല്‍കിയ അനില്‍ കുമാറിനെയും ഇനിയും ചോദ്യം ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിയില്‍ ദുരുഹതയുള്ളതായി എസ്ഡിപിഐ അടൂര്‍ മേഖലാ ഭാരവാഹികള്‍ ആരോപിച്ചു. കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂഢനീക്കമാണ് അണിയറയില്‍ നടക്കുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമല്ല. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ വരാത്ത തരത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് എസ്ഡിപിഐ തുടക്കം മുതല്‍ ആവശ്യപ്പെടുന്നത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും അനില്‍ കുമാറും തമ്മിലുള്ള ദുരുഹ ഇടപാടുകള്‍ പുറത്തു വരണം. അടൂര്‍ എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ചുള്ള ദുരൂഹത ഇനിയുംമാറിയിട്ടില്ല. അനില്‍ കുമാര്‍ പിഎ അല്ലെന്നാണ് എംഎല്‍എയുടെ വാദം. എന്നാല്‍ നിഴല്‍ പോലെ കൂടെ നടക്കുന്ന അനില്‍കുമാര്‍ പല സ്ഥലത്തും നല്‍കുന്ന മേല്‍വിലാസം എംഎല്‍എ ഓഫീസെന്നാണ്. ഇതിനെതിരേ നടപടി എടുക്കാന്‍ എന്തു കൊണ്ട് എംഎല്‍എ തയാറാകുന്നില്ല. ഏത് ക്രിമിനലുകള്‍ക്കും എപ്പോഴും വന്നു പോകാനുള്ള ഇടമായി എംഎല്‍എ ഓഫീസ് മാറി.

പന്തളത്ത് കോവിഡ് ചികില്‍സയിലായിരുന്ന എംഎല്‍എ, കള്ളനോട്ട് കേസില്‍ പ്രതികള്‍ അറസ്റ്റിലായതോടെ ഒപ്പം ചികില്‍സയിലായിരുന്ന അനില്‍ കുമാറുമായി പത്തനംതിട്ടയിലേക്ക് മാറിയതെന്തിനാണ്? പന്തളത്ത് സൗകര്യക്കുറവാണെന്ന വാദം അംഗീകരിച്ചാല്‍ തന്നെ ഔദ്യോഗിക പിഎയെ ഒപ്പം കൂട്ടാതിരുന്നത് എന്തുകൊണ്ടാണ്? എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ചുള്ള ദുരൂഹത ഇനിയും മാറിയിട്ടില്ല. ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കള്ളനോട്ട് കേസില്‍ മുഴുവന്‍ പ്രതികളെയും അവരെ സംരക്ഷിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതു വരെ പോരാട്ടം തുടരും. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ചിറ്റയം ഗോപകുമാറിന്റെ ഓഫീസും അന്വേഷണ പരിധിയില്‍ വരണം. പ്രതികളുടെ ഫോണ്‍ കോളുകള്‍ കൃത്യമായി പരിശോധിക്കണം. ഇടപാടുകാര്‍ ആരെക്കെയെന്ന് കണ്ടു പിടിക്കണം. രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…