കള്ളനോട്ട് കേസ്: കോട്ടയത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോകും വഴി സ്ത്രീകള്‍ അടക്കം ഏഴു പേര്‍ കൂടി പിടിയില്‍

16 second read

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയില്‍ ഹോം സ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ടടി നടത്തി വന്ന കേസില്‍ സ്ത്രീകള്‍ അടക്കം ഏഴുപേര്‍ കൂടി പിടിയില്‍. കേസിലെ പ്രധാന പ്രതി ശ്രീകണ്ഠപുരം ചെമ്പേലി സ്വദേശി ഷിബു, ഭാര്യ നിമിഷ, ഷിബുവിന്റെ സഹോദരന്‍ സജയന്‍, പൊന്‍കുന്നം സ്വദേശി മണി, കൊട്ടാരക്കര സ്വദേശി സുധീര്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇന്നലെ കാഞ്ഞിരപ്പള്ളി കൊടുങ്ങൂര്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ സജി (38) പിടിയിലായിരുന്നു. സംഘത്തോടൊപ്പം ഇന്ന് പിടികൂടിയ രണ്ട് സ്ത്രീകളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഘം ഉപയോഗിച്ചു വന്നിരുന്ന മൂന്ന് ഇന്നോവ കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലാവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് മാത്രമെ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകുമെന്ന് തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്‍ പറഞ്ഞു.

കോട്ടയം നാഗമ്പടത്ത് നിന്ന് സജി പിടിയിലാകുമ്പോള്‍ രക്ഷപ്പെട്ടയാളാണ് ഷിബു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി ഇന്ന് രാവിലെ ടാക്സി വിളിച്ച് കൊട്ടാരക്കരയിലുള്ള സുധീറിന്റെ വീട്ടിലേക്ക് പോകും വഴി പന്തളത്ത് വച്ചാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്. ഷിബുവും സജിയും നേരത്തേയും കള്ളനോട്ട് കേസില്‍ പ്രതികളാണ്. പൊന്നാനി, കണ്ണൂര്‍ സ്റ്റേഷനുകളിലാണ് ഇവര്‍ നേരത്തേ അറസ്റ്റിലായിട്ടുള്ളത്. ലോക്ഡൗണിന് തൊട്ടുമുന്‍പാണ് ഇവര്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. ഒഴിഞ്ഞ ഭാഗത്തുള്ള വില്ലകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് കുടുംബസമേതം താമസിക്കാനെത്തുന്നതാണ് ഇവരുടെ രീതി. ഇവിടെ വച്ചാണ് സ്‌കാനര്‍ ഉപയോഗിച്ച് യഥാര്‍ഥ നോട്ട് സ്‌കാന്‍ ചെയ്ത് പ്രിന്റൗട്ട് എടുത്ത് ഒട്ടിച്ച് വ്യാജന്‍ സൃഷ്ടിക്കുന്നത്. കുടുംബ സമേതം എത്തിയാല്‍ വീട്ടുടമകള്‍ സംശയിക്കില്ല. ഉടമകളുമായി പരിചയവും അടുത്ത ബന്ധവും സ്ഥാപിക്കുകയും ചെയ്യും. ഒരു തവണ ആവശ്യത്തിന് നോട്ടുകള്‍ പ്രിന്റ് ചെയ്തിട്ട് അത് ചെലവഴിച്ച ശേഷം മറ്റൊരിടത്ത് ഇതേ പോലെ വീട് വാടകയ്ക്ക് എടുക്കും. റൊട്ടേഷന്‍ അനുസരിച്ചാണ് വീടുകള്‍ മാറിയിരുന്നത്. സജിയുടെ പിതൃ സഹോദര പുത്രനാണ് കാഞ്ഞങ്ങാട് സ്വദേശി ഷിബു.

സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം നടത്തിയ സമര്‍ഥമായ നീക്കമാണ് പ്രതിയെ കുടുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹോം സ്റ്റേകളിലും വാടക വീടുകളിലും മാറി മാറി താമസിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സജിയില്‍ നിന്നും നോട്ട് അച്ചടിക്കാനുപയോഗിക്കുന്ന പ്രിന്ററും പേപ്പറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഘം പിടിയിലാകാന്‍ കാരണമായത് കുറ്റപ്പുഴയിലെ ഹോം സ്റ്റേ നടത്തിപ്പുകാരി ഇന്റലിജന്‍സിന് നല്‍കിയ വിവരമാണ്. പൊലീസിനെ സമീപിക്കാതെ അവര്‍ ഇന്റലിജന്‍സിനെ വിളിച്ചതിനും ന്യായമായ കാരണമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ ഹോം സ്റ്റേയില്‍ താമസിച്ചിരുന്നവര്‍ വാടകയായ 25,000 രൂപ നല്‍കാതെ മുങ്ങിയത് സംബന്ധിച്ച് തിരുവല്ല പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അതേപ്പറ്റി ഒരു അന്വേഷണംനടത്താന്‍ പൊലീസ് തയാറായിരുന്നില്ല. ഇതേപ്പറ്റി ചോദിച്ച ഷീലയെ പൊലീസുകാര്‍ അവഹേളിച്ചുവെന്നും പറയുന്നു. ലോക്കല്‍ പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ് ഷീല പരിചയക്കാര്‍ മുഖേനെ സംസ്ഥാന ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയത്. ഇന്റലിജന്‍സിലെ സിപിഓ സുദര്‍ശനന്‍ സ്ഥലം പരിശോധിച്ചപ്പോള്‍ തന്നെ അപാകത മനസിലായി. വിവരം എസ്എസ്ബി ഡിവൈഎസ്പി കെഎ വിദ്യാധരന് കൈമാറി. വിദ്യാധരന്‍ നടത്തിയ പരിശോധനയില്‍ സംഗതി കള്ളനോട്ടാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
വിദ്യാധരന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്ന ചുമതല മാസമാണ് ലോക്കല്‍ പൊലീസിന് ഉണ്ടായിരുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…