‘സാര്‍ ഞാന്‍ ആറന്മുള നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ് സാര്‍’ ആംബുലന്‍സ് പീഡനത്തില്‍ നിന്ന് ആറന്മുള എന്ന പേര് ഒന്നൊഴിവാക്കുമോ?

16 second read

പത്തനംതിട്ട: ആംബുലന്‍സ് പീഡനത്തില്‍ നിന്ന് ആറന്മുള എന്ന പേര് ഒന്നൊഴിവാക്കുമോ എന്ന അഭ്യര്‍ഥനയുമായി വീണാ ജോര്‍ജ് എംഎല്‍എയ്ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്കും ഓഫീസുകളിലേക്കും വിളിയെത്തുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ആറന്മുളയെന്ന് പേര് പല രീതിയില്‍ പരാമര്‍ശിക്കപ്പെടുന്നതും ട്രോളുകളില്‍ എംഎല്‍എയുടെ സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രസംഗം നിറയുന്നതുമാണ് കാരണം. കേരളത്തെ നടുക്കിയ സംഭവം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വീണാ ജോര്‍ജ് മൂന്നു കൊല്ലം മുന്‍പ് നിയമസഭയില്‍ നടത്തിയ ഒരു സ്ത്രീ സുരക്ഷാ പ്രസംഗത്തിന്റെ വീഡിയോ ആരോ വലിച്ച് പുറത്തിട്ടത്.

സാര്‍, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാന്യമായി സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യം, പരാതിപ്പെട്ടാല്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നടപടി ഉണ്ടായിരിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുകയാണ് സാര്‍ കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി. സാര്‍ ഞാന്‍ ആറന്മുള നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ് സാര്‍ എന്നിങ്ങനെ തുടരുന്ന വീഡിയോയാണ് ട്രോളന്മാര്‍ എടുത്തിട്ട് അലക്കുന്നത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പന്തളം സ്വദേശി, പീഡകന്‍ കായംകുളത്തുകാരന്‍, ആംബുലന്‍സ് പുറപ്പെട്ടത് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന്, ഇതൊക്കെ മറന്ന് പീഡനം നടന്ന ആറന്മുളയിലെ വിജന പ്രദേശം ഹൈലൈറ്റ് ചെയ്യുന്നത് എംഎല്‍എയ്ക്ക് ഇരുട്ടടി ആയിരിക്കുകയാണ്. ആറന്മുള പീഡനം എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. സ്ത്രീസുരക്ഷയ്ക്ക് ഇതിലും നല്ലൊരു സര്‍ക്കാര്‍ വേറെയില്ലെന്ന് പ്രസംഗിച്ച വനിതാ എംഎല്‍എയുടെ മണ്ഡലത്തില്‍ വച്ചാണ് പീഡനം നടന്നിരിക്കുന്നത്. ആറന്മുള പീഡനം എന്നു കേള്‍ക്കുമ്പോള്‍ മുന്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഉണ്ടായി അസഹിഷ്ണുത. മൂന്‍ മാധ്യമപ്രവര്‍ത്തക ആണെങ്കിലും നാട്ടിലുളള മാധ്യമപ്രവര്‍ത്തകരുമായി അത്ര രസത്തില്‍ അല്ലാത്തതിനാല്‍ മാനേജ്മെന്റുകളെ വിളിച്ച് പീഡനത്തില്‍ നിന്ന് ആറന്മുള ഒഴിവാക്കണം എന്നൊരു അപേക്ഷ എംഎല്‍എ വച്ചുവെന്നാണ് അറിയുന്നത്. സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയേറ്റംഗവും എംഎല്‍എയ്ക്ക് ശിപാര്‍ശയുമായി മാധ്യമപ്രവര്‍ത്തകരെ വിളിച്ചിരുന്നുവത്രേ.

ഒരു ചാനലുമായി തീര്‍ത്തും രസത്തിലല്ല എംഎല്‍എ. അതു കാരണം അവര്‍ പുട്ടിന് തേങ്ങാപ്പീര പോലെ എല്ലായിടത്തും ആറന്മുള എന്ന് ചേര്‍ക്കും. മുകളില്‍ നിന്ന് വിളി വന്നിട്ടുള്ള മാധ്യമപ്രവര്‍ത്തകരാകട്ടെ ആറന്മുള പീഡനം എന്നത് ഒഴിവാക്കി ആറന്മുളയ്ക്ക് സമീപം എന്നൊക്കെയാണ് ഇപ്പോള്‍ പറയുന്നത്. ഒരു രക്ഷയുമില്ലാതെ വന്നപ്പോള്‍ എംഎല്‍എ ഒരു ലോക്കല്‍ ഓണ്‍ലൈന്‍ ചാനലിനെ കൂട്ടുപിടിച്ച് തന്റെ വാദഗതികള്‍ മുന്നോട്ടു വച്ചു. നിര്‍ഭാഗ്യവശാല്‍ ആറന്മുള മണ്ഡലത്തിന്റെ പേര് ഇതില്‍ ഉള്‍പ്പെട്ടുവെന്ന് പറയുന്ന എംഎല്‍എ പെണ്‍കുട്ടി താമസിക്കുന്നത് പന്തളത്താണെന്ന് അടിവരയിടുന്നു. ആംബലുന്‍സ് ഡ്രൈവര്‍ ആറന്മുളയിലുള്ള ആളല്ല, ആംബുലന്‍സ് ഓടുന്നതും ആറന്മുള മണ്ഡലത്തിലെ സിഎഫ്എല്‍ടിസിന് വേണ്ടിയല്ല. 13 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കൊണ്ടു പോകാന്‍ ആംബുലന്‍സ് എത്തുന്നത്. അടൂര്‍ മണ്ഡലത്തിലുള്ള വീട്ടില്‍ നിന്ന് എടുക്കപ്പെടുന്നത് സെപ്റ്റംബര്‍ അഞ്ചിന് രാത്രി 11 ന് ശേഷമാണ്. പരിശോധനാ ഫലം അന്ന് രാവിലെ ഒമ്പതിന് അറിഞ്ഞതാണ്. അതിന് തെളിവുണ്ട്. ഒമ്പത് മണിക്കുള്ള ലിസ്റ്റില്‍ ഈ കുട്ടിയുടെ പേരുണ്ട്. പിന്നെ എടുക്കാന്‍ എന്തിനാണ് 13 മണിക്കൂര്‍ താമസിച്ചത്. അതിന് ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയേണ്ടതാണ്. അവര്‍ക്കെതിരേ നിശ്ചയമായും നടപടി ഉണ്ടാകും. ഇങ്ങനെയൊക്കെ എംഎല്‍എ വിശദീകരിച്ചിട്ടും ആറന്മുള പീഡനമെന്നാണ് മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. പേരുദോഷം കേട്ട് വലഞ്ഞപ്പോഴാണ് എംഎല്‍എ പീഡനത്തിലെ ആറന്മുള മാറ്റണമെന്ന് അഭ്യര്‍ഥിച്ചത്. അത് നടന്നില്ലെന്ന് മാത്രമല്ല, ട്രോളന്മാര്‍ പഴയ വീഡിയോ കുത്തിപ്പൊക്കി ട്രോളി കൊല്ലുക കൂടിയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…