സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറിലേക്ക്..

22 second read

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറിലേക്ക്. ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നതിനാല്‍ രണ്ട് ദിവസം കൊണ്ടു തന്നെ മരണം നൂറിലെത്തും. അതിനിടെ കഴിഞ്ഞ ദിവസം വരെ 87 പേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ജീവന്‍ നഷ്ടമായ 26 കോവിഡ് ബാധിതര്‍ നിബന്ധനകള്‍ കാരണം സര്‍ക്കാരിന്റെ പട്ടികയ്ക്കു പുറത്താണെന്ന വസ്തുതയുമുണ്ട്. ദേശീയതലത്തില്‍ 2.1 ശതമാനമാണ് മരണനിരക്ക്. കേരളത്തില്‍ അത് 0.31 ശതമാനം മാത്രം. രാജ്യത്ത് മരിച്ചവരില്‍ പകുതിയും അറുപതിനുമേല്‍ പ്രായമായവരാണെങ്കില്‍ സംസ്ഥാനത്ത് 68.97 ശതമാനവും ആ വിഭാഗത്തിലാണ്.

കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റെന്തെങ്കിലും ഗുരുതര രോഗമാണ് മരണകാരണം എന്നതിനാലാണ് ആരോഗ്യവകുപ്പ് അവരെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്. എന്നാല്‍ രോഗബാധിതരുടെ പട്ടികയില്‍ അവരുണ്ട്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം അങ്ങനെയുള്ളവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് നേരത്തേ മുഖ്യമന്ത്രിയും കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു. മരിച്ചവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നുമില്ലാത്തതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ മരണ നിരക്ക് കുറഞ്ഞ് നില്‍ക്കുകയാണ്.

എറണാകുളം ജില്ലയില്‍ ഏഴ് മരണങ്ങള്‍ പട്ടികയില്‍ ഇല്ല. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ നാലുപേര്‍ വീതം. ആലപ്പുഴയില്‍ രണ്ടും കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ഓരോരുത്തര്‍ വീതവും മരണ പട്ടികയില്‍ പുറത്താണ്. കഴിഞ്ഞമാസമാണ് സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്-48 പേര്‍. ഈമാസം ആദ്യ നാലുദിവസത്തില്‍ത്തന്നെ 14 പേര്‍ മരിച്ചു. മരണ നിരക്ക് അതിവേഗം ഉയരുന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇത്. രോഗികള്‍ കൂടുമ്പോള്‍ മരിക്കുന്നവരുടെ എണ്ണവും കൂടുന്നു. മരിച്ചവരില്‍ 25.29 ശതമാനംപേര്‍ മാത്രമാണ് ഏതെങ്കിലും യാത്രാചരിത്രമുള്ളവര്‍. വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളില്‍നിന്നോ എത്തിയവരാണ് അവര്‍. 3.45 ശതമാനം പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരാണ്. ബാക്കിയുള്ളവര്‍ക്കൊന്നും (71.26 ശതമാനം) പ്രത്യേക യാത്രാചരിത്രമില്ല. ഇതും ആശങ്കപ്പെടുത്തുന്നുണ്ട്.

ആറായിരത്തോളം പേര്‍ക്ക് രോഗം ബാധിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചതും. 16 പേര്‍. എറണാകുളം-14, കോഴിക്കോട്-9, മലപ്പുറം, തൃശ്ശൂര്‍ -8 വീതം, കണ്ണൂര്‍-7, കാസര്‍കോട്, ആലപ്പുഴ, കൊല്ലം-6 വീതം. പാലക്കാട്-2, ഇടുക്കി -2. പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ വീതവും. ഇന്നലെ കേരളത്തില്‍ 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 79. വിദേശത്തുനിന്ന് 66 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 125 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 13.

ഇന്നലെ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുരുഷോത്തമന്‍ (66, ചോമ്പാല, കോഴിക്കോട്), പ്രഭാകരന്‍ (73, ഫറോക്ക് കോഴിക്കോട്), മരക്കാര്‍കുട്ടി (70, കക്കട്ട്, കോഴിക്കോട്), അബ്ദുള്‍സലാം (58, വെളിനെല്ലൂര്‍, കൊല്ലം), യശോദ (59, ഇരിക്കൂര്‍, കണ്ണൂര്‍), അസൈനാര്‍ഹാജി (76, ഉടുമ്പുത്തല, കാസര്‍കോട്), ജോര്‍ജ് ദേവസി (83, തൃക്കാക്കര, എറണാകുളം) എന്നിവരാണ് മരണമടഞ്ഞത്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്- തിരുവനന്തപുരം 274, മലപ്പുറം 167, കാസര്‍കോട് 128, എറണാകുളം 120, ആലപ്പുഴ 108, തൃശൂര്‍ 86, കണ്ണൂര്‍ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14.

24 മണിക്കൂറിനകം 25,096 സാമ്പിളുകള്‍ പരിശോധിച്ചു. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1444 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,30,614 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1950 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 274ല്‍ 248ഉം സമ്പര്‍ക്ക രോഗബാധിതരാണ്. പൂന്തുറ, വിഴിഞ്ഞം എന്നീ സ്ഥലങ്ങളില്‍ രോഗവ്യാപന സാധ്യത കുറയുന്നുണ്ട്. എന്നാല്‍, അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഇന്നലെ 2011 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ 203 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മൂന്നിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…