മൂന്നുവയസുകാരന്‍ പൃഥ്വിരാജിന്റെ ഉള്ളില്‍ നിന്ന് കണ്ടെത്തിയത് രണ്ട് നാണയങ്ങള്‍

16 second read

ആലുവ: മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച മൂന്നുവയസുകാരന്‍ പൃഥ്വിരാജിന്റെ ഉള്ളില്‍ നിന്ന് കണ്ടെത്തിയത് രണ്ട് നാണയങ്ങള്‍. എന്നാല്‍ വയറ്റില്‍ നാണയം കുടുങ്ങിയാല്‍ മാത്രം ആരും മരിക്കാന്‍ സാദ്ധ്യതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ കളമശേരി മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. ടോമി പൊലീസിനോട് പറഞ്ഞു. നാണയങ്ങള്‍ കടന്നുപോയ ആമാശയത്തിനോ കുടലുകള്‍ക്കോ മുറിവുകളുണ്ടായിട്ടില്ല. നാണയങ്ങള്‍ രണ്ടും ചേര്‍ന്നാണിരുന്നത്. ഇവയെ വന്‍കുടലിന്റെ അറ്റത്താണ് കണ്ടെത്തിയത്.

വിദഗ്ദ്ധ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ കാക്കനാട് ലാബിന് കൈമാറി. അത് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. വേഗത്തില്‍ റിപ്പോര്‍ട്ട് കിട്ടുന്നതിനായി ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ക്ക് കത്ത് നല്‍കിയെന്ന് ബിനാനിപുരം സി.ഐ വി.ആര്‍. സുനില്‍കുമാര്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തില്‍ വയറ്റില്‍ നിന്ന് ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങളാണ് കണ്ടെത്തിയത്. ഒരു രൂപ തുട്ട് വിഴുങ്ങിയെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ആലുവ ജില്ലാ ആശുപത്രിയിലെ എക്‌സറേയിലും ഒരു നാണയമാണ് വ്യക്തമായത്. വീടിന്റെ ജനലിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന നാണയമാണ് വിഴുങ്ങിയത്.

ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പൂതകുളം നെല്ലേറ്റില്‍ തോണിപ്പാറ ലക്ഷംവീട് കോളനിയില്‍ നന്ദിനിയുടെ മകനാണ് പൃഥ്വിരാജ്. നന്ദിനിയില്‍ നിന്ന് പൊലീസ് പ്രാഥമിക മൊഴിയെടുത്തു. ആലുവ ജില്ലാ ആശുപത്രിയിലെത്തി പത്തുമിനിറ്റിന് ശേഷമാണ് മരണം സംഭവിച്ചതെന്നാണ് നന്ദിനി മാദ്ധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. എന്നാല്‍ കുഞ്ഞിനെ വീണ്ടും രാവിലെ കൊണ്ടുവരുമ്പോള്‍ മരിച്ചിരുന്നെന്നാണ് ആലുവ ജില്ലാ ആശുപത്രി അധികൃതരുടെ വാദം. ഇന്നലെ രാവിലെ 10 നാണ് പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്. 11.45ഓടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊല്ലം പരവൂരില്‍ മുത്തശ്ശിയുടെ വീട്ടു വളപ്പില്‍ വൈകിട്ട് സംസ്‌കരിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…