മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചിട്ട് ഇന്ന് ഒരാണ്ട്: ശ്രീറാമും ,വഫയും ഇതുവരെ നേരിട്ട് ഹാജരായിട്ടില്ല

17 second read

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചിട്ട് തിങ്കളാഴ്ചത്തേക്ക് ഒരാണ്ട്. ആറുമാസം മുമ്പ് കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും ഒന്നാംപ്രതിയായ ശ്രീറാമും രണ്ടാംപ്രതി വഫയും ഇതുവരെ നേരിട്ട് ഹാജരായിട്ടില്ല.

കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരിക്കുന്ന കേസില്‍ സെപ്റ്റംബര്‍ 16-ന് ഇരുവരും നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ ഹാജരായ ശേഷം വിചാരണയ്ക്കായി കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്കു മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമന്‍ അതിവേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചാണ് 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ കെ.എം. ബഷീര്‍ മരിക്കുന്നത്. വാഹനമോടിച്ചത് വഫയാണെന്നും താനല്ലെന്നുമുള്ള വാദങ്ങള്‍ക്കൊടുവില്‍ ശ്രീറാമിനെതിരേ വഫയും രംഗത്തുവന്നു. കോടതിയില്‍ അവര്‍ നല്‍കിയ മൊഴിയില്‍ ശ്രീറാം മദ്യപിച്ചിരുന്നുവെന്നും അപകട സമയത്ത് അദ്ദേഹമാണ് വാഹനമോടിച്ചിരുന്നതെന്നും പറയുന്നു.

മ്യൂസിയം പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന അപകടത്തില്‍ പോലീസ് ഒളിച്ചുകളി നടത്തുകയായിരുന്നു. അപകടശേഷം ജനറല്‍ ആശുപത്രിയിലേക്കു പോയ ശ്രീറാം അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറി. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് സാക്ഷിമൊഴികള്‍ ഉണ്ടായിരുന്നു. എന്നാല്‍, ശ്രീറാമിന്റെ രക്തപരിശോധന നടത്താനായത് ഒമ്പത് മണിക്കൂറുകള്‍ക്കു ശേഷമാണ്. അതും മാധ്യമ സമ്മര്‍ദത്തെ തുടര്‍ന്ന്. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ശ്രീറാമില്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് കുറിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം ശേഖരിച്ച രക്തത്തിന്റെ സാംപിള്‍ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.

ക്രൈംബ്രാഞ്ച് ഫെബ്രുവരി ഒന്നിന് നല്‍കിയ കുറ്റപത്രത്തില്‍ നൂറു സാക്ഷിമൊഴികളുണ്ട്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 (രണ്ട്), 201 വകുപ്പുകളും മോട്ടോര്‍വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് ശ്രീറാമിനും വഫയ്ക്കുമെതിരേ ചുമത്തിയത്.
കാറിന്റെ അതിവേഗവും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ളത് ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…