പ്രതിരോധ പ്രവര്‍ത്തനം പാളുന്നു എന്ന് വാര്‍ത്ത നല്‍കിയ ട്രൂവാര്‍ത്തയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ. ആര്‍. അജീഷ്‌കുമാര്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് ലൈവ് വൈറല്‍ ആയപ്പോള്‍

16 second read

പത്തനംതിട്ട : കഴിഞ്ഞദിവസമാണ് ട്രൂവാര്‍ത്ത എന്ന ഓണ്‍ലൈന്‍ മാധ്യമം ‘പ്രതിരോധ പ്രവര്‍ത്തനം പാളുന്നു: ക്വാറന്റൈനില്‍ പോകേണ്ടവര്‍ കറങ്ങി നടക്കുന്നു: മറ്റൊരു ലാര്‍ജ് ക്ലസ്റ്റര്‍ ആകാന്‍ കടമ്പനാട് പഞ്ചായത്ത്’എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയത്. ഇത് വാസ്തവ വിരുദ്ധവും കോവിഡ് 19 പ്രോട്ടോകോള്‍ ലംഘനവുമാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ലൈവില്‍ അറിയിച്ചത്. ജില്ലാപോലീസ് മേധാവിക്കും മുഖ്യമന്ത്രിയ്ക്കും പരാതിനല്‍കുമെന്നും അദ്ദേഹം പറയുന്നു. ട്രൂവാര്‍ത്ത നല്‍കിയ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ. ,

അടൂര്‍: കുമ്പഴയ്ക്ക് പിന്നാലെ ജില്ലയിലെ ലാര്‍ജ് ക്ലസ്റ്റര്‍ ആകാന്‍ കടമ്പനാട് പഞ്ചായത്ത് തയാറെടുക്കുന്നുവെന്ന് ആരോപണം. ജില്ലയില്‍ ഏറ്റവും ശോചനീയമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നത് ഈ പഞ്ചായത്തിലാണെന്ന് നാട്ടുകാര്‍ പറയുന്നു. യാതൊരു നിയന്ത്രണവുമില്ലാത്ത നിലയിലാണ് ഇവിടെ കാര്യങ്ങള്‍. ഉറവിടം അറിയാത്ത കോവിഡ് സ്ഥിരീകരിച്ച തൊട്ടടുത്ത പള്ളിക്കല്‍ പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി മാറ്റിക്കഴിഞ്ഞു. ഇവിടെയാകട്ടെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡ്രൈവര്‍ക്ക് വരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

നെല്ലിമുകളിലെ മല്‍സ്യ വില്‍പനക്കാരനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്ന് മീന്‍ വാങ്ങാത്ത നാട്ടുകാര്‍ കുറവാണ്. ഇങ്ങനെ മീന്‍ വാങ്ങിയവരെ കണ്ടെത്താനോ ക്വാറന്റൈന്‍ ചെയ്യിക്കാനോ ആരോഗ്യവകുപ്പ് അധികൃതര്‍ തുനിഞ്ഞില്ല. എന്തിനേറെ പറയുന്നു, ഒരു ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ പോലും പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തയാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏഴാംമൈലില്‍ പപ്പട കച്ചവടം നടത്തുന്ന വയോധികയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്ന് കൊല്ലം ജില്ലയില്‍ നിരവധി പേര്‍ക്ക് രോഗം പകര്‍ന്നു. ഇവര്‍ ചന്തയിലും പപ്പടം വില്‍ക്കാന്‍ എത്തുമായിരുന്നു. നിരവധി പേര്‍ ഇവരില്‍ നിന്നും പപ്പടം വാങ്ങിയിട്ടുണ്ട്. ആ സമ്പര്‍ക്കപ്പട്ടികയും തയാറല്ല. കോവിഡ് സ്ഥിരീകരിക്കപ്പെട്ട തെങ്ങാമത്തെ ഗര്‍ഭിണി,തെങ്ങമം കിഴക്ക് സ്വദേശി എന്നിവര്‍ കയറി ഇറങ്ങാത്ത കടകള്‍ നെല്ലിമുകളില്‍ ഇല്ല. അത് അടപ്പിക്കുകയോ അണുനശീകരണത്തിന് ശിപാര്‍ശ ചെയ്യുകയോ ചെയ്തിട്ടില്ല.

പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇയാളുമായി ബന്ധപ്പെട്ട ചിലര്‍ ക്വാറന്റൈനില്‍ പോയിട്ടില്ലെന്നാണ് പരാതി. പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണെന്ന് പറഞ്ഞ് ഇവരില്‍ ചിലര്‍ ഇപ്പോഴും കറങ്ങി നടക്കുന്നു. ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഒരു പഞ്ചായത്തംഗം കഴിഞ്ഞ ദിവസം അടൂരില്‍ കറങ്ങാന്‍ പോയെന്നും പരാതിയുണ്ട്. ആരോഗ്യ വകുപ്പ് ഇതൊന്നും അറിഞ്ഞ മട്ട് കാണിക്കുന്നില്ല.ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് പോലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്. ഇവര്‍ പരസ്യമായി പറയാന്‍ മടിക്കുകയാണ്.’
കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ. ആര്‍. അജീഷ്‌കുമാറിന്റെ ഫെയ്‌സ്ബുക്ക് ലൈവ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…