ബുദ്ധിമാനായ വിഡ്ഢി സൂരജ് : ആദ്യശ്രമം പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെ വീണ്ടും അതേ രീതിയില്‍ കൊലപാതകത്തിന് ശ്രമിച്ചത് വിനയായി: വാവാ സുരേഷിന്റെ വെളിപ്പെടുത്തലും നിര്‍ണായകമായി: ഉത്രയുടെ കൊലപാതകത്തില്‍ പ്രതികള്‍ അറസ്റ്റിലായെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

18 second read

കൊല്ലം: അതിബുദ്ധിമാനായിരുന്നു സൂരജ്. അതേ പോലെ തന്നെ വിഡ്ഢിയും. ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ അതേ രീതിയില്‍ കൊലപാതകം നടത്തിയതാണ് സൂരജിന് വിനയായത്. പാമ്പു കടിയേറ്റ ഒരാള്‍ അതിന് ചികില്‍സയിലിരിക്കേ വീണ്ടും പാമ്പ് കടിച്ച് കൊല്ലപ്പെട്ടത് ഏറെ സംശയം ഉയര്‍ത്തിയിരുന്നു. ഇതേപ്പറ്റി ആദ്യം ഉത്രയുടെ കുടുംബത്തിന് സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍, പാമ്പിനെ കുറിച്ച് സകലശാസ്ത്രവും അറിയാവുന്ന വാവാ സുരേഷിന്റെ വാക്കുകളാണ് അവരില്‍ സംശയം ജനിപ്പിച്ചത്. ടൈലിട്ട മുറിയില്‍ പാമ്പ് കയറില്ലെന്നും അഥവാ കയറിയാല്‍ തന്നെ ഇഴയാന്‍ കഴിയില്ലെന്നും പറഞ്ഞ വാവാ സുരേഷ് ഉപദ്രവിക്കാതെ ഒരു പാമ്പും കടിക്കുകയില്ലെന്നും ചൂണ്ടിക്കാട്ടി. കരിമൂര്‍ഖന്‍ കടിച്ചാല്‍ കടുത്ത വേദന അനുഭവപ്പെടും. ഇതൊക്കെ വച്ചു നോക്കുമ്പോള്‍ ഉത്രയുടെ മരണ കാരണം പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു സുരേഷ് പറഞ്ഞത്.
ഒടുവില്‍ കൊലപാതകക്കേസില്‍ സൂരജും സുഹൃത്ത് പാമ്പ് സുരേഷും അറസ്റ്റിലാകുമ്പോഴും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ തുടരുന്നു. ആദ്യം സൂരജിന്റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ഉത്രയ്ക്ക് പാമ്പു കടിയേറ്റത്. അന്ന് അണലിയാണ് കടിച്ചത്. രാത്രി വീടിന് വെളിയില്‍ അമ്മായിയമ്മയ്ക്കൊപ്പം ഇറങ്ങിയപ്പോള്‍ രാത്രി എട്ടരയോടെയാണ് പാമ്പ് കടിച്ചത് എന്നാണ് സൂരജിന്റെ സഹോദരി പറഞ്ഞത്. പിറ്റേന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉത്രയെ അടൂരിലെ രണ്ട് ആശുപത്രികളിലും അവിടെ നിന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലും കൊണ്ടു പോയത്. ഇവിടെയാണ് സംശയം ഉയരുന്നത്. സൂരജിന്റെ ബന്ധുക്കള്‍ പറയുന്നത് രാത്രി എട്ടരയ്ക്ക് പാമ്പു കടിച്ചുവെന്ന്. അപ്പോള്‍ കടി കൊണ്ടയാള്‍ എങ്ങനെ പുലര്‍ച്ചെ മൂന്നുമണി വരെ കുഴപ്പമില്ലാതെ ഇരുന്നുവെന്നതാണ് അതിലൊന്ന്.

അപ്പോള്‍ വീടിന് വെളിയില്‍ വച്ചല്ല, ഉള്ളില്‍ വച്ച് തന്നെയാകണം ഉത്രയ്ക്ക് പാമ്പു കടിയേറ്റത്. കൊല്ലാന്‍ പദ്ധതിയിട്ടാണ് അന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ചതെങ്കില്‍ എന്തിന് ആശുപത്രിയില്‍ കൊണ്ടു പോയി? അപ്പോള്‍ ആദ്യത്തേത് ഒരു ഡ്രസ് റിഹേഴ്സല്‍ ആയിരുന്നിരിക്കണം.
അഞ്ചലിലെ ഉത്രയുടെ വീട്ടില്‍ വച്ച് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന മൊഴിയിലും ചില സംശയങ്ങള്‍ ഉണ്ട്. നേരത്തേ ബാഗിനുള്ളില്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ അടച്ചു കൊണ്ടു വന്ന കരിമൂര്‍ഖനെ രാത്രയില്‍ ഉത്രയുടെ ശരീരത്തിലേക്ക് തുറന്നു വിടുകയാണ് സൂരജ് ചെയ്തത് എന്നാണ് പറയുന്നത്. വെറുതേ അങ്ങനെ തുറന്നു വിട്ടാല്‍ പാമ്പ് കടിക്കില്ല. രണ്ടു രീതിയിലാണ് പാമ്പ് കടിക്കുക. ഒന്ന്-ഇരയെന്ന രീതിയില്‍. രണ്ട്-പ്രതിരോധത്തിന്. ഇരയെന്ന രീതിയില്‍ കടിക്കുമ്പോള്‍ വിഷം സ്പ്രേ ചെയ്യുന്നത് കുറവാകും. മരണകാരണമാകുന്ന കടി പലപ്പോഴും പ്രതിരോധിക്കുമ്പോള്‍ ഉണ്ടാകുന്നതാണ്. ഇവിടെ പാമ്പ് കടിക്കുമ്പോള്‍ ഉത്ര അബോധാവസ്ഥയിലായിരുന്നുവെന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ പാമ്പ് ശരീരത്ത് വീഴുമ്പോഴോ, കടിക്കുമ്പോഴോ ഉത്ര ഉണര്‍ന്ന് ബഹളം കൂട്ടേണ്ടിയിരുന്നു.

പാമ്പിനെ പ്രകോപിപ്പിക്കാന്‍ തക്കതായി സൂരജ് എന്തെങ്കിലും ചെയ്തു കാണണം. നേരത്തേ ഏതെങ്കിലും മരുന്നു കൊടുത്ത് യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷമാകും പാമ്പിനെ ശരീരത്തിലേക്ക് തുറന്നു വിട്ടിരിക്കുക. അതിന് ശേഷം അബോധാവസ്ഥയിലുള്ള യുവതിയുടെ കൈ എടുത്ത് പാമ്പിനെ വേദനിപ്പിച്ചു കാണും. ആ സമയത്താകും പാമ്പ് കടിച്ചിരിക്കുക. രണ്ടു തവണ പാമ്പ് ഉത്രയെ കടിച്ചുവെന്നാണ് സൂരജിന്റെ മൊഴി. കരിമൂര്‍ഖന്‍ കടിച്ചാല്‍ കടുത്ത വേദനയുണ്ടാകും. സ്വാഭാവികമായും കടി കൊണ്ടയാള്‍ ഞെട്ടി ഉണര്‍ന്ന് നിലവിളിക്കുകയും ചെയ്യും. അതും ഇവിടെ ഉണ്ടായിട്ടില്ല.

നിലവില്‍ സൂരജ് നല്‍കിയ മൊഴിയാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. എന്തു കൊണ്ട് ഉത്ര നിലവിളിച്ചില്ല എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയോ പൊലീസ് അതിന് മറുപടി പറയുകയോ ചെയ്തിട്ടില്ല. അതു കൊണ്ട് തന്നെ ഈ കൊലപാതകത്തിന്റെ ആസുത്രണത്തില്‍ ലൂപ് ഹോള്‍ അവശേഷിക്കുന്നു.
ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് കാണിച്ച അനാവശ്യ തിടുക്കമാണ് അയാള്‍ കുടുങ്ങാന്‍ കാരണമായതും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…