ഹോം ക്വാറന്റൈന്റെ ഗുണം: രോഗലക്ഷണമുള്ളയാള്‍ വീട്ടില്‍ നിന്ന് പരിശോധനയ്ക്ക് പോയത് ബൈക്കില്‍: സ്രവം കൊടുത്ത ശേഷം നാടുനീളെ കറങ്ങി: രോഗം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ആശങ്കയില്‍

16 second read

ചെങ്ങന്നൂര്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്‍സ്റ്ററ്റിയൂഷണല്‍ ക്വാറന്റൈന്‍ ഒഴിവാക്കിയ സര്‍ക്കാരിന് തിരിച്ചടി. ഇങ്ങനെ അന്യസംസ്ഥാനത്ത് നിന്ന് വന്ന് ഹോംക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാള്‍ സ്രവ പരിശോധനയ്ക്ക് പോയ വഴി നാടുനീളെ കറങ്ങി. ഒടുക്കം ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ആശങ്കയില്‍. കഴിഞ്ഞയാഴ്ച ഇതരസംസ്ഥാനത്ത് നിന്ന് വന്ന പാണ്ടനാട് ഒന്നാം വാര്‍ഡിലുള്ള യുവാവിനാണ് കോവിഡ് ഇന്നലെ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ബുധനാഴ്ച ഉച്ചയോടെ ഇയാള്‍ പാണ്ടനാട്ടുള്ള വീട്ടില്‍ നിന്ന് സ്രവപരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിലേക്ക് പോയത് ബൈക്കില്‍ ആയിരുന്നു.ഇയാള്‍ കഴിഞ്ഞ ആഴ്ച ഇതരസംസ്ഥാനത്ത് നിന്ന് തിരുവന്‍വണ്ടുരില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നാട്ടില്‍ എത്തിയതാണ്. ഏഴുദിവസത്തെ കര്‍ശന ഹോം ക്വാറന്റൈന്‍ എന്ന വ്യവസ്ഥ ലംഘിച്ചാണ് ഇയാള്‍ സ്രവ പരിശോധനയ്ക്ക് പോയത്. ഇയാള്‍ പോകുന്ന വിവരം ആരോഗ്യവകുപ്പ് അധികൃതരോ നിരീക്ഷണം നടത്തുന്ന പൊലീസുകാരോ അറിഞ്ഞിരുന്നില്ല.

ഹോം ക്വാറന്റീനില്‍ കഴിയുന്നയാള്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് വരുത്തി അതില്‍ വേണം സ്രവപരിശോധനയ്ക്ക് പോയി മടങ്ങാന്‍. അതിനിടെ മറ്റുള്ളവരുമായി സമ്പര്‍ക്കവും പാടില്ല. ഇതൊക്കെ ലംഘിച്ചായിരുന്നു യുവാവിന്റെ കറക്കം. ഇതിനിടെ ഇയാള്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയില്‍ ചെങ്ങന്നൂരിലുള്ള ഡിലൈറ്റ് മെഡിക്കല്‍ സ്റ്റോര്‍, എച്ച്.പി പമ്പ്, കല്ലിശേരിയിലുള്ള സാംസണ്‍ ബേക്കറി എന്നിവിടങ്ങളില്‍ കയറി ഇറങ്ങി. വിവരം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഈ സ്ഥാപനങ്ങള്‍ അടപ്പിച്ചു. അണുവിമുക്തമാക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഗുരുതര വീഴ്ചയാണ് ഇവിടെ വ്യക്തമായിരിക്കുന്നത്. ഇയാളില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാകുമെന്നത് വ്യക്തമല്ല.

ചെങ്ങന്നൂര്‍ പൊലീസിലെ ഉന്നതനും കല്ലിശേരിയും തിരുവന്‍വണ്ടൂരും കേന്ദ്രീകരിച്ചുള്ള രണ്ട് സ്വകാര്യ ടൂറിസ്റ്റ് ബസ് കമ്പനിയുമായി അടുത്ത ബന്ധമാണുള്ളത്. മാനദണ്ഡങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തി ഈ ബസുകള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആളെ കൊണ്ടുവരാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇവര്‍ക്ക് ഒത്താശ ചെയ്യാന്‍ ചില ജനപ്രതിനിധികളും പാര്‍ട്ടിക്കാരുമുണ്ട്. കോവിഡ് വന്നതിന് ശേഷം ചെങ്ങന്നൂരില്‍ ഇത്തരം സംഭവം ആദ്യത്തേതല്ല. തബ് ലീഗില്‍ പങ്കെടുത്തു മടങ്ങിയ മുളക്കുഴ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇയാള്‍ സജി ചെറിയാന്‍ എംഎല്‍എ നേരിട്ട് നടത്തുന്ന കരുണ പാലിയേറ്റീവ് കെയറിന്റെ സമൂഹ അടുക്കളയിലും മറ്റും കറങ്ങി നടന്നിരുന്നു. രോഗം സ്ഥീരീകരിച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ സഞ്ചാരപഥത്തില്‍ നിന്ന് കരുണ പാലിയേറ്റീവ് കെയര്‍ എന്ന സ്ഥാപനം അപ്രത്യക്ഷമായിരുന്നു. ഇയാളുടെ സഞ്ചാരപഥത്തില്‍ നിന്ന് കുഴപ്പമുള്ള സ്ഥലങ്ങള്‍ എല്ലാം ഒഴിവാക്കി വിടുകയും ചെയ്തു. മണ്ഡലത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് വിട്ടു വീഴ്ച ചെയ്യേണ്ട ഗതികേടിലാണ് ആരോഗ്യവകുപ്പ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…