കോവിഡ് കാലത്ത് കട്ടയും പടവും മടങ്ങിയ മാധ്യമങ്ങള്‍ക്ക് ഇത്തിരി ആശ്വാസമായി ജെയിന്‍ ഡീംഡ് യൂണിവേഴ്സിറ്റിയുടെ പരസ്യം: മാധ്യമങ്ങളളെ ചാക്കിലാക്കിയത് ഈ കല്‍പിത സര്‍വകലാശാലയ്ക്ക് അംഗീകാരമില്ലെന്ന വിവരം മറച്ചു വച്ചുള്ള തട്ടിപ്പിന്: കോടികളുടെ പരസ്യം വന്ന സ്ഥിതിക്ക് മറ്റു കാര്യങ്ങളൊക്കെ സുരക്ഷിതമാക്കി ജെയിന്‍ സര്‍വകലാശാല

16 second read

അടൂര്‍: കേരളത്തില്‍ ഏതു തട്ടിപ്പും നടത്താം. ഇവിടുത്തെ ചെറുതും വലുതുമായ മാധ്യമങ്ങള്‍ക്ക് വാരിക്കോരി പരസ്യം നല്‍കിയാല്‍ മതിയാകും. പരസ്യ ദാതാവിന് പിന്നെന്തു സംഭവിച്ചാലും മാധ്യമങ്ങള്‍ നോക്കിേക്കാളും. നേരോടെ നിര്‍ഭയം നിരന്തരം പ്രവര്‍ത്തിക്കുന്നവര്‍ അടക്കം അതില്‍ ഒട്ടും വ്യത്യസ്തരല്ല. കോവിഡ് കാലത്ത് ഏറ്റവും തിരിച്ചടിയേറ്റ വ്യവസായങ്ങളുടെ കൂട്ടത്തിലാണ് പത്രവും ഉള്ളത്. പത്രമുത്തശ്ശികളായ മലയാള മനോരമയും മാതൃഭൂമിയും അടക്കം പരസ്യങ്ങള്‍ ഇല്ലാതെ സര്‍ക്കാര്‍ പരസ്യങ്ങളുടെ പിന്‍ ബലത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

മലയാളം ചാനലുകളാകട്ടെ വരുമാനക്കുറവ് മൂലം ശമ്പളം വെട്ടിക്കുറക്കുന്ന അവസ്ഥയിലുമാണ്. ഇതിനിടെയാണ് മാധ്യമങ്ങള്‍ക്ക് ലോട്ടറി പോലെ ഒരു വമ്പന്‍ പരസ്യം ഇന്നത്തെ പത്രങ്ങളില്‍ എത്തിയത്. ജെയിന്‍ യൂണിവേഴ്സിറ്റി എന്ന ഡീംഡ് യൂണിവേഴ്സിറ്റി കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ പത്രങ്ങളിലും ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയത്. ജന്മഭൂമി ഒഴികെയുള്ള പത്രങ്ങളില്‍ എല്ലാം ഈ പരസ്യം എത്തുകയുണ്ടായി.

ചെറുതെന്നും വലുതെന്നും നോക്കാതെ എന്താണ് ഇങ്ങനെ പരസ്യം നല്‍കുന്നതിനെ ഗുട്ടന്‍സ് എന്നു പരിശോധിക്കുമ്പോളാണ് ഇതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന വിവരം പുറത്തു വരിക. ജെയിന്‍ യൂണിവേഴ്സിറ്റിക്ക് കേരളത്തില്‍ ഓഫ് കാമ്പസ് തുടങ്ങാന്‍ അനുമതി ഇതുവരെ യുജിസിയില്‍ നിന്നും ലഭിച്ചിട്ടില്ല. ഡീംഡ് യൂണിവേഴ്സിറ്റികള്‍ പ്രവര്‍ത്തിക്കേണ്ടത് അവരുടെ ആസ്ഥാനങ്ങളില്‍ മാത്രമാണെന്നാണ് വ്യവസ്ഥ അവര്‍ക്ക് ഓഫ് ക്യാമ്പസ് അനുമതിയില്ല. എന്നിട്ടും ജെയിന്‍ ഡീംഡ് യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് അനധികൃതമായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നു.

ജെയിന്‍ യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസിന് അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍ക്കാരിനു നല്‍കിയ കത്തില്‍ യുജിസി തന്നെ വ്യക്തമാക്കുന്നുമുണ്ട്. ഇത് മലയാളത്തിലെ വര്‍ത്തമാന പത്രങ്ങള്‍ക്ക് അറിയാവുന്നതുമാണ്. യുജിസിയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഓഫ് ക്യാമ്പസിന് മലയാളത്തിലെ മുന്‍നിര പത്രങ്ങള്‍ ചൂട്ടുപിടിക്കുകയാണ്.

ഇത് അനധികൃതമാണെന്ന് മനസിലാക്കി തന്നെയാണ് ഇവരുടെ പരസ്യങ്ങള്‍ വര്‍ത്തമാന പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ജെയിന്‍ ഡീംഡ് യൂണിവേഴ്സിറ്റിയുടെ ഫുള്‍ പേജ് കളര്‍ പരസ്യങ്ങളാല്‍ അലംകൃതമായാണ് മലയാളത്തിലെ മിക്ക മുന്‍ നിര പത്രങ്ങളും ഇന്നു പുറത്തിറങ്ങിയിരിക്കുന്നത്.
ഉണരുക, ലോകം വിളിക്കുന്നു എന്നാണ് ജെയിന്‍ യൂണിവേഴ്സിറ്റിയുടെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. പുതുയുഗത്തിലെ ഹെല്‍ത്ത് കെയര്‍ കോഴ്സുകള്‍ വഴി കരിയര്‍ കെട്ടിപ്പടുക്കാനാണ് ആഹ്വാനം. ഈ പരസ്യം കേട്ട് എടുത്ത് ചാടുന്നവര്‍ ശ്രദ്ധിക്കുക.

യുജിസിയുടെ അംഗീകാരമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓഫ് കാമ്പസാണ് ജെയിനിന്റെ കൊച്ചിയിലേത്. കേരള സര്‍ക്കാര്‍ എഴുതി ചോദിച്ചപ്പോഴാണ് ജെയിനിന്റെ കൊച്ചിയിലെ ഓഫ് ക്യാമ്പസ് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് യുജിസി അറിയിച്ചത്. ഇതിനു ഔദ്യോഗിക ലെറ്ററും യുജിസി നല്‍കിയിട്ടുണ്ട്. ഡീംഡ് യൂണിവേഴ്സിറ്റികള്‍ക്ക് ഓഫ് ക്യാമ്പസ് അനുമതി നല്‍കുക യുജിസിയുടെ പതിവല്ല.

അനധികൃതമായാണ് ഈ ക്യാമ്പസ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് മുന്‍പ് തന്നെ ആരോപണം ഉയര്‍ന്നതാണ്. ഇത് മറച്ചുവച്ചാണ് കൊച്ചിയിലെ ഓഫ് ക്യാമ്പസിന്റെ നമ്പറും വിവരങ്ങളും നല്‍കി പരസ്യം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗം തട്ടിപ്പുകളുടെ വിളനിലമാണ്. എന്നിട്ടും തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കും വിധമാണ് ഒന്നാം പേജ് പരസ്യമായി ജെയിന്‍ യൂണിവെഴ്സിറ്റി പരസ്യം ഒന്നാം പേജ് ഫുള്‍ പേജ് പരസ്യമായി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ജയിന്‍ യൂണിവേഴ്സിറ്റി, കൊച്ചി കേന്ദ്രമായ കാമ്പസില്‍ നിന്നാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍, ഐടി, സയന്‍സ് പ്രോഗ്രാമുകള്‍ നടത്തുന്നത്. യൂണിവേഴ്സിറ്റിയുടെ കൊച്ചി കേന്ദ്രം തന്നെ അനധികൃതമാണ്. അതുകൊണ്ടാണ് പരസ്യങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയരുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …