1,00,000 വിമാന ടിക്കറ്റുകളാണ് സൗജന്യമായി നല്‍കുന്നത്: ലോകത്തെമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ക്ക് ഈ നഴ്‌സിങ് ദിനത്തില്‍ സന്തോഷിക്കാനുള്ള സമ്മാനവുമായി ഖത്തര്‍ എയര്‍വേയ്‌സ്

16 second read

ദോഹ: ലോകത്തെമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ക്ക് ഈ നഴ്‌സിങ് ദിനത്തില്‍ സന്തോഷിക്കാനുള്ള സമ്മാനവുമായി ഖത്തര്‍ എയര്‍വേയ്‌സ്. നഴ്‌സുമാരും ഡോക്ടര്‍മാരും അടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി പറക്കാനുള്ള അവസരമാണ് ഖത്തര്‍ എയര്‍വേയ്‌സ് ഒരുക്കുന്നത്. ഏതു രാജ്യത്ത് നിന്നും ഏതു രാജ്യത്തേക്കും പറക്കാം. ലോകം എമ്പാടും മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ ഗുണം ഉണ്ടാവുന്നത് അവര്‍ക്ക് തന്നെയാണ്. ഈ കൊറോണ കാലത്ത് കേട്ട ഏറ്റവും വലിയ സന്തോഷ വാര്‍ത്തയില്‍ ഏറ്റവും കൂടുതല്‍ ഗുണം അനുഭവിക്കുന്നത് മലയാളി നഴ്‌സുമാര്‍ തന്നെയാവുമെന്ന് ഉറപ്പ്.

തങ്ങളുടെ ജീവന്‍ പണയം വച്ച് കൊറോണ രോഗികളെ ശുശ്രൂഷിച്ച് കോവിഡ് 19 പോരാട്ടത്തില്‍ നിര്‍ണായകമായി നിലകൊള്ളുന്നവരാണ് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരെ പോലുള്ള ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍. അതിനാല്‍ തന്നെ അവര്‍ക്കുള്ള ആദരമെന്നോണമാണ് ഖത്തര്‍ എയര്‍വേയ്‌സ് ഈ പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണമായും സൗജന്യമായാണ് വിമാന ടിക്കറ്റുകള്‍ നല്‍കുക. ആഗോള തലത്തിലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1,00,000 വിമാന ടിക്കറ്റുകളാണ് സൗജന്യമായി നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പലവിധ സഹായങ്ങളും ഓഫറുകളും നല്‍കി വിവിധ കമ്പനികള്‍ രംഗത്തുണ്ട്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായ ഓഫറാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെത്.

ഈ ഓഫറിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് അര്‍ദ്ധരാത്രി ആരംഭിച്ചു കഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.01 മുതല്‍ ഈമാസം 18ന് ദോഹ സമയം രാത്രി 11.59 വരെയുള്ള സമയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റിനായി രജിസ്റ്റര്‍ ചെയ്യാം. ഓര്‍ക്കുക, ഒരുലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് നല്‍കുക. അതിനാല്‍ തന്നെ, എത്രയും പെട്ടെന്ന് തീരുമാനമെടുത്ത് രജിസ്റ്റര്‍ ചെയ്യുക. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്നീഷ്യന്മാര്‍, ക്ലിനിക്കല്‍ റിസര്‍ച്ചര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. ലോകത്തിലെ ഏതു രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ ടിക്കറ്റിനായി അപേക്ഷിക്കാം. ഇക്കോണമി ക്ലാസ് ടിക്കറ്റാണ് ലഭിക്കുക. അപേക്ഷാ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓരോ രാജ്യങ്ങള്‍ക്കും ദിവസേന നിശ്ചിത ടിക്കറ്റുകള്‍ അനുവദിക്കും’അപേക്ഷിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ലിങ്കില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കുകയാണ് ആദ്യം വേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഇതിനെ തുടര്‍ന്ന് അവര്‍ക്ക് ഒരു യുണിക് പ്രമോഷന്‍ കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് യാത്രയ്ക്ക് 14 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. കോഡ് ലഭിക്കാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. യാത്രാ ദിവസം വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ പാസ്പോര്‍ട്ട് കൂടാതെ ആരോഗ്യ പ്രവര്‍ത്തകന്‍ ആണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവയുടെ ഒറിജിനല്‍ രേഖകള്‍ കാണിക്കണം. രേഖകളുടെ ഫോട്ടോ അല്ലെങ്കില്‍ പ്രിന്റ് അംഗീകരിക്കില്ല. ആരോഗ്യപ്രവര്‍ത്തകന്‍ യാത്രയ്ക്ക് യോഗ്യനല്ലെങ്കില്‍ അപേക്ഷകന്റെ സഹയാത്രികരായി ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ക്കും യാത്ര അനുവദിക്കുന്നതല്ല.

ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 2020 നവംബര്‍ 26ന് മുമ്പായി യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. മെയ് 26 മുതല്‍ ഡിസംബര്‍ 10 വരെയാണ് യാത്രാ കാലാവധി. ഒരാള്‍ക്ക് ഇക്കോണമി ക്ലാസില്‍ പരമാവധി രണ്ട് ടിക്കറ്റുകള്‍ എടുക്കാം. ആരോഗ്യപ്രവര്‍ത്തകനും അദ്ദേഹത്തിനൊപ്പം 12 വയസിന് മുകളിലുള്ള ഒരാള്‍ക്ക് കൂടി ടിക്കറ്റ് അനുവദിക്കും. ഏത് രാജ്യത്തുള്ള ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍ക്കും ഇത്തരത്തില്‍ രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും. എന്നാല്‍ മൊത്തം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തുള്ളവര്‍ക്കും ദിവസവും ഇത്തരത്തില്‍ ലഭിക്കുന്ന ടിക്കറ്റുകള്‍ ഒരു നിശ്ചിത എണ്ണമായി പരിമിതപ്പെടുത്തുമെന്നും കമ്പനി അറിയിക്കുന്നു.

ഏത് രാജ്യത്തേക്ക് വേണമെങ്കിലും ടിക്കറ്റ് എടുക്കാമെന്ന് മാത്രമല്ല സൗജന്യമായി തന്നെ തീയതിയില്‍ മാറ്റം വരുത്താനും കഴിയും. എന്നാല്‍ വിമാനത്താവള നികുതി നല്‍കേണ്ടി വരും. ഇത്തത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏത് ഖത്തര്‍ ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും 35 ശതമാനം ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വാങ്ങാനും സാധിക്കും. ഈ ടിക്കറ്റുകള്‍ 2020 ഡിസംബര്‍ 31 വരെ സാധുതയുള്ളവയാകും.

പുതിയ ഓഫറിനെ കുറിച്ച് വ്യക്തമാക്കി ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവായ അക്ബര്‍ അല്‍ ബേക്കര്‍ ആണ് വെബ്‌സൈറ്റിലൂടെ വ്യക്തമാക്കിയത്. കൊറോണക്കെതിരെ ലോകമെമ്പാടും ആത്മാര്‍ത്ഥമായും അക്ഷീണമായും പോരാടുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കുള്ള തങ്ങളുടെ ആദരവാണിതെന്ന് അദ്ദേഹം പറയുന്നു. ഇവരുടെ ആത്മാര്‍ത്ഥതയും ധൈര്യവും കാരണമാണ് ആയിരക്കണക്കിന് പേരുടെ ജീവന്‍ കൊറോണയില്‍ നിന്നും രക്ഷപ്പെടുത്താനാവുന്നതെന്ന കാര്യവും അദ്ദേഹം എടുത്തു കാട്ടുന്നു. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍സ്, ക്ലിനിക്കല്‍ റിസര്‍ച്ചര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ വിവിധ തസ്തികകളിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കാനാണ് ഖത്തര്‍ എയര്‍വേസ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേസ് സര്‍വീസുള്ള എവിടേക്കും രണ്ട് സൗജന്യ എക്കണോമി ക്ലാസ് ട്രിപ്പുകളാണ് ലഭിക്കുന്നത്. ഇത്തത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏത് ഖത്തര്‍ ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും 35 ശതമാനം ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വാങ്ങാനും സാധിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംബര്‍ 26 വരെ ഇത്തരത്തില്‍ തങ്ങളുടെ സൗജന്യ ട്രിപ്പിനായി ബുക്ക് ചെയ്യാം. ഈ ടിക്കറ്റുകള്‍ 2020 ഡിസംബര്‍ 31 വരെ സാധുതയുള്ളവയാകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…