ലോകകപ്പ് ഫുട്‌ബോളിന്റെ വൊളന്റിയറാവാന്‍ മുന്നില്‍ ഇന്ത്യക്കാര്‍

19 second read

ദോഹ: 2022ലെ ലോകകപ്പ് ഫുട്‌ബോളിന്റെ വൊളന്റിയറാവാന്‍ മുന്നില്‍ ഇന്ത്യക്കാര്‍. റജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ 20,000ത്തിലേറെ ഇന്ത്യക്കാരാണു വൊളന്റിയറാവാനായി റജിസ്റ്റര്‍ ചെയ്തത്. റജിസ്റ്റര്‍ ചെയ്ത മൊത്തം ആളുകളുടെ എണ്ണം 1,42,600 കടന്നു.

ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി(എസ്സി) സെപ്റ്റംബര്‍ രണ്ടു മുതലാണ് ഓണ്‍ലൈനായി വൊളന്റിയര്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചത്.160ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വൊളന്റിയറാവാനായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഖത്തറിനു പുറമെ, ഒമാന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങി മേന മേഖലയില്‍ നിന്നുള്ള 22 രാജ്യങ്ങളില്‍ നിന്നുള്ളവരും റജിസ്റ്റര്‍ ചെയ്തവരിലുണ്ട്. 18നും 25നും ഇടയ്ക്കു പ്രായമുള്ളവരാണു റജിസ്റ്റര്‍ ചെയ്തവരില്‍ ഏറെയും. ഖത്തറില്‍ നിന്ന് 7200ലേറെ പേരാണു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഒമാന്‍ 10,000, ജോര്‍ദാന്‍ 9800, ഈജിപ്ത് 12,000, മൊറോക്കോ 10,500, അല്‍ജീരിയ 8000 എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളില്‍നിന്നു റജിസ്റ്റര്‍ ചെയ്ത ആളുകളുടെ എണ്ണം. 2022ലെ ഖത്തര്‍ ലോകകപ്പിനുള്ള ശക്തമായ പിന്തുണയാണു വൊളന്റിയര്‍ പദ്ധതിക്കുള്ള അപേക്ഷകരുടെ ബാഹുല്യത്തിലൂടെ വ്യക്തമാകുന്നതെന്നു എസ്‌സിയുടെ കമ്യൂണിറ്റി എന്‍ഗേജ്‌മെന്റ് മാനേജര്‍ മീദ് അല്‍ എമാദി പറഞ്ഞു. ഫുട്‌ബോള്‍ ലോകത്തിന്റെ മല്‍സരമാണ്. 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറിന്റെ മാത്രമല്ല, മേന മേഖലയുടെയും ഏഷ്യയുടെയും മുഴുവന്‍ ലോകകപ്പാണ്.

വൊളന്റിയര്‍ റജിസ്‌ട്രേഷന്റെ വലിയ വിജയം ഇതു വ്യക്തമാക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഇപ്പോഴും വൊളന്റിയര്‍ റജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ തുടരുകയാണ്. വൊളന്റിയറാവുകയെന്നതു മനോഹരമായൊരു അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു. 2022 ലോകകപ്പുമായി ബന്ധപ്പെട്ടുള്ള പരിപാടികളില്‍ പങ്കാളികളാകാനുള്ള അവസരമാണു വൊളന്റിയറാവുന്നതിലൂടെ ലഭിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി, മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ്, ഓഡിയന്‍സ് മാനേജ്‌മെന്റ്, സുരക്ഷ, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയവയിലെല്ലാം ഭാഗമാകാന്‍ വൊളന്റിയര്‍മാര്‍ക്കു സാധിക്കും. വൊളന്റിയര്‍ റജിസ്‌ട്രേഷന്- www.seeyouin2022.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …