കീഴുദ്യോഗസ്ഥനെ സഹായിക്കാനും സംരക്ഷിക്കാനും കഴിയാത്ത താങ്കള്‍ എന്തിനാണ് ഈ പണിക്ക് ഇറങ്ങിയിരിക്കുന്നത്; എംഎല്‍എയുടെ ആളുകള്‍ എന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥനോട് തട്ടി കയറിയ യുവാക്കളെ സംരക്ഷിക്കാന്‍ ശ്രമിച്ച കോന്നി പൊലീസ് ഇന്‍സ്പെക്ടര്‍ അര്‍ഷദിനെ നിര്‍ത്തിപ്പൊരിച്ച് പത്തനംതിട്ട എസ്പി കൂടത്തായി സൈമണ്‍

16 second read

പത്തനംതിട്ട: ലോക്ഡൗണിനോട് അനുബന്ധിച്ചുള്ള പൊലീസുകാരന്റെ ജോലി തടസപ്പെടുത്തിയ യുവാക്കള്‍ക്കെതിരേ നിസാര വകുപ്പിട്ട് കേസ് എടുത്ത കോന്നി പൊലീസ് ഇന്‍സ്പെക്ടര്‍ അര്‍ഷദിനെ ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ നിര്‍ത്തിപ്പൊരിച്ചു. ജില്ലയിലെ മുഴുവന്‍ ഇന്‍സ്പെക്ടര്‍മാരും കേള്‍ക്കേ വയര്‍ലസ് സെറ്റിലൂടെയായിരുന്നു എസ്പിയുടെ താക്കീത്. ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെയും സത്യവാങ്മൂലം കാണിക്കാതെയും വന്ന രണ്ടു യുവാക്കളെ ഇന്നലെ വൈകിട്ട് കോന്നി പൊലീസ് സ്റ്റേഷനിലെ കൃഷ്ണകുമാര്‍ എന്ന പൊലീസുകാരന്‍ തടഞ്ഞിരുന്നു. തങ്ങള്‍ കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ ആളുകളാണെന്നും സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയതാണെന്നും തങ്ങളെ തടയാന്‍ താനാര് എന്നുമായിരുന്നു യുവാക്കളുടെ ചോദ്യം. എംഎല്‍എ പറഞ്ഞിട്ടാണ് തങ്ങള്‍ പോകുന്നതെന്നും ഇവര്‍ പറഞ്ഞു. ആരു പറഞ്ഞിട്ടായാലും ഹെല്‍മറ്റ് വച്ച് പൊയ്ക്കൂടേ എന്നും ലോക്ഡൗണ്‍ ആയതിനാല്‍ സത്യവാങ് മൂലം കാണിക്കണ്ടേ എന്നും പൊലീസുകാരന്‍ ചോദിച്ചു. അതിന് ശേഷം ഇവരെ പോകാന്‍ അനുവദിച്ചു. അല്‍പസമയം കഴിഞ്ഞ തിരിച്ചു വന്ന ഇവരില്‍ എബിന്‍ ബേബി എന്നയാള്‍ രണ്ടു മൂന്നു തവണ അവിടെ റൗണ്ട് അടിച്ചു. പിന്നെ ബൈക്ക് സ്റ്റാന്‍ഡില്‍ വച്ചിട്ട് വിശ്രമപ്പനതലില്‍ ഇരുന്ന കൃഷ്ണകുമാറിനോട് തട്ടിക്കയറുകയായിരുന്നു. എടാ, പോടാ എന്നാണ് പൊലീസുകാരനെ ഇയാള്‍ അഭിസംബോധന ചെയ്തത്. എംഎല്‍എ പറഞ്ഞിട്ടാണ്് തങ്ങള്‍ പൊതിച്ചോറുമായി പോയതെന്നും തടയാന്‍ നീയാരാ എന്നുമായിരുന്നു ചോദ്യം.

കോന്നിയിലെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം. നീയൊക്കെ നിന്റെ പണി ചെയ്യൂ എന്നും ആക്രോശിച്ചാണ് എബിന്‍ മടങ്ങിയത്. സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അപമാനിതനായ പൊലീസുകാരന്‍ അവരുടെ കൂടി നിര്‍ദേശ പ്രകാരം പോലീസ് ഇന്‍സ്പെക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തന്റെ ഡ്യൂട്ടി തടസപ്പെടുത്തി, അസഭ്യം വിളിച്ചു എന്നതടക്കം ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുക്കണം എന്നു കാണിച്ചായിരുന്നു റിപ്പോര്‍ട്ട്. വണ്ടി നമ്പരും പരാമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് കിട്ടിയ ഇന്‍സ്പെക്ടര്‍ ആദ്യം ഈ വിവരം എംഎല്‍എയെ അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പിയെ വിളിച്ച് എന്തു ചെയ്യണമെന്ന് ചോദിച്ചു. എസ്പിയോട് ചോദിക്കൂവെന്ന് പറഞ്ഞ് അദ്ദേഹം തലയൂരി.

ഇന്‍സ്പെക്ടര്‍ പിന്നീട എസ്പിയെ നേരിട്ടു വിളിച്ചു. പരാതിയുടെ കാര്യം ലഘൂകരിച്ച് പറഞ്ഞു. എന്താണ് ചെയ്യേണ്ടത് എന്ന അഭിപ്രായവും ആരാഞ്ഞു. താന്‍ തന്റെ പണി എന്താണെന്നു വച്ചാല്‍ ചെയ്യുക എന്നായിരുന്നു എസ്പിയുടെ നിര്‍ദേശം. ഇന്‍സ്പെക്ടര്‍ ഉടന്‍ തന്നെ പ്രതിയെ വിളിച്ചു വരുത്തി മൊഴി എടുത്ത് നിസാര വകുപ്പിട്ട് കേസ് എടുക്കുകയായിരുന്നു. എന്നാല്‍, ഇതിന് പൊലീസുകാരന്‍ വഴങ്ങിയില്ല. ഒടുവില്‍ കെയു ജനീഷ്‌കുമാര്‍ എംഎല്‍എ നേരിട്ട് പൊലീസുകാരുടെ സമീപം എത്തി. അയാള്‍ ചെയ്ത തെറ്റിന് എംഎല്‍എ മാപ്പു ചോദിച്ചു. ഈയവസരത്തില്‍ കേസുമായി മുന്നോട്ടു പോയാല്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്നെ ബാധിക്കുമെന്ന് കണ്ടാണ് ക്ഷമ ചോദിക്കുന്നത് എന്നും എംഎല്‍എ പറഞ്ഞു. താന്‍ ആകെ അഞ്ചു പേരെ മാത്രമാണ് പൊതിച്ചോറും മറ്റു സേവനങ്ങളും നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പൊലീസുകാരോട് പറഞ്ഞു.

അവര്‍ക്ക് തിരിച്ചറിയല്‍ രേഖയും നല്‍കിയിട്ടുണ്ട്. അവര്‍ അല്ലാതെ ആര് തന്റെ പേര് പറഞ്ഞാലും കടത്തി വിടേണ്ടെന്ന് പൊലീസുകാര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി. കുറഞ്ഞത് 20 പേരെങ്കിലും എംഎല്‍എയുടെ പേര് പറഞ്ഞ് കറങ്ങാന്‍ ഇറങ്ങുന്നുണ്ടെന്ന് പൊലീസുകാര്‍ അറിയിച്ചു. എംഎല്‍എയുടെ ക്ഷമാപണത്തിന് മുന്നില്‍ പൊലീസുകാര്‍ ഒത്തു തീര്‍പ്പിന് തയാറായി. ഇന്‍സ്പെക്ടര്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പ് മാത്രം ഇട്ട് എടുത്ത കേസ് നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ വിവരം സ്പെഷല്‍ ബ്രാഞ്ച് മുഖേനെ മനസിലാക്കിയ എസ്പി കൂടത്തായി സൈമണ്‍ ഇന്ന് രാവിലെ വയര്‍ലസിലൂടെയാണ് കോന്നി ഇന്‍സ്പെക്ടറെ കുടഞ്ഞത്. സ്വന്തം കീഴുദ്യോഗസ്ഥനെ സഹായിക്കാനും സംരക്ഷിക്കാനും കഴിയാത്ത താങ്കള്‍ എന്തിനാണ് ഈ പണിക്ക് ഇറങ്ങിയിരിക്കുന്നത് എന്നായിരുന്നു എസ്പിയുടെ ചോദ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മള്‍ രാഷ്ട്രീയമോ മറ്റ് സമ്മര്‍ദങ്ങളോ അല്ല നോക്കേണ്ടത്.

പൊതുജനങ്ങളുടെയും അവരെ സംരക്ഷിക്കാന്‍ നില്‍ക്കുന്ന പൊലീസുകാരുടെയും സുരക്ഷയാണ്. എന്തിന്റെ പേരില്‍ ആയാലും ആരും പൊലീസുകാരുടെ മേല്‍ കുതിര കയറാന്‍ അനുവദിക്കരുതെന്ന വ്യക്തമായ സന്ദേശം എസ്പി നല്‍കി. ഒരു പൊലീസുകാരന്റെ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ എന്തു ചെയ്യണമെന്ന് ചോദിക്കുന്നതിന് പകരം കേസെടുത്തിട്ട് വിളിക്കുകയായിരുന്നു വേണ്ടതെന്നും എസ്പി ഓര്‍മിപ്പിച്ചു. എസ്പിയുടെ വാക്കുകള്‍ ഡ്യൂട്ടിയിലുള്ള മറ്റു പൊലീസുകാര്‍ക്കും ഊര്‍ജമാവുകയായിരുന്നു. കോന്നി ഇന്‍സ്പെക്ടറെ പൊലീസിന്റെ ചുമതലകളും കര്‍ത്തവ്യവൂം പഠിപ്പിച്ച ശേഷമാണ് എസ്പി ഫയറിങ് അവസാനിപ്പിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വിടുപണി ചെയ്യേണ്ട സാഹചര്യം ഇപ്പോള്‍ പൊലീസിന് ഇല്ലെന്ന വ്യക്തമായ സന്ദേശം കൂടിയാണ് എസ്പി നല്‍കിയത്.
ഇന്നലത്തെ സംഭവത്തോടെ ഇന്ന് കോന്നിയില്‍ എംഎല്‍എയുടെ ആള്‍ക്കാരെ ഒന്നും കാണാനില്ലെന്ന് പൊലീസുകാര്‍ പറയുന്നു. ഒരാള്‍ പോലും എം,എല്‍എയുടെ ആളായി ഇന്ന് ഇതു വരെ എത്തിയിട്ടില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…