ബഹുമാനപ്പെട്ട ജില്ലാ കലക്ടര്‍ ഇതാണോ സോഷ്യല്‍ ഡിസ്റ്റന്‍സിങ്: എംപിയുടെ പദ്ധതി പത്തനംതിട്ട ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങുന്നതിന് ചുറ്റുമുള്ളത് ഒരു ജാഥയ്ക്കുള്ള ആളുകള്‍: മാതൃക കാണിക്കേണ്ട നിങ്ങള്‍ ഈ അവസരത്തില്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോയെന്ന് സോഷ്യല്‍ മീഡിയയുടെ ചോദ്യം: കലക്ടറുടെ സന്ദര്‍ശന സ്ഥലത്തു പോലും ആള്‍ക്കൂട്ടം: മുഖ്യമന്ത്രി പോലും പത്രസമ്മേളനം ഇരുമ്പു മറയ്ക്കുള്ളിലാക്കിയിട്ടും ഇനിയും നേരം വെളുക്കാതെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും: കോവിഡ് പ്രതിരോധവും ആഘോഷമാക്കി പബ്ലിസിറ്റിക്കുള്ള ശ്രമം

16 second read

ന്യൂസ് ബ്യൂറോ

പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിന് ഏറ്റവും മികച്ച മാര്‍ഗം സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആണെന്ന് പറയുന്നവര്‍ തന്നെ അതിനുള്ള മാതൃക കാട്ടാത്തതിന് എതിരേ സോഷ്യല്‍ മീഡിയ. ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചു കൊണ്ട് സ്വന്തം പ്രതിഛായ വര്‍ധിപ്പിച്ച്, നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് നാടെങ്ങും. ഇവര്‍ക്കെതിരേ സോഷ്യല്‍ മീഡിയ തന്നെ രംഗത്തു വന്നു. രണ്ടാം ഘട്ട കോവിഡ് ആദ്യം സ്ഥിരീകരിച്ച ജില്ലയാണ് പത്തനംതിട്ട. അതു കൊണ്ടു തന്നെ ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്നതും പത്തനംതിട്ടയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിങും വീട്ടിലിരുപ്പുമാണ് ഇതിന് ഏറ്റവും നല്ലത് എന്ന് കൂടെക്കൂടെ പറയുന്ന ആളാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹ്. എന്നാല്‍ താന്‍ പറയുന്ന കാര്യങ്ങള്‍ പാലിച്ച് മാതൃക കാട്ടാന്‍ അദ്ദേഹം തയാറാകുന്നില്ല എന്നതാണ് ഏറെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുത. കോവിഡ് പ്രതിരോധത്തിനും മറ്റുമായി അവശ്യ സാധനങ്ങളുമായി നിരവധി പേര്‍ കലക്ടറേറ്റില്‍ സംഭാവന നല്‍കാന്‍ എത്തുന്നുണ്ട്. അവര്‍ അഞ്ചോ പത്തോ ആകട്ടെ, ഇവരെ എല്ലാം ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കാന്‍ കലക്ടര്‍ക്ക് ഒരു മടിയുമില്ല. കഴിഞ്ഞ ദിവസം ആന്റോ ആന്റണി എംപി, തന്റെ ഫണ്ടില്‍ നിന്ന് ഒന്നര കോടി രൂപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാന്‍ സന്നദ്ധത അറിയിച്ചു. ഇതിനായി ഒരു പദ്ധതിയും തയാറാക്കി കലക്ടര്‍ക്ക് നല്‍കി. പദ്ധതി കൈമാറാന്‍ അദ്ദേഹം കലക്ടറേറ്റിലെത്തി. പദ്ധതി ഏറ്റുവാങ്ങി സ്വന്തം ഫേസ് ബുക്ക് പേജില്‍ കലക്ടര്‍ അത് പടം സഹിതം പോസ്റ്റ് ചെയ്തു. ഈ ഫോട്ടോയില്‍ ഉണ്ടായിരുന്നത് എംപി, കലക്ടര്‍, ഡിഎംഓ എന്നിവരടക്കം 10 പേര്‍. പോസ്റ്റിന് ചുവട്ടില്‍ രൂക്ഷവിമര്‍ശനം ആണ് ഉയര്‍ന്നത്.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഇതില്‍ എവിടെ എന്നാണ് ചോദ്യം. സാദാ ജനമാണെങ്കിലും അധികൃതര്‍ ആണെങ്കിലും ഒരു മീറ്റര്‍ അകലം പാലിക്കേണ്ടേ? എവിടെ ഇതില്‍ ഒരു മീറ്റര്‍ അകലം. നിങ്ങള്‍ ഒക്കെ അല്ലേ സാര്‍ ഒരു മീറ്റര്‍ അകലം പാലിച്ച് മാതൃക കാണിക്കേണ്ടത്. ഇങ്ങനെ പോകുന്നു വിമര്‍ശനം. കോവിഡ് 19 സ്ഥിരീകരിച്ചതിന് ശേഷം പല തവണ കലക്ടര്‍ ദൃശ്യമാധ്യമങ്ങളെ കാണാറുണ്ട്. ചുറ്റും ഒരു ആള്‍ക്കൂട്ടവും. മുഖ്യമന്ത്രി പോലും പത്രസമ്മേളനം ഐസോലേഷനില്‍ ആക്കിയപ്പോഴാണ് ഒരു കലക്ടര്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് പത്രസമ്മേളനം നടത്തുന്നത്. പത്തനംതിട്ടയെ സബന്ധിച്ചിടത്തോളം ഇത് ഒറ്റപ്പെട്ട സംഭവം അല്ല. ഇന്നലെ കലക്ടറേറ്റില്‍ നടന്ന സൂം കോണ്‍ഫറന്‍സിങില്‍ മുട്ടിയുരുമ്മി ഇരിക്കുന്ന മന്ത്രി രാജു, കലക്ടര്‍, ആന്റോ ആന്റണി എംപി എന്നിവരെ കാണാം.

കഴിഞ്ഞ ദിവസം പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ മത മേലധികാരികളുടെ യോഗത്തിനുണ്ടായിരുന്നത് 200 പേരാണ്. ഇവര്‍ക്ക് കൈകഴുകാനുള്ള സംവിധാനം പോലും ഉണ്ടായിരുന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ വിമര്‍ശനം ഉന്നയിച്ചു. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നിടത്തും കലക്ടര്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്നു. പിആര്‍ഡി മീഡിയ സംഘവുമായിട്ടാണ് കറക്കം. ഇനി ജനപ്രതിനിധികളുടെ കാര്യം. ഇവരും ഇക്കാര്യത്തില്‍ ഒട്ടും വ്യത്യസ്തരല്ല. തങ്ങളുടെ മണ്ഡലങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ വേണ്ടി ഇവരും ചെറുതല്ലാത്ത ആള്‍ക്കൂട്ടം സൃഷ്ടിക്കുന്നു. കമ്യൂണിറ്റി കിച്ചന്റെ പേരിലാണ് ഇപ്പോഴുളള ആള്‍ക്കൂട്ടം. ഭക്ഷണം ഉണ്ടാക്കാന്‍ എത്തുന്നവര്‍ക്ക് പുറമേ സ്ഥലം സന്ദര്‍ശിക്കാന്‍ എംഎല്‍എമാരും ജനപ്രതിനിധികളും എത്തുന്നത് ആള്‍ക്കൂട്ടവുമായിട്ടാണ്.

സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനസംഘടനകളും സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം ഒരുക്കുന്നു. മാധ്യമശ്രദ്ധ നേടുക തന്നെയാണ് പലരുടെയും ലക്ഷ്യം. ഇതിനിടയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണമെന്നത് പലരും മറക്കുന്നു. ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന നാട്ടുകാരെ പൊലീസ് തല്ലി ഓടിക്കുമ്പോള്‍ സംഘമായി എത്തുന്ന ജനപ്രതിനിധികളെയും അണികളെയും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാര്‍ച്ച് 31 നകം ബജറ്റ് പാസാക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനായി നഗരസഭാ കൗണ്‍സിലുകളും പഞ്ചായത്തുകളും ചേരുന്നുണ്ട്. ഇതൊക്കെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്ന ആശയം തന്നെ അട്ടിമറിക്കുകയാണ്. ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം റൂട്ട് മാപ്പും വരച്ച് ഓടി നടക്കുന്നവര്‍ തന്നെയാണ് ഇത്തരം നിയമലംഘനം നടത്തുന്നത് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട വസ്തുത.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…