ദുബായ്: ഈന്തപ്പനകള്‍ക്കും തെങ്ങുകള്‍ക്കും ഭീഷണിയായ ചുവന്ന കൊമ്പന്‍ചെല്ലികളെ നശിപ്പിക്കാന്‍ വികസിപ്പിച്ച ഫെറോമോണ് കെണി വന്‍വിജയം. ചെല്ലികള്‍ എതിര്ലിംഗത്തില്പ്പെട്ടവയെ ആകര്‍ഷിക്കാന്‍ പുറപ്പെടുവിക്കുന്ന സ്രവത്തിന്റെ ഗന്ധമുള്ള രാസവസ്തു കൃത്രിമമായി ഉല്പാദിപ്പിച്ച് ഒരുക്കുന്നതാണ് ഫെറോമോണ് കെണി. അല്‍ ഐന്‍, അല്‍ ദഫ്ര, അബുദാബി എന്നിവിടങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച കെണി വിദ്യ ഇതര എമിറേറ്റുകളിലെ തോട്ടങ്ങളിലേക്കും വ്യാപിപ്പിക്കും. 22,666 തോട്ടങ്ങളില്‍ കെണി സ്ഥാപിച്ചിട്ടുണ്ട്. കായീച്ചകള്‍ക്കെതിരെ കേരളത്തില്‍ ഇത്തരം കെണികള്‍ ഉപയോഗിക്കുന്നുണ്ട്. അബുദാബി അഗ്രികള്‍ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നേതൃത്വത്തിലാണ് കെണി പദ്ധതി നടപ്പാക്കുന്നത്.